വിദേശ നിക്ഷേപങ്ങളുടെ വിവരങ്ങൾ പരസ്യമാക്കുന്ന കരാറിൽ ഗൾഫ് രാജ്യങ്ങളും

#

അബുദാബി (19.12.2016) : ഗൾഫ് രാജ്യങ്ങൾ, വിദേശികളായ താമസക്കാരുടെയും കമ്പനികളുടെയും സാമ്പത്തിക വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ ആദ്യഘട്ടത്തിലേക്ക്. ഇത് പ്രകാരം, യുഎഇ , സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങൾ 2017 ജനുവരി ഒന്ന് മുതൽ ഇവിടങ്ങളിലെ ഒരു ദശലക്ഷം അമേരിക്കൻ ഡോളറിനു മുകളിൽ ധനസമ്പാദ്യമുള്ള വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും നികുതി ഉൾപ്പെടെയുള്ള സാമ്പത്തിക വിവരങ്ങൾ ബാങ്കുകൾ വഴി ശേഖരിച്ചു തുടങ്ങും. ഇങ്ങനെ ശേഖരിച്ച വിവരങ്ങൾ 2018 ജനുവരിയോടെ ഇന്ത്യ ഉൾപ്പെടെ ഉടമ്പടിയിലേർപ്പെട്ടിട്ടുള്ള മറ്റു രാജ്യങ്ങളുമായി കൈമാറ്റം ചെയ്യുമെന്നതാണ് കരാർ. ഇതോടെ ഗൾഫ് മേഖലയിലെ എൻ.ആർ.ഐ വമ്പൻമാരുടെ നിക്ഷേപ വിവരങ്ങൾ ഇന്ത്യൻ നികുതി വകുപ്പിന് ലഭിക്കുമെന്നാണ് കരുതുന്നത്.

കരാർ പ്രകാരം 56 രാജ്യങ്ങൾ നിക്ഷേപ വിവരങ്ങൾ ഇന്ത്യയുമായി കൈമാറ്റം ചെയ്യും. 2017 ജനുവരി 1 മുതൽ വിവരങ്ങൾ ശേഖരിക്കുമെങ്കിലും 2018 ജനുവരി 1 മുതൽ മാത്രമേ യു.എ.ഇ , വിവരങ്ങൾ കൈമാറുകയുള്ളൂ. നികുതി വെട്ടിപ്പിനും രാജ്യാന്തരതലത്തിലെ കള്ളപ്പണം വെളുപ്പിക്കലിനും വിരാമമിടുക എന്നതാണ് ഈ അന്താരാഷ്ട്ര വിവര കൈമാറ്റ ഉടമ്പടിയുടെ ഉദ്ദേശ്യമായി പറയുന്നത്. തുടക്കത്തിൽ ഒരു ദശലക്ഷം അമേരിക്കൻ ഡോളറിനു മുകളിലുള്ള ധനസമ്പാദ്യം എന്നാണ് പറയുന്നതെങ്കിലും ക്രമേണ അതിൽ കുറഞ്ഞ സമ്പാദ്യങ്ങളുടെയും വിവരം കൈമാറേണ്ടിവരുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

യു.എ.ഇ യിൽ 60000 ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യവസായികൾ പലരും യു.എ.ഇ യിലാണുള്ളത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ 22 നിലകൾ ഒരു ഇന്ത്യൻ വ്യവസായിയുടെ സ്വന്തമാണ്. സ്വന്തം വാഹനങ്ങളിൽ ഫാൻസി നമ്പരുകൾ ലഭിക്കാൻ വേണ്ടി ലക്ഷക്കണക്കിന് ഡോളർ മുടക്കുന്ന നിരവധി ഇന്ത്യൻ വ്യവസായികളുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ ഏറ്റവും അധികം അവസരങ്ങളുള്ള രാജ്യം എന്ന നിലയിലാണ് പലരും യു.എ.ഇ യിലേക്ക് വരുന്നത്.

ബിസിനസ് നടത്താനല്ലാതെ, നികുതി വെട്ടിക്കാൻ വേണ്ടി മാത്രമായി വിദേശത്ത് നിക്ഷേപങ്ങൾ നടത്തുന്ന വലിയൊരു വിഭാഗത്തെ കണ്ടെത്താനും നികുതി വലയിലാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് കരാർ എന്നാണ് അവകാശവാദമെങ്കിലും ഇന്ത്യ പോലെ ഒരു രാജ്യത്ത്, ശേഖരിക്കുന്ന വിവരങ്ങളുപയോഗിച്ച് വൻ കള്ളപ്പണക്കാരുമായി അധികൃതർ ഇടപാടുകൾ നടത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഉന്നത രാഷ്ട്രീയ നേതാക്കളും അവരുമായി അടുത്ത ബന്ധമുള്ളവരുമാണ് കള്ളപ്പണ നിക്ഷേപകരിൽ ബഹുഭൂരിപക്ഷം.