പൊതുതാല്പര്യത്തിന് മതസ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുക്കാം : കോടതി

#

അലാഹബാദ് (24.12.2016) : പൊതുതാല്പര്യത്തിന് ആവശ്യമാണെങ്കിൽ മതസ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാമെന്ന് അലാഹബാദ് ഹൈക്കോടതി. ആഗ്രയെയും ഇടാവയെയും ബന്ധിപ്പിക്കുന്ന 6 വരി ദേശീയപാത നിർമ്മിക്കുന്നതിനുവേണ്ടി പള്ളിയുടെ അധീനതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ ചർച്ച് ഒഫ് നോർത്ത് ഇന്ത്യ സമർപ്പിച്ച ഹർജിയിലാണ് അലാഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. നാഷണൽ ഹൈവേ അതോറിട്ടിയും ചർച്ച് ഒഫ് നോർത്ത് ഇന്ത്യയും കൂടിയാലോചിച്ച് പള്ളി എങ്ങനെ നീക്കം ചെയ്യാം എന്ന് തീരുമാനിക്കണം എന്ന് കോടതി നിർദ്ദേശിച്ചു. ക്രിസ്മസ് കാലമായതുകൊണ്ട് പള്ളി നീക്കം ചെയ്യുന്നതിന് കോടതി ഒരു മാസത്തെ സമയം അനുവദിച്ചു. ഭൂമി ഏറ്റെടുക്കുന്നത് പൊതുതാല്പര്യത്തിനു വേണ്ടിയായതുകൊണ്ട് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

പള്ളി ഏറ്റെടുക്കാനുള്ള നോട്ടിഫിക്കേഷൻ ക്രിസ്ത്യൻ സമുദായത്തിന്റെ മത വികാരത്തെയും മതബോധത്തെയും വ്രണപ്പെടുത്തിയെന്ന ചർച്ച് ഒഫ് നോർത്ത് ഇന്ത്യയുടെ വാദം ജസ്റ്റിസുമാരായ വി.കെ.ശുക്ലയും എം.സി.ത്രിപാഠിയും അടങ്ങിയ ബഞ്ച് അംഗീകരിച്ചില്ല. അതേ സമയം ക്രിസ്മസ് കാലത്ത് പള്ളിയ്ക്ക് അസൗകര്യങ്ങൾ ഉണ്ടാക്കരുതെന്ന ആവശ്യം കോടതി അംഗീകരിച്ചു. പ്ലെയ്‌സ്‌ ഒഫ് വർഷിപ് (സ്‌പെഷ്യൽ പ്രൊവിഷൻസ്) ആക്ട് ഈ കേസിൽ ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു ആരാധനാലയം പൊളിച്ച് മറ്റൊരു മതത്തിന്റെ ആരാധനാലയം നിർമ്മിക്കുന്നതിൽ നിന്നാണ് ആ ആക്ട് സംരക്ഷണം നൽകുന്നത്. അത് ഇവിടെ ബാധകമല്ല.