ദളിതർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ അധികൃതർക്ക് താല്പര്യമില്ല : സുപ്രീം കോടതി

#

ന്യൂഡൽഹി (20-12-16 ) : ദളിത് വിഭാഗങ്ങൾക് നേരെയുള്ള അതിക്രമങ്ങൾ അവിരാമം തുടരുന്നത് നിയമം നടപ്പിലാക്കുന്നതിൽ സംഭവിക്കുന്ന വീഴ്ച്ച കൊണ്ടാണെന്ന് സുപ്രീം കോടതി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമം തടയൽ നിയമം നടപ്പിലാക്കുന്നതിൽ അധികൃതർക്കുള്ള താൽപ്പര്യമില്ലായ്മയാണ് ഇതിന് കാരണമെന്ന് കോടതി നിരീക്ഷിച്ചു. നിയമം കർശനമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് കോടതി ആവശ്യപ്പെട്ടു. ദളിത് ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപെടുമ്പോൾ മാത്രമേ എല്ലാവർക്കും തുല്യതയെന്ന ഭരണഘടന ലക്ഷ്യം നേടാൻ കഴിയുകയുള്ളൂവെന്നും സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

ദളിത് വിഭാഗങ്ങൾക്ക് നേരെയുള്ള വർദ്ദിച്ച് വരുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയും അതിനെ തടയാനുള്ള നിയമങ്ങൾ അപര്യാപ്തമാണെന്ന് കാണിച്ചും നാഷണൽ ക്യാമ്പയിൻ ഓൺ ദളിത് ഹ്യൂമൻ റൈറ്റ്സ് എന്ന സന്നദ്ധസംഘടന നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ദളിതർക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കുക, ശരിയായ വകുപ്പുകൾ പ്രകാരം കേസെടുക്കാതിരിക്കുക, ചാർജ്ജ് ഷീറ്റ് വൈകിപ്പിക്കുക, പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുക, കൊടും കുറ്റവാളികളെ പോലും ജാമ്യം നൽകി വിട്ടയക്കുക, ദളിതർക്കെതിരെ കള്ളക്കേസുകൾ എടുക്കുക തുടങ്ങി അനവധി പ്രശ്നങ്ങൾ സംഘടന ഹർജ്ജിയിൽ ചൂണ്ടിക്കാട്ടി.

അധികൃതരുടെ താൽപ്പര്യമില്ലായ്മ ഈ നിയമത്തിന്റെ ഉന്നതമായ ഉദ്ദേശലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നതാണെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ദളിത് വിഭാഗത്തിൽ പെട്ടവർക്ക് സൗജന്യ നിയമസഹായം നൽകുന്നതിനും, പട്ടികജാതി പട്ടികവർഗ്ഗ (അതിക്രമം തടയൽ ) നിയമം സംബന്ധിച്ച ബോധവൽക്കരണം നടത്തുന്നതിനുള്ള പദ്ധതികൾ തയാറാക്കാൻ നാഷണൽ ലീഗൽ സർവ്വീസ് അതോറിറ്റിയോടും കോടതി നിർദ്ദേശിച്ചു.