എം.ടി.വാസുദേവന്‍ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

#

കോഴിക്കോട് (30-12-16) : പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ എം.റ്റി വാസുദേവന്‍ നായരുടെ പേരിലുള്ള വെബ്‌സൈറ്റില്‍ സൈബര്‍ ആക്രമണം. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കാശ്മീരി ചീറ്റ എന്ന പാക് ഹാക്കിംഗ് സംഘം തന്നയാണ് എം.ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും കടന്നു കയറിയിരിക്കുന്നത്. ഞങ്ങളെ തോല്‍പ്പിക്കാനാവില്ലെന്നും മികച്ചവരോട് ഇടയാന്‍ വന്നാല്‍ മരണമായിരിക്കും ഫലമെന്നും സൈറ്റില്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സൈറ്റ് ഹാക്ക് ചെയ്തതിനു മറുപടിയായി ചില പാക് സൈറ്റുകള്‍ മലയാളി ഹാക്കിംഗ് സംഘം ആക്രമിച്ചിരുന്നു. ഇതിനു മറുപടിയാണോ ഇത്തരത്തിലൊരു ആക്രമണമെന്ന് വ്യക്തമല്ല. അതേ സമയം നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ മോദിയെയും ബി.ജെ.പി സര്‍ക്കാരിനെയും എം.ടി വിമര്‍ശിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിന്നു. സോഷ്യല്‍ മീഡിയിലടക്കം ബി.ജെ.പി പ്രവര്‍ത്തകര്‍ എം.ടിക്കെതിരെ പ്രചരണം അഴിച്ചുവിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സൈബര്‍ ആക്രമണം നടന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.