ഭര്‍ത്താവിന്റെ വീട്ടുകാരെ പിണക്കരുതെന്ന് വീണ്ടും കോടതി

#

(24-12-16) : ഭര്‍ത്താവിനെ, അയാളുടെ മാതാപിതാക്കളില്‍ നിന്ന് പിരിഞ്ഞു ജീവിക്കാന്‍ ഭാര്യ നിര്‍ബ്ബന്ധിക്കുന്നത് ക്രൂരതയാണെന്ന് ബോംബേ ഹൈക്കോടതി. ചിത്ര സചിന്‍ മപാര വെഴ്‌സസ് സചിന്‍കുമാര്‍ മപാര കേസില്‍ ചിത്രയുടെ രണ്ടാം അപ്പീല്‍ തള്ളിക്കൊണ്ടാണ് മുംബൈ ഹൈക്കോടതിയുടെ ഉത്തരവ്. മുമ്പ് സമാനമായ ഒരു കേസിലെ സുപ്രീംകോടതി വിധി ഉദ്ധരിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. തന്നോടും മാതാപിതാക്കളോടുമുള്ള ഭാര്യയുടെ മോശം പെരുമാറ്റം മൂലം മാതാപിതാക്കള്‍ക്ക് താമസം മാറേണ്ടി വന്നുവെന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി.

നരേന്ദ്ര വെഴ്‌സസ് മീന കേസില്‍ നേരത്തെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുക എന്നത് ഭാര്യയുടെ ബാധ്യതയാണെന്നും അത് തെറ്റിക്കുന്നത് ഒരു ഭര്‍ത്താവിനും അംഗീകരിക്കാനാവില്ലെന്നും വിവാദമായ വിധിയില്‍ സുപ്രീംകോടതി പറഞ്ഞിരുന്നു.

സ്ത്രീ, സ്വന്തം മാതാപിതാക്കളില്‍ നിന്ന് പിരിഞ്ഞ് മറ്റൊരു വീട്ടില്‍ താമസിക്കുന്നത് തികച്ചും ന്യായവും പുരുഷന്‍, മാതാപിതാക്കളില്‍ നിന്ന് പിരിഞ്ഞ് താമസിക്കുന്നത് അസ്വാഭാവികവും എന്ന രീതിയില്‍ പാരമ്പര്യത്തെയും കീഴ്‌വഴക്കങ്ങളെയും അതേപടി തുടരണമെന്ന്അനുശാസിക്കുകയാണ്കോടതി. ഇത് തികച്ചും സ്ത്രീ വിരുദ്ധവും ആധുനിക സാമൂഹ്യ ജീവിതത്തിന് നിരക്കാത്തതുമാണെന്ന വിമര്‍ശനം ശക്തമായി ഉയരുന്നുണ്ട്. സ്വന്തം അധികാര പരിധിവിട്ട്, സാമൂഹ്യ ജീവിതത്തിലും കുടുംബ ജീവിതത്തിലും യാഥാസ്ഥിതികതയ്ക്കു വേണ്ടി കോടതി നില കൊള്ളുന്നത് അപകടകരമായ സ്ഥിതി സൃഷ്ടിക്കുമെന്നാണ് സ്ത്രീ പ്രവർത്തകരുടെ വിമർശനം.