മേൽജാതിക്കാർക്ക് മുന്നിൽ മീശ പിരിച്ചു : ഗുജറാത്തിൽ ദളിത് യുവാവിനും കുടുംബത്തിനും മർദ്ദനം

#

അഹമ്മദാബാദ് (17.12.2016) : ഉയർന്ന ജാതിക്കാർക്ക് മുന്നിൽ വെച്ച് മീശ പിരിച്ചു എന്നാരോപിച്ച് ഗുജറാത്തിൽ ദളിത് യുവാവിനും കുടുംബത്തിനും ക്രൂര മർദ്ദനം. മെഹ്സാന ജില്ലയിലെ മേമദ്പൂർ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു ചായക്കടയ്ക്ക് മുന്നിൽ വെച്ച് തന്റെ മീശ പിരിച്ച മഹേഷ് പർമാർ എന്ന 24 കാരനാണ് ദർബാർ വിഭാഗത്തിൽ പെട്ടവരുടെ മർദ്ദനമേറ്റത്. അടുത്ത ദിവസം ഇയാളുടെ വീട് ആക്രമിക്കുകയും കുടുംബാംഗങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ 72 വയസ്സുള്ള ഇവരുടെ മുത്തശ്ശിയുടെ കാലൊടിഞ്ഞു. മഹേഷും മുത്തശിയും ഇപ്പോൾ മെഹ്സാന ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

തന്റെ സഹോദരന് മീശ പിരിക്കുന്ന സ്വഭാവമുണ്ടെന്നും ചായക്കടയ്ക്ക് മുന്നിൽ ദർബാർ വിഭാഗത്തിൽ പെട്ടവരുടെ മുന്നിൽ വെച്ച് മീശ പിരിച്ച അയാളെ അവർ ആക്രമിക്കുകയായിരുന്നുവെന്നും മഹേഷിന്റെ സഹോദരൻ നരേഷ് പറഞ്ഞു. മീശ പിരിച്ചതിൽ പ്രകോപിതരായ മേൽ ജാതിക്കാർ മഹേഷിനോട് ജാതി ചോദിക്കുകയും ദളിത് ആണെന്ന് മനസിലായപ്പോൾ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. അതിന് ശേഷം പ്രശ്‍നം ഒത്തു തീർപ്പാക്കി മഹേഷ് വീട്ടിലേക്ക് പോയി. തൊട്ടടുത്ത ദിവസം ദർബാർ സമുദായത്തിൽ പെട്ട നാല് പേർ വീട്ടിലെത്തുകയും ജാതിപ്പേര് പറഞ്ഞു അധിക്ഷേപിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത നരേഷിനെയും കുടുംബത്തെയും അവർ മർദ്ദിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. താൻ നിരവധി തവണ പറഞ്ഞിട്ടും മീശ പിരിച്ച സംഭവം പോലീസ് രേഖപ്പെടുത്തിയില്ലെന്ന് നരേഷ് ആരോപിച്ചു.