കോൺഗ്രസിലെ തമ്മിലടി പുതിയ തലങ്ങളിലേക്ക്

#

തിരുവനന്തപുരം (27.12.2016 ) : നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് ശേഷം കോൺഗ്രസിനുള്ളിൽ ഉരുണ്ടുകൂടിയ അസ്വാരസ്യങ്ങൾ തുറന്ന പോരിലേക്ക്. നിയമസഭയിലെ കോൺഗ്രസ് അംഗങ്ങളിൽ ഭൂരിപക്ഷം തനിക്കൊപ്പമല്ലെന്ന് മനസ്സിലാക്കിയ ഉമ്മൻചാണ്ടി ഒരു ശക്തിപരീക്ഷണത്തിന് നിൽക്കാതെ, തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് സ്ഥാനം സ്വീകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും അതിനാൽ തന്നെ യു.ഡി.എഫ് ചെയർമാൻ സ്ഥാനം ഒഴിയുകയും ചെയ്തെങ്കിലും താൻ നയിക്കുന്ന ഗ്രൂപ്പ് ദുർബ്ബലമാകരുതെന്ന നിർബ്ബന്ധബുദ്ധിയോടെയാണ് കരുക്കൾ നീക്കുന്നത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങിയെങ്കിലും ഉമ്മൻചാണ്ടിക്ക് വെല്ലുവിളി ഉയർത്താൻ കഴിയാതിരുന്ന രമേശ് ചെന്നിത്തല, പ്രതിപക്ഷനേതൃസ്ഥാനം നന്നായി ഉപയോഗപ്പെടുത്തി കോൺഗ്രസിലെ ഏക മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. പാർട്ടിക്കുള്ളിൽ സ്വന്തമായ അടിത്തറ ഉണ്ടാക്കാൻ ശ്ര മിക്കുന്ന സുധീരനും ഈ ഗ്രൂപ്പ് യുദ്ധത്തിൽ സജീവ പങ്കാളിയാണ്.

കോൺഗ്രസ് നിയമസഭാംഗങ്ങളിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനു പുറകേ ഡി.സി.സി പ്രസിഡന്റുമാരിലും ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ, ഇനി അടങ്ങിയിരിക്കാൻ തയ്യാറല്ല എന്ന ഉറച്ച തീരുമാനത്തിലെത്തുകയായിരുന്നു ഉമ്മൻചാണ്ടിയും ഒപ്പം നിൽക്കുന്നവരും. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ഘട്ടത്തിൽ സുധീരനെതിരെ, ചെന്നിത്തലയും ഉമ്മൻചാണ്ടിയും തമ്മിലുണ്ടായിരുന്ന ഐക്യം ഡി.സി.സി പ്രസിഡന്റുമാരെ തീരുമാനിക്കുന്ന സമയമാകുമ്പോഴേക്ക് പൂർണ്ണമായും ഇല്ലാതായി. ഉമ്മൻചാണ്ടിയുടെ ഉറച്ച വിശ്വസ്തരിൽ ടി.സിദ്ദിഖിന് മാത്രമാണ് ഡി.സി.സി അധ്യക്ഷസ്ഥാനം ലഭിച്ചത്. കൊല്ലത്ത് പി.സി.വിഷ്ണുനാഥിന് വേണ്ടി ഉമ്മൻചാണ്ടി അവസാനം വരെ ശ്രമിച്ചെങ്കിലും അത് നടന്നില്ല. വ്യക്തിപരമായി ചെന്നിത്തലയുടെ ഉറ്റ അനുയായിയായ എം.ലിജുവിനും മറ്റു പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കൾക്കും സ്ഥാനം നേടിക്കൊടുക്കാൻ ചെന്നിത്തലയ്ക്ക് കഴിഞ്ഞു. ഉമ്മൻചാണ്ടിയുടെ ക്യാമ്പിൽ നിന്ന് ഐ ഗ്രൂപ്പിലേക്ക് കൂറു മാറിയ സതീശൻ പാച്ചേനി കണ്ണൂർ ഡി.സി.സി പ്രസിഡന്റായത് ഉമ്മൻചാണ്ടിക്ക് കനത്ത ആഘാതമായി.

ഗ്രൂപ്പ് പ്രതിനിധികളാണെങ്കിലും ഗ്രൂപ്പുകൾക്ക് അതീതമായി നിലപാടെടുക്കുന്ന പലരെയും ഡി.സി.സി അധ്യക്ഷരാക്കാൻ കഴിഞ്ഞത് സുധീരന്റെ വിജയമായി കണക്കാക്കാൻ കഴിയും. തന്റെ ഉറ്റ അനുയായിയായ ടി.എൻ.പ്രതാപനെ ഡി.സി.സി പ്രസിഡന്റാക്കാൻ കഴിഞ്ഞതും സുധീരന്റെ നേട്ടമാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയെ സാവകാശം ഒതുക്കാനുള്ള നീക്കങ്ങളിൽ സുധീരനും ചെന്നിത്തലയും പരോക്ഷമായി ഒന്നിക്കുന്നുവെന്നും എ.കെ.ആന്റണിയും ഹൈക്കമാൻഡും അവർക്ക് പിന്തുണ നല്കുന്നുവെന്നുമുള്ള ധാരണ ശക്തമായ സാഹചര്യത്തിലാണ് ഉമ്മൻചാണ്ടിയുടെ ഉറ്റ അനുയായികൾ എല്ലാം മറന്ന് രംഗത്തിറങ്ങിയിരിക്കുന്നത്. ഉണ്ണിത്താനും മുരളീധരനുമാണ് തറ നിലവാരത്തിൽ വാക്‌പോര് നടത്തുന്നതെങ്കിലും പുറകിൽ ചരട് പിടിക്കുന്നത് എ ഗ്രൂപ്പിന്റെ പ്രമുഖ നേതാക്കളാണ്. ചെന്നിത്തലയോടും സുധീരനോടും എതിർപ്പുള്ള കെ.സുധാകരനെപ്പോലുള്ള ഐ ഗ്രൂപ്പുകാർ ഉമ്മൻചാണ്ടിയുടെ പിന്നിൽ അണി നിരക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഈ ഗ്രൂപ്പ് പോര് ഇനിയും നീളാനാണ് സാധ്യത. ഈ വാക്പോരിൽ ഇടപെടാതെ സുധീരൻ മാറി നിൽക്കും. ചെന്നിത്തലയും ഉമ്മൻചാണ്ടിയും അണിയറയിൽ സജീവമായി ഉണ്ടാകും. ഹൈക്കമാൻഡിനെ ഇടപെടുത്താനാകും സുധീരൻ ശ്രമിക്കുക. രാജ്‌മോഹൻ ഉണ്ണിത്താന്റെ മുണ്ടുരിയലിലെത്തിയ ഗ്രൂപ്പ് വഴക്കിന്റെ ആവർത്തനമുണ്ടാകുമോ എന്നാണ് കൗതുകപൂർവ്വം രാഷ്ട്രീയ നിരീക്ഷകർ നോക്കുന്നത്.