ഐ.എസ്.എല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ : 2 പേര്‍ അറസ്റ്റില്‍

#

കൊച്ചി (17-12-16) : ഐ.എസ്.എല്‍ ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റ രണ്ട് പേര്‍ അറസ്റ്റില്‍. കേരളാ ബ്ലാസ്റ്റേഴ്‌സ്-കൊല്‍ക്കത്ത ടീമിന്റെ ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റിനായി ആരാധകര്‍ പരക്കം പായുമ്പോഴാണ് പത്തിരട്ടിയിലധികം തുകയ്ക്ക് ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്ക് വന്നത്. വ്യാജസൈറ്റിലൂടെ ടിക്കറ്റ് വില്‍പ്പന നടത്തിയ രണ്ട് പേരെ പാലാരിവട്ടം പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ടിക്കറ്റിന്റെ ഒഫീഷ്യന്‍ ഓണ്‍ലൈന്‍ വില്‍പ്പനയും ബുക്ക് മൈ ഷോ വഴിയുള്ള വില്‍പ്പനയും കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന വേഗം അവസാനിപ്പിച്ചതും ടിക്കറ്റിന്റെ ദൗര്‍ലഭ്യവും ആരാധകരുടെ വന്‍ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കിയിരുന്നു. ആ സാഹചര്യത്തിലാണ് കരിഞ്ചന്തയില്‍ വന്‍ തുകയ്ക്ക് ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്.