മുഖ്യമന്ത്രിയാകാനുള്ള പ്രലോഭനം ശശികല അടക്കണം

#

(21-12-16) : തന്റെ പിന്‍ഗാമി ആരാകും എന്നതിനെക്കുറിച്ച് ജയലളിത ഒരു സൂചനയും നല്‍കാതിരുന്നതിനാല്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശശികല വന്നതില്‍ ഒട്ടും അസ്വാഭാവികതയില്ല. ജയലളിതയുമായി ശശികലയോളം അടുത്ത് ഇടപഴകിയ ആരെയും പാര്‍ട്ടി കണ്ടിട്ടില്ലാത്തതിനാല്‍ ശശികല ജയലളിതയുടെ സ്വാഭാവിക പിന്‍ഗാമിയായി കരുതപ്പെട്ടു.

ലളിതമാണ് യുക്തി. 'അമ്മ' ഇല്ലെങ്കില്‍ പിന്നെ, 'ചിന്നമ്മ'. രാഷ്ട്രീയമായ സാദ്ധ്യതയുമുണ്ട് അതിന്. കുറച്ചുകാലമായി പാര്‍ട്ടിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും ഇടപെടുന്നതും 'ചിന്നമ്മ'യാണെന്നാണ് വിവരം. ജയയുടെ മുന്നില്‍ കുനിഞ്ഞ് നിന്ന് ഉത്തരവുകള്‍ അനുസരിക്കാന്‍ മാത്രം ശീലിക്കപ്പെട്ട മറ്റു നേതാക്കള്‍ക്ക് നേതൃമോഹം വെച്ചു പുലര്‍ത്താന്‍ കഴിയുമായിരുന്നില്ല.

പക്ഷേ, ശശികലയ്ക്കുവേണ്ടി മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ മുറവിളി കൂട്ടുന്ന പുതിയ സാഹചര്യത്തില്‍ വലിയ അപകടം പതിയിരിപ്പുണ്ട്. പാര്‍ട്ടിയുടെ നിലനില്‍പ്പിനു പോലും അപകടത്തിലാകാം. ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറി മാത്രാമല്ല, മുഖ്യമന്ത്രിയുമാകണമെന്നാണ് ചില നേതാക്കളുടെ ആവശ്യം. ജയലളിതയുടെ പിന്തുടര്‍ച്ച പാര്‍ട്ടിയുടെ ഉന്നത പദവിയില്‍ മാത്രമൊതുങ്ങാതെ ഭരണനേതൃത്വത്തിലേക്കും കൂടി വ്യാപിക്കണമെന്നാണ് അവര്‍ വാദിക്കുന്നത്.

മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് സംസ്ഥാന റവന്യൂമന്ത്രി ആര്‍.ബി ഉദയകുമാര്‍ ശശികലയോട് പരസ്യമായി ആവശ്യപ്പെടുകയുണ്ടായി. മറ്റു ചിലരുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. ജയലളിതയുടെ പേരിലുള്ള ഒരു പാര്‍ട്ടി പോഷകസംഘടനയുടെ നേതാവ് കൂടിയായ ഉദകുമാര്‍ പറയുന്നത് സംഘടനയുടെ 50 ജില്ലാ സെക്രട്ടറിമാരുടെയും പിന്തുണ തന്റെ നിര്‍ദ്ദേശത്തിനുണ്ടെന്നാണ്. എ.ഐ.എ.ഡി.എം.കെയുടെ ജില്ലാ ഘടകങ്ങളില്‍ നിന്നും മറ്റു പോഷക സംഘടനകളില്‍ നിന്നും പ്രമേയങ്ങളുടെ രൂപത്തില്‍ അത്തരം അഭ്യര്‍ത്ഥനകള്‍ വരുന്നുണ്ട്. എല്ലാ പ്രമേയങ്ങളും സ്വീകരിച്ചെങ്കിലും അതേക്കുറിച്ച് ഒന്നും പറയാന്‍ ശശികല ഇതുവരെ തയ്യാറായിട്ടില്ല.

ജയ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ള ഏക വ്യക്തിയായ മുഖ്യമന്ത്രി പനീര്‍ശെല്‍വം ഡല്‍ഹിയില്‍ പോയിരിക്കുന്ന സമയത്ത് ശശികല മുഖ്യമന്ത്രിയാകണമെന്നുമുള്ള ആവശ്യം ഉയരുന്നു എന്നത് കൗതുകകരമാണ്. ജയലളിതയ്ക്ക് മരണാനന്തര ദേശീയ ബഹുമതി നല്‍കണമെന്നും വര്‍ദ്ദ ചുഴലിക്കാറ്റു മൂലമുണ്ടായ നാശ നഷ്ടങ്ങള്‍ പരിഹരിക്കാനാവശ്യമായ സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യപ്പെടാനാണ് പനീര്‍ശെല്‍വം ഡല്‍ഹിയില്‍ പോയിരിക്കുന്നത്.

രാജ്യത്ത് സാമ്പത്തികശേഷിയില്‍ 2-ാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. നേരിട്ടുള്ള വിദേശനിക്ഷേപം ഏറ്റവും അധികം ആകര്‍ഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നും നിരവധി രാജ്യങ്ങളുടെ പ്രതിനിധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനവുമാണ്. അങ്ങനെയുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കുക നിസ്സാരമായ കാര്യമല്ല. ദര്‍ശനവും ഭരണതന്ത്രജ്ഞതയും പലതരം ചുമതലകള്‍ ഒരേസമയം നിറവേറ്റാനുള്ള സാമര്‍ത്ഥ്യവും ഔദ്യോഗിക ഇടപെടലുകള്‍ക്കുള്ള മിടുക്കും എല്ലാം അതിന് ആവശ്യമാണ്. ഇനി ഈ കഴിവുകളെല്ലാമുള്ള ഒരാളാണെങ്കിലും ജനങ്ങളുടെ അംഗീകാരം നേടേണ്ടതുണ്ട്. പാര്‍ട്ടി നേതാക്കളുടെ അംഗീകാരം മതിയാവില്ല. ശശികലയ്ക്ക് നികത്താനുള്ളത്, രാജ്യത്ത് ഉന്നത നേതാക്കളിലൊരാളായി പരിഗണിക്കപ്പെട്ടിരുന്ന ജയലളിതയുടെ വിടവാണ്. ഒരാളോടും ആലോചിക്കാതെ തീരുമാനങ്ങളടുക്കാനും താനുദ്ദേശിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നടത്തിയെടുക്കാനുമുള്ള അറിവും കഴിവും വ്യക്തിത്വവുമുള്ളയാളായിരുന്നു ജയലളിത. ശശികല മുഖ്യമന്ത്രിയാവുകയാണെങ്കില്‍, സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും, ജയയെ അളക്കാനുപയോഗിച്ച മനാദണ്ഡങ്ങള്‍ അനുസരിച്ചുള്ള വിലയിരുത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ ശശികലയ്ക്ക് കഴിയില്ല. തന്നെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്ന ഒരു നിയോജകമണ്ഡലം സ്വന്തമായി ഉള്ളതുകൊണ്ടും മുഖ്യമന്ത്രിസ്ഥാനം ചോദിച്ചു വാങ്ങിയതല്ലാത്തതുകൊണ്ടും പനീര്‍ശെല്‍വത്തിന്, ശശികലയ്ക്ക് നേരിടേണ്ടി വരുന്നത്ര വെല്ലുവിളി നേരിടേണ്ടി വരില്ല.

ഇപ്പോള്‍ കൈശമുള്ളതെല്ലാം നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കുമെന്നതിനാല്‍ ആ വെല്ലുവിളി ഏറ്റെടുക്കുന്നത് ശശികലയ്ക്ക് ഗുണകരമാവില്ല. ജയലളിതയുടെ പിന്തുടര്‍ച്ചാവകാശി എന്ന നിലയില്‍ ലഭിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദമെന്ന അമൂല്യമായ സമ്മാനം, അതിമോഹം മൂലമോ മറ്റുള്ളവരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങുക വഴിയോ, താറുമാറാക്കി കളയേണ്ടതല്ല. വംശവാഴ്ചാ രാഷട്രീയത്തില്‍ പോലും, വിജയം കൈവരിച്ചവര്‍ എല്ലാം തന്നെ, മായാവതി, നവീന്‍ പട്‌നായിക്, അഖിലേഷ് യാദവ് തുടങ്ങി എല്ലാവരും, രാഷ്ട്രീയവും ഭരണപരവുമായ കഴിവ് തെളിയിച്ചവരാണ്. ആ കഴിവുകളില്ലാത്തവര്‍ സ്വന്തം പാരമ്പര്യത്തെ നാമാവശേഷമാക്കിയതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്.

സംസ്ഥാനത്ത് തന്റെ പ്രച്ഛന്ന ഭരണം തുടരാന്‍ സഹായിക്കുമെന്നതിനാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം കൊണ്ട് ശശികല സന്തുഷ്ടയാകുകയാണ് വേണ്ടത്. ജയലളിതയുടെ പകരക്കാരി ആയിരിക്കും അവര്‍. മുഖ്യമന്ത്രിയും മന്ത്രിമാരും, എന്തിന് പ്രധാന ഉദ്യോഗസ്ഥര്‍ വരെ വിധേയരായതുകൊണ്ട് ശശികലയ്ക്ക് യഥാര്‍ത്ഥ അധികാരകേന്ദ്രമായി തുടരാം. അവര്‍ക്ക് അപ്പോഴും തിരശ്ശീലയ്ക്ക് പിന്നില്‍ തന്നെ കഴിയാം എന്നത് ഏറ്റവും വലിയ ബോണസുമാണ്.

ശശികലയ്ക്ക് യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിപദ മോഹമുണ്ടെങ്കില്‍, അവര്‍ ഈ കാലയളവില്‍ തനിക്ക് ചുറ്റും വളര്‍ന്നു വരുന്ന വിഗ്രഹ പൂജയെ ആകര്‍ഷകമായ പൊതുപ്രതിച്ഛായാ നിര്‍മ്മാണത്തിനുള്ള അവസരമാക്കി മാറ്റുകയാണ് വേണ്ടത്. വളരെ ശ്രദ്ധയോടെ പൊതുസമൂഹത്തില്‍ തന്നെ അവതരിപ്പിക്കുമ്പോള്‍ തന്റെ ബന്ധുക്കളെ കഴിയുന്നത്ര അകലത്തേക്ക് മാറ്റി നിറുത്താന്‍ അവര്‍ ശ്രദ്ധിക്കണം. ''മക്കള്‍ തീര്‍പ്പേ മഹേശന്‍ തീര്‍പ്പ്'' (ജനങ്ങളുടെ അഭിപ്രായം ദൈവത്തിന്റെ അഭിപ്രായമാണ്) എന്ന് ജയ പറയാറുണ്ടായിരുന്നു. അവിടെ എത്തിയില്ലെങ്കില്‍ ദീര്‍ഘമായ ഭാവിയോ രാഷ്ട്രീയമായ സുരക്ഷിതത്വമോ ഉറപ്പാക്കാനാവില്ല. രാഷ്ട്രീയത്തില്‍ മുഖസ്തുതിയും വ്യക്തിപൂജയും ഗുണം ചെയ്യും. പക്ഷേ, അത് എപ്പോള്‍ ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ചെന്നൈയിലും മറ്റ് സ്ഥലങ്ങളിലും കാണപ്പെടുന്ന ശശികലയുടെ വലിയ പോസ്റ്ററുകള്‍ക്ക്, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗം എന്നതില്‍ കവിഞ്ഞ് ഒരര്‍ത്ഥവുമില്ല.