ദുബായ്ക്ക് ഇനി ഷോപ്പിങ്ങിന്റെ നാളുകൾ

#

ദുബായ് (26-12-16): 22മത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് ആരംഭം കുറിക്കുന്നു. ദുബായിയുടെ ഇനിയുള്ള 34 രാവുകൾക്ക് ആഘോഷത്തിന്റെ അകമ്പടിയുണ്ടാകും . ലോകത്തെ ഏറ്റവും വലിയ വ്യാപാര മേളക്കായി ലോകത്താകമാനമുള്ള സഞ്ചാരികളെല്ലാം ദുബായ് നഗരത്തിലേക്ക് ഒഴുകിയെത്തും. 200 രാജ്യങ്ങളിൽ നിന്നുള്ള വ്യാപാരികളും സഞ്ചാരികളും ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് എത്തുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.വ്യാപാരത്തിനപ്പുറം കല-സംഗീത ആഘോഷങ്ങളുടെ വേദികൂടിയായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ മാറും. ഡിസംബർ 29 മുതൽ 31 വരെയും ജനുവരി അഞ്ചുമുതൽ ഏഴ് വരെയും 12 മുതൽ 14 വരെയും 19 മുതൽ 21 വരെയും 26, 27, 28 തീയതികളിലും വിവിധകേന്ദ്രങ്ങളിലായി വെടിക്കെട്ട് നടക്കും. ഷോപ്പിംഗിന് ഒപ്പമുള്ള സമ്മാനങ്ങളുടെ നീണ്ട നിരയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രത്യേകത. ഏഴ് പ്രധാന കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഇത്തവണത്തെ ഷോപ്പിങ് ഫെസ്റ്റിവലിലും ഏവരെയും ഞെട്ടിക്കുന്ന ചില വിഭവങ്ങൾ കരുതി വച്ചിട്ടുണ്ടെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.