നാടകപ്രതിഭകളെ അനുസ്മരിക്കാൻ മാറ്റൊലി

#

ആലപ്പുഴ (22-12-16)  : നാടക ഇതിഹാസവും നോബൽ സമ്മാന ജേതാവുമായ ദാരിയോ ഫോ, ഇന്ത്യൻ നാടക നാടക സംവിധായകനും അധ്യാപകനുമായ പ്രൊഫ: എസ് രാമാനുജം എന്നിവരെ അനുസ്‌മരിക്കുന്ന "മാറ്റൊലി" ചുനക്കര വൈഖരിയിൽ ഡിസംബർ 24,25 തീയതികളിൽ നടക്കും. അന്തരിച്ച ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതാവ് ഫിദൽ കാസ്‌ട്രോയുടെ ഓർമ്മകൾക്കാണ് പരിപാടി സമർപ്പിച്ചിരിക്കുന്നത്. മുമ്പേ പോയ ഗുരു ഹൃദയങ്ങളിലെ കനലുകൾ ഊതിയെടുത്ത് പുതു തലമുറയുടെ വെളിച്ചമാക്കി മാറ്റാനാണ് പരിപാടിയിലൂടെ ശ്രമിക്കുന്നതെന്ന് വൈഖരി കളക്ടീവിന് വേണ്ടി ജെ.ശൈലജ, സജി തുളസീദാസ് എന്നിവർ അറിയിച്ചു. ചുനക്കരയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ജി.ജനാർദ്ദനൻ നായരെ അനുസ്മരിക്കുന്ന പരിപാടികളും മാറ്റൊലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിസംബർ 24 ശനിയാഴ്ച രാവിലെ മാവേലിക്കര എം.എൽ.എ ആർ.രാജേഷ് പരിപാടി ഉദ്‌ഘാടനം ചെയ്യും. തുടർന്ന് നടനും നാടകകൃത്തും സംവിധായകനുമായ പി.ജെ ഉണികൃഷ്ണൻ ദാരിയോ ഫോയെയും, നടനും സംവിധായകനുമായ അഹമ്മദ്  മുസ്ലിം പ്രൊഫ. എസ് രാമാനുജത്തെയും, സിപിഐഎം ചാരുംമൂട് ഏരിയ സെക്രട്ടറി ജി.രാജമ്മ ജി.ജനാർദ്ദനൻ നായരെയും അനുസ്മരിച്ച് സംസാരിക്കും. അതിനു ശേഷം ആലപ്പുഴ ജില്ലയിലെ തെരഞ്ഞെടുത്ത 20 കലാകാരൻമാർ പങ്കെടുക്കുന്ന ദാരിയോ ഫോ നാടകക്കളരി നടക്കും. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനും നടനുമായ സജി തുളസീദാസാണ് ക്യാമ്പ് ഡയറക്ടർ. ഡിസംബർ 24 നും 25 നും  നടക്കുന്ന നാടകക്കളരി മുതിർന്ന നാടകപ്രവർത്തകനും  സംവിധായകനുമായ അഹമ്മദ്  മുസ്ലിമും പി.ജെ ഉണികൃഷ്ണനും ക്ലാസുകൾ എടുക്കും.  വൈകിട്ട്  സാമൂഹ്യപ്രവർത്തകൻ ടി.കെ വിനോദൻ നാടിൻ പൊരുൾ എന്ന സംഭാഷണം നടത്തും. പ്രൊഫ. എസ് രാമാനുജത്തിന്റെ മകൾ ഗിരിജ രംഗനായകി സംവിധാനം ചെയ്ത് തഞ്ചാവൂർ ശ്രീരാമകമലം അവതരിപ്പിക്കുന്ന ഉഴൈവേ ഉയർവ്വ് എന്ന നാടകം അരങ്ങേറും. തുടർന്ന് ജി.ജനാർദ്ദനൻ നായരുടെ ഓർമ്മയ്ക്കായി കവിയും നാടക സിനിമാഭിനയ പരിശീലകനുമായ കെ.വി. വിജേഷ്,കബനി, സൈറ തുടങ്ങിയവർ നാടൻ പാട്ടുകളും അവതരിപ്പിക്കും.