സിനിമ പ്രതിസന്ധി : ഒത്തുതീര്‍പ്പ് ചര്‍ച്ച അലസിപ്പിരിഞ്ഞു

#

പാലക്കാട് (20-12-16) : സിനിമ പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞു. തിയറ്റര്‍ വിഹിതം അന്‍പത് ശതമാനമാക്കി ഉയര്‍ത്തണമെന്ന തീരുമാനത്തില്‍ തിയറ്റര്‍ ഉടമകള്‍ ഉറച്ചു നിന്നതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം.  നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍, തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, വിതരണക്കാരുടെ സംഘടന ഡിസ്ട്രിബ്യുട്ടേഴ്‌സ് ഫെഡറേഷന്‍ എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ക്രിസ്മസ് റിലീസ് മുടക്കിയുള്ള സമരം ഒഴിവാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ വിഹിതം സംബന്ധിച്ച് വിട്ടുവീഴ്ചയ്ക്കില്ലെന്ന് തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു.

സിനിമ മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജുഡീഷ്യല്‍ സ്വഭാവമുള്ള കമ്മീഷനെ നിയമിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. സര്‍ക്കാരിനെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കാതെയുള്ള ഒരു പരിഹാരം കാണണമെന്നും അതിനായി എല്ലാവരുടെയും സഹകരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേ സമയം ചര്‍ച്ച അലസിപ്പിരിഞ്ഞ സാഹചര്യത്തില്‍ ക്രിസ്മസിന് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് സംബന്ധിച്ച അനിശ്ചിതാവസ്ഥ നീണ്ടിരിക്കുകയാണ്.