പോപ് താരം ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു

#

ലണ്ടന്‍ (26-12-16) : പ്രശസ്ത ബ്രിട്ടീഷ് പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ (53) അന്തരിച്ചു. ഓക്‌സ്‌ഫോര്‍ഡ്‌ഷെയറിലെ വീട്ടില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ലെങ്കിലും സംശയാസ്പദമായ സാഹചര്യം ഒന്നുമില്ലെന്നാണ് അടുത്തവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഗായകന്‍, ഗാനരചയിതാവ്, സംഗീതജ്ഞന്‍ തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ ജോര്‍ജ് 80 കളിലെയും 90 കളിലെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയ നിരവധി പോപ് ഗാനങ്ങളുടെ ഭാഗമായിരുന്നു. സുഹൃത്തായിരുന്ന ആന്‍ഡ്രൂ റിഗ്ലിക്കൊപ്പം ചേര്‍ന്നു തുടങ്ങിയ വാം എന്ന പോപ് ബാന്‍ഡാണ് ഇദ്ദേഹത്തിന് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ചത്. ലാസ്റ്റ് ക്രിസ്മസ്, കെയര്‍ലെസ് വിസ്പര്‍, ഫെയ്ത്ത്, വെയ്ക് മി അപ് ബിഫോര്‍ യു ഗോ, ഫ്രീഡം തുടങ്ങിയവയാണ് ജോര്‍ജിന്റെ പ്രമുഖ ആല്‍ബങ്ങള്‍. രണ്ട് ഗ്രാമിയും മൂന്ന് ബ്രിട്ടും അടക്കം നിരവധി പുരസ്‌കാരങ്ങളും മുപ്പത് വര്‍ഷം നീണ്ട സംഗീത ജീവിതത്തിനിടയില്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.