കവിതയുടെ കാർണിവൽ പട്ടാമ്പിയിൽ ( ജനുവരി 26 -29)

#

പട്ടാമ്പി (30.12.2016) : കവിതയുടെ കാർണിവൽ എന്ന പേരിൽ 4 ദിവസം നീണ്ടു നിൽക്കുന്ന സാംസ്കാരികോത്സവം 2017 ജനുവരി 26 മുതൽ 29 വരെ പട്ടാമ്പി സംസ്കൃത കോളേജിൽ നടക്കും. പട്ടാമ്പി സംസ്കൃത കോളേജിലെ മലയാള വിഭാഗവും മലയാളനാട് വെബ് കമ്മ്യൂണിറ്റിയുമാണ് മുഖ്യ സംഘാടകർ. കവിതയുമായി ബന്ധപ്പെട്ട് നടക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ പരിപാടികളിലൊന്നായി കവിതയുടെ കാർണിവലിനെ ' മാറ്റാനാണ് സംഘാടകർ ശ്രമിക്കുന്നത്. വിവിധ അക്കാദമികൾ, സാംസ്കാരിക ഏജൻസികൾ, പ്രാദേശിക ഭരണകൂടങ്ങൾ, ബിനാലെ ഫൗണ്ടേഷൻ, വിവിധ സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

2015 ഏപ്രിലിൽ ആയിരുന്നു ആദ്യത്തെ കവിതാ കാർണിവൽ. വർഷം തോറും കാർണിവൽ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ കാർണിവലിൽ കവികളുടെയും കാവ്യാസ്വാദകരുടെയും വിപുലമായ പങ്കാളിത്തമുണ്ടായിരുന്നു. കെ.സച്ചിദാനന്ദൻ മുഖ്യ ഉപദേഷ്ടാവും സന്തോഷ്. എഛ്.കെ കൺവീനറും എം. ആർ. അനിൽകുമാർ, പി.പി.രാമചന്ദ്രൻ പി.എൻ. ഗോപീകൃഷ്ണൻ, അൻവർ അലി, പി.പി. പ്രകാശൻ, അനിത തമ്പി, ടി.ജി.നിരഞ്ജൻ, പി.രാമൻ, എം. ആർ. അനിൽകുമാർ എന്നിവർ അംഗങ്ങളും ആയ കാർണ്ണിവൽ ഡയറക്ടറേറ്റ് ആണ് സംഘാടനത്തിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്. 2017 ജനുവരി 3 ന് ചേരുന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ മുഹമ്മദ് മൊഹ്‌സീൻ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും. കാർണിവലിൽ പ്രതിനിധികളായി പങ്കെടുക്കുന്നതിന് ഓൺ ലൈൻ രജിസ്റ്റ്രേഷൻ ആരംഭിച്ചു.

ഈ വർഷത്തെ കാർണിവൽ പരിപാടിയെക്കുറിച്ച് തയ്യാറാക്കിയ കരടു രൂപരേഖ ചുവടെ :
1. ദക്ഷിണേന്ത്യൻ ഭാഷാകവികളുടെ മുഖാമുഖ വിവർത്തനന ശില്പശാല: തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏതാനും കവികൾ ഒത്തു ചേര്ന്ന് തങ്ങളുടെ കവിതകൾ ദ്വിഭാഷിയുടെ സഹായത്തോടെയോ അല്ലാതെയോ നേരിട്ടു മൊഴിമാറ്റം ചെയ്ത് അവതരിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമി ഈ ശില്പശാലാ നിർവഹണം ഏറ്റെടുത്തിട്ടുണ്ട്.
2. പ്രദർശനം: കവിതയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങൾ,സിനിമ, വിഡിയോ, ചിത്രം, ഇന്സ്റ്റലേഷൻ, പോസ്റ്റർ, ഗ്രാഫിറ്റി, മ്യൂസിയം എന്നിവക്ക് വെവ്വേറെ പ്രദർശനശാലകൾ. കവിതയും കവിതയും സംബന്ധിച്ച സംഭാഷണങ്ങൾ ബിനാലെ ഫൗണ്ടേഷൻ ഏറ്റെടുത്തിട്ടുണ്ട്.
3. അവതരണം: പോയട്രി തിയ്യേറ്റർ, കവിതകളുടെ നൃത്താവിഷ്കാരം, പോയട്രി പെര്ഫോമൻസ് എന്നിങ്ങനെ വ്യത്യസ്ത വേദികൾ. കേരള സംഗീത നാടക അക്കാദമി സഹകരിക്കാമെന്ന് ഏറ്റിട്ടുണ്ട്. കൂടാതെ വിവിധ സാംസ്കാരിക സംഘടനകളുറ്റെ സഹകരണം പ്രതീക്ഷിക്കുന്നു.
4. പാരായണം, ആലാപനം: സ്വന്തം കവിതകളോ പ്രിയപ്പെട്ട കവിതകളോ ആലപിക്കാനും വായിക്കാനും ഉള്ള തുറന്ന വേദി. തത്സമയ ഓൺലൈൻ കവിസമ്മേളനം. ഡി വിനയചന്ദൻ കാവ്യോൽസവം.
5. സെമിനാർ: സമകാലീന പ്രവണതകളെ ആധാരമാക്കി കവിതയുടെ ഭാവിയെക്കുറിച്ചുള്ള പരിപ്രേക്ഷ്യം അവതരിപ്പിക്കുന്ന പ്രബന്ധങ്ങൾ, പ്രഭാഷണങ്ങൾ. കോളേജ് വിദ്യാഭ്യാസവകുപ്പ് ധനസഹായം നൽകുന്നു.
6. മുഖാമുഖം: പ്രിയകവികളോടൊത്ത് സംവദിക്കാനുള്ള ചെറുസദസ്സുകൾ.
7. കാർണിവൽ പുസതകം: പങ്കെടുക്കുന്ന അതിഥികളെയും പരിപാടികളെയും പരിചയപ്പെടുത്താനുദ്ദേശിച്ചുള്ളത്.
8. ഒരു സീനിയർ കവിയെ ആദരിക്കുകയും അദ്ദേഹത്തിന്റെ കാവ്യജീവിതത്തെ വിലയിരുത്തുകയും ചെയ്യുന്ന പ്രത്യേക സെഷൻ.
9. കവിസന്ധി : ഇൻഡ്യയിലെ ഒരു പ്രമുഖ കവിയുടെ സർഗജീവിതം ആസ്പ്ദമാക്കി ആ കവിയുമായി നടത്തുന്ന സംവാദം കേന്ദ്ര സാഹിത്യ അക്കാദമിയുറ്റെ സഹകരണത്തോടെ.
10. കുട്ടികളുടെ കാർണിവൽ : രചനാമൽസരങ്ങൾ കാവ്യാലാപനം അവതരണം ചിത്രം വര.