യൂസഫലി കേരളത്തിന്റെ ബ്രാൻഡ് അംബാസഡറോ ?

#

(24.12.2016) : കേരള മുഖ്യമന്ത്രി പിണറായി വിജയൻ അറബ് രാജ്യങ്ങളിൽ നടത്തിയ മൂന്ന് ദിവസത്തെ സന്ദർശന പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു മലയാളി വ്യവസായി എം.എ യൂസഫലി. പിണറായി വിജയൻ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോൺ ബ്രിട്ടാസും യൂസഫലിയും ഒപ്പമുണ്ടായിരുന്നു. ഷാർജ ഇന്ത്യൻ സ്‌കൂളിന്റെ ജുവൈസിലെ പുതിയ സ്‌കൂൾ ഉദ്‌ഘാടനം, ദുബായിൽ സ്മാർട്ട് സിറ്റിയുടെ പ്രഥമ ബിസിനസ് മീറ്റ്, ഇന്നലെ വൈകിട്ട് നരേന്ദ്രമോദിക്ക് വിദേശ രാജ്യങ്ങളിൽ നൽകുന്ന മാതൃകയിൽ പിണറായി വിജയന് നൽകിയ പൗരസ്വീകരണം തുടങ്ങി ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ ചടങ്ങുകളിലും മുഖ്യമന്ത്രിക്കൊപ്പം യൂസഫലി ഉണ്ടായിരുന്നു.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തും സമാനമായിരുന്നു സ്ഥിതി. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ സന്ദർശനങ്ങളിലും കൂടിക്കാഴ്ചകളിലും യൂസഫലി ഒപ്പമുണ്ടായിരുന്നു.സ്മാർട്ട് സിറ്റി പദ്ധതിയിൽ സർക്കാരിന്റെ മധ്യസ്ഥനായിരുന്നു യൂസഫലി. ഉമ്മൻ ചാണ്ടിയും അറബ് ഭരണാധികാരികളും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ചകളിലും മധ്യസ്ഥനായും നടത്തിപ്പുകാരനായും യൂസഫലിക്ക് സ്ഥാനമുണ്ടായിരുന്നു.

ആരാണ് യൂസഫലി എന്നതാണ് ഈ സാഹചര്യത്തിൽ ഉയരുന്ന പ്രധാന ചോദ്യം. ഒരു സർക്കാർ ഉദ്യോഗസ്ഥനോ, നയതന്ത്ര പ്രതിനിധിയോ സർക്കാരുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളയാളോ അല്ല എം.എ യൂസഫലി. സ്വന്തം ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലും, അതിനായി ഭരണാധികാരികളെ കയ്യിലെടുക്കുന്നതിലും സാമർത്ഥ്യമുള്ള ഒരു വ്യവസായി മാത്രമായ യൂസഫലിക്ക് എങ്ങനെയാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിയും മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരികളും തമ്മിൽ ഭരണപരമായ വിഷയങ്ങൾ സംസാരിക്കുന്നിടത്ത് പ്രവേശനം ലഭിക്കുക? ഒരു ശതകോടീശ്വരൻ തനിക്കോ തന്റെ ബിസിനസ് സാമ്രാജ്യത്തിനോ യാതൊരു ലാഭേച്ഛയുമില്ലാതെ, കേരളം പോലൊരു സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡർ ആകുമെന്ന് വിശ്വസിക്കാൻ കഴിയുമോ?

പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള, സർക്കാർ  ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരെയോ സർക്കാർ നിലപാടുകളോട് യോജിപ്പുള്ള നയതന്ത്ര വിദഗ്ധരെയോ ഒന്നും മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചകളിൽ കണ്ടില്ല. യൂസഫലിയെ പോലൊരു വ്യവസായി ഒറ്റയാൾ പ്രകടനത്തിലൂടെ മുഖ്യമന്ത്രിയെ ഗൾഫ് കാണിക്കുന്നയാളായി സ്വയം അവരോധിക്കുന്നത് നിഷ്കളങ്ക സേവനമായി കാണാൻ കഴിയുമോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫ് സന്ദർശനത്തിന്റെ വാർത്തകൾ കാണുന്ന ഒരാൾക്ക് ഉണ്ടാകുന്നത്.

കേരളത്തിൽ നിന്ന് ഗൾഫിലെത്തുന്ന ഇരു മുന്നണികളുടെയും നേതാക്കന്മാർ ആരുടെയൊക്കെ ആതിഥ്യം സ്വീകരിക്കണം, അനൗപചാരികമായി ആരെയൊക്കെ കാണണം എന്നതൊക്കെ അവരുടെ ഔചിത്യത്തിന്  വിട്ടാലും ഔദ്യോഗിക പരിപാടികളിലും കൂടിക്കാഴ്ചകളിലും നിഷ്പക്ഷത പാലിക്കേണ്ട ബാധ്യത ഈ ഭരണാധികാരികൾക്ക് ഉണ്ട്. എന്തായാലും ശതകോടീശ്വരന്മാരുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളൊന്നും പൊരിവെയിലത്ത് വിയർപ്പൊഴുക്കി പണിയെടുത്ത് ലേബർ ക്യാമ്പുകളിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് വേണ്ടിയാവില്ല എന്നത് അനുഭവങ്ങൾ സാധാരണ പ്രവാസികളെ പഠിപ്പിക്കുന്നുണ്ട്. മോദി മാതൃകയിൽ യൂസഫലി മുൻകയ്യെടുത്ത് നടത്തുന്ന  ഇവന്റ് മാനേജ്‌മെന്റ് പൗരസ്വീകരണത്തിലെ ആൾക്കൂട്ടം കൊണ്ട് ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുമോ എന്നതാണ് പ്രസക്തമായ കാര്യം.