ആ വിധിനാള്‍ എത്തിക്കഴിഞ്ഞു ; എത്ര കള്ളപ്പണം പിടിച്ചു? കുമ്മനത്തോട് ഐസക്

#

തിരുവനന്തപുരം (24.12.2016 ) : കുമ്മനത്തിന് മറുപടിയുമായി ധനമന്ത്രി ടി.എം തോമസ് ഐസക് രംഗത്ത്. നോട്ട് പ്രതിസന്ധിയുടെ കാര്യത്തിൽ ഐസക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പ്രസ്താവനയെക്കതിരെയാണ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നവംബർ 8 ന് താൻ പറഞ്ഞതാണോ കുമ്മനം പറഞ്ഞതാണോ ശരിയെന്ന് ജനങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് ഐസക് പറഞ്ഞു. 50 ദിവസം കൊണ്ട് എല്ലാം സാധാരണഗതിയിലായില്ലെങ്കില്‍ എന്തു ശിക്ഷ വേണമെങ്കിലും വിധിച്ചോളൂ എന്നാണല്ലോ പ്രധാനമന്ത്രി പറഞ്ഞത്. ആ വിധിനാള്‍ എത്തിക്കഴിഞ്ഞു. എത്ര കള്ളപ്പണം പിടിച്ചു? വരിയില്‍ നിന്ന് കരഞ്ഞവർ പണക്കാരാണോ പാവപ്പെട്ടവരാണോ? രാജ്യത്തിന്റെ വളർച്ച താഴേയ്ക്കെന്ന് റിസർവ് ബാങ്ക് പോലും സമ്മതിച്ചു കഴിഞ്ഞു. ഐസക്കിന്റെ കുറിപ്പിൽ പറയുന്നു.

ട്രഷറിയിൽ പണമുണ്ടെങ്കിലും കറൻസി ഇല്ലാത്തതാണ് ശമ്പള പ്രതിസന്ധിക്ക് കാരണമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. ട്രഷറിയില്‍ കിടക്കുന്ന 500-600 കോടി രൂപ വാങ്ങാന്‍ ശമ്പളക്കാരും പെന്‍ഷന്‍കാരും വന്നാല്‍ കൊടുക്കാൻ ആവശ്യമായ കറൻസി ലഭിക്കുന്നില്ല. വിലയും പലിശയും കുറയുന്നു എന്നുള്ള വലിയ നേട്ടങ്ങളെ തനിക്ക് പോലും മറച്ചു വയ്ക്കാന്‍ കഴിയില്ല എന്നാണ് കുമ്മനം പറയുന്നത്. വിലകള്‍ താഴുന്നതു ശരിയാണ് പക്ഷേ ഇതു നേട്ടമല്ല എന്ന് ഒരു മിനിട്ട് ആലോചിച്ചാല്‍ മനസ്സിലാകുമെന്ന് ഐസക് പറയുന്നു. വ്യവസായ-ഉപഭോക്തൃ ഉല്പന്നങ്ങളുടെ വിലകളല്ല, കാർഷികവിഭവങ്ങളുടേയും ചെറുകിട വ്യവസായ ഉല്പന്നങ്ങളുടേയും വിലകളാണ് താഴുന്നത്. ഇത് നേട്ടമല്ല,കോട്ടമാണ്. വിലയും പലിശയും കുറയുന്നത് അപകടത്തിന്റെ സൂചനയാണ്. ഇവയെല്ലാം മാന്ദ്യത്തിന്റെ തുടക്കമാണ്. ഇതുപോലെ ആസൂത്രിതമായി രാജ്യത്ത് സാമ്പത്തികത്തകർച്ച ഒരു ഭരണാധികാരിയും ഇതുവരെ സൃഷ്ടിച്ചിട്ടില്ലെന്നും ധനമന്ത്രി കുറിപ്പിൽ വ്യക്തമാക്കി.