നാളെ മുതൽ സിഡിഎമ്മുകളിൽ പണം നിക്ഷേപിക്കാനാവില്ല

#

ന്യൂഡൽഹി(19.12.2016) : പണം നിക്ഷേപിക്കാനുള്ള കാഷ് ഡിപ്പോസിറ്റ് മെഷീനുകൾ വഴി നാളെ മുതൽ പണം നിക്ഷേപിക്കാനാവില്ല. റിസർവ്വ് ബാങ്ക് ഇത് സംബന്ധിച്ച നിർദ്ദേശം ബാങ്കുകൾക്ക് നൽകി. നിർദ്ദേശത്തെ തുടർന്ന് ഇന്ന് വൈകുന്നേരം മുതൽ എസ്.ബി.ഐ സി.ഡി.എമ്മുകളുടെ പ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണ്. ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മെഷീനുകൾ വഴി പണം നിക്ഷേപിക്കുന്നതും തടഞ്ഞിരിക്കുന്നത്. അസാധു നോട്ടുകൾ ഡിസംബർ 30 വരെ മാറ്റിയെടുക്കാമെന്ന് ആദ്യം സർക്കാർ പറഞ്ഞിരുന്നെങ്കിലും പലപ്പോഴായി പല നിയന്ത്രണങ്ങളാണ് ഇതിൽ കൊണ്ട് വന്നത്. 5000 രൂപയ്ക്ക് മുകളിലുള്ള തുക ഒരു തവണ മാത്രമേ നിക്ഷേപിക്കാനാവൂ എന്ന നിബന്ധനയാണ് ഇപ്പോൾ കൊണ്ട് വന്നിരിക്കുന്നത്. പണം നിക്ഷേപിക്കാൻ വൈകിയതിനുള്ള കാരണവും കാണിക്കേണ്ടി വരും. കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിച്ച അക്കൗണ്ടുകളില്‍ മാത്രമേ ഇത്തരത്തില്‍ പണം ഇടാനാകൂവെന്നും സംശയമുണ്ടെങ്കില്‍ ബാങ്ക് ജീവനക്കാര്‍ക്ക് നിക്ഷേപകരെ ചോദ്യം ചെയ്യാമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.