സിനിമകൾ നിരോധിക്കാനുള്ള മറയല്ല സെൻസർഷിപ്പ് : ഹൈക്കോടതി

#

കൊച്ചി (19-12-16) : കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ സിനിമയോ മറ്റു കലാസൃഷ്ടികളോ നിരോധിക്കാനുള്ള മറയായി സെൻസർഷിപ്പിനെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. കാബോഡിസ്‌കേപ് എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്തതിനെ ചോദ്യം ചെയ്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. നിയമപരമായ എല്ലാ വ്യവസ്ഥകളും നിബന്ധനകളും അനുസരിച്ചാണ് ഒരു സിനിമ ഒരുക്കിയിരിക്കുന്നതെന്ന് തങ്ങളുടെ ചട്ടക്കൂട്ടില്‍ നിന്നു കൊണ്ടു പരിശോധിച്ച് ഉറപ്പുവരുത്തകയെന്ന കടമയാണ് സെന്‍സര്‍ ബോര്‍ഡിനുള്ളത്. അല്ലാതെ ശരിയായ രീതിയിലുള്ള ഒരു നടപടിക്രമവും പാലിക്കാതെ ചിത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയല്ല സെന്‍സര്‍ ബോര്‍ഡിന്റെ കടമയെന്ന് കോടതി നിരീക്ഷിച്ചു. അശ്ലീലമായതും എതിര്‍ക്കപ്പെടേണ്ടതുമായ ഉള്ളടക്കം ഉണ്ടെന്നും ഇത് പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാനാവില്ലെന്നും പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് കാബോഡിസ്‌കേപ്പിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. സെന്‍സര്‍ഷിപ്പ് എന്നാല്‍ ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിക്കലല്ലെന്നും സാധ്യമെങ്കില്‍ ചിത്രങ്ങളില്‍ ഒഴിവാക്കപ്പേടേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കി ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുകയാണ് ചെയ്യേണ്ടതെന്നും ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.