നിക്ഷേപ വിവരങ്ങൾ : പുതിയ കരാർ ഫലപ്രദമാകുമോ?

#

അബുദാബി (23.12.2016 ) : ഗൾഫ് രാജ്യങ്ങൾ, വിദേശികളായ താമസക്കാരുടെയും കമ്പനികളുടെയും സാമ്പത്തിക വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ ഭാഗമാകുന്നു എന്ന വാർത്ത (ലെഫ്റ്റ് ക്ലിക് ന്യൂസ് കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു) ഗൾഫ് രാജ്യങ്ങളിലെ മലയാളി സമൂഹത്തിൽ ഇനിയും കാര്യമായ ചർച്ചയായിട്ടില്ല. കരാറിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ല എന്നതുകൊണ്ടുകൂടിയാകും അത്.

നിലവിലെ നിയമങ്ങൾ വെച്ച് യു എ ഇയിലെ ബിസിനസുകൾ സംബന്ധിച്ച് വലിയ തോതിൽ വിവരങ്ങൾ പുറത്താക്കാൻ കഴിയുമെന്ന് കരുതുന്നില്ല. നിലവിൽ കമ്പനികൾക്ക് ഏതെങ്കിലും സർക്കാർ ഏജൻസിക്ക് തങ്ങളുടെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കണമെന്ന നിയമം ഈ നാട്ടിൽ ഇല്ല. വരുമാന നികുതി ഈടാക്കാത്ത രാജ്യമായതിനാൽ വരുമാന സംബന്ധിയായ മറ്റു വിവരങ്ങൾ സമ്പാദിക്കുന്ന രീതിയും യുഎഇയിൽ ഇല്ല.

പക്ഷെ വ്യക്തിഗത ബാങ്ക് - റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ സർക്കാരിന്റെ ഏജൻസികളുടെ കൈയ്യിൽ ഉണ്ട്. അവ ഷെയർ ചെയ്താൽ തന്നെ വലിയ തോതിൽ ഇന്ത്യക്കാരുടെ കള്ളപ്പണ വിവരങ്ങൾ പുറത്ത് വരും.

നിലവിൽ ഇന്ത്യയിൽ നോൺ റസിഡന്റ് സ്റ്റാറ്റസുള്ള, പൂർണ്ണമായും യു എ ഇ റസിഡന്റായ ഇന്ത്യക്കാരെ സംബന്ധിച്ച് ഇത് കൊണ്ട് കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ വഴിയില്ല. എന്നാൽ ഇന്ത്യയിൽ എൻ ആർ ഐ സ്റ്റാറ്റസ് ഇല്ലാത്ത, ദുബായിൽ റസിഡൻസിയും സ്വന്തം പേരിൽ ആസ്തിയും നിക്ഷേപങ്ങളും ഉള്ള വ്യക്തികൾ കുഴപ്പത്തിലാവും. അങ്ങനെയാണെങ്കിൽ ഈ ഒരു നീക്കത്തെ ബ്ലോഗ് എഴുതി അനുമോദിക്കാൻ പല മഹാൻമാരും തയ്യാറായേക്കില്ല.

ഇന്ത്യയിൽ റസിഡൻറ് സ്റ്റാറ്റസ് ഉള്ള ആളുകൾ ലോകത്ത് എവിടെ സമ്പാദിക്കുന്ന ആദായത്തിനും ഇന്ത്യാ സർക്കാരിനു നികുതി നൽകാൻ ബാധ്യസ്ഥരാണ്. അതുപോലെ തന്നെ ലോകത്ത് എവിടെ നടത്തുന്ന നിക്ഷേപങ്ങളും വാങ്ങിക്കൂട്ടുന്ന ആസ്തികളും ഇന്ത്യാ സർക്കാരിനെ അറിയിക്കേണ്ടതാണ്.

ഇന്ത്യയിൽ നടത്തുന്ന പല അഴിമതികളുടെയും പണമിടപാട് യു എ ഇ യിലാണ് നടക്കുന്നത്. കഴിഞ്ഞ കേരള സർക്കാരിലെ പൊതുമരാമത്ത് വകുപ്പിലെ പല പ്രധാന പണികളിലും മുസ്ലിം ലീഗ് നേതാക്കൾ യുഎഇയിൽ ധാരാളം പണം കൈപ്പറ്റിയതായി ആരോപണമുണ്ട്. ഇവയിൽ പലതും കൈപ്പറ്റിയത് അഴിമതി കാട്ടിയ ആളുകളുടെ മക്കളോ മരുമക്കളോ ആണെന്നും പറയപ്പെടുന്നു. ഇത്തരം ഇടപാടുകൾ പുറത്ത് കൊണ്ട് വരാൻ പുതിയ നയം സഹായിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

വലിയ തോതിൽ ഇന്ത്യാ സർക്കാരിനു നികുതി ചോരുന്ന മറ്റൊരു മേഖല സിനിമാരംഗമാണ്. ഒട്ടുമിക്ക സിനിമാ നടൻമാരും മറ്റ് പ്രവർത്തകരും യുഎഇയിൽ റസിഡന്റാണ്. അവരാരും എൻ ആർ ഐ അല്ല താനും. പല നടൻമാരും തങ്ങളുടെ പ്രതിഫലത്തിന്റെ 25% മാത്രമാണ് ഇന്ത്യയിൽ വെള്ളപ്പണമായി സ്വീകരിക്കുന്നത്. ബാക്കി പണം ഓവർസീസ് റൈറ്റ് എന്നും മറ്റുമായി യുഎഇയിലാണ് സ്വീകരിക്കുന്നത്. ഈ ഇടപാടുകളും പുതിയ നയപ്രകാരം മൈക്രോ സ്കോപ്പിനടിയിൽ വരുമെങ്കിൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

യുഎഇ ഇക്കണോമിയിലും ഇത് ചില ചലനങ്ങൾ ഉണ്ടാക്കുമെന്ന് ഊഹിക്കാം. നിലവിൽ തന്നെ അത്ര ഉഷാറിൽ അല്ലാത്ത റിയൽ എസ്റ്റേറ്റ് മേഖലയെ ഇത് ദോഷകരമായി ബാധിക്കാം. നിലവിൽ ഇന്ത്യയിൽ നിന്നും ഉത്ഭവിക്കുന്ന നിക്ഷേപങ്ങൾ ഈ മേഖലയെ ചലനാത്മകമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ നിക്ഷേപങ്ങളിൽ എത്ര എണ്ണം ഇന്ത്യാ സർക്കാരിനു മുൻപിൽ വെളിപ്പെടുത്തിയിട്ടുള്ളതാണെന്നതാണ് ഏറ്റവും വില പിടിച്ച ചോദ്യം.