ദേശിയ വോളിയിൽ കേരളം ജേതാക്കൾ

#

ചെന്നൈ(30-12-16): 65 മത് ദേശിയ വോളീബോൾ ചാമ്പ്യൻഷിപ്പിൽ റെയില്‍വേസിനെ തകര്‍ത്ത് കേരളത്തിന്റെ പുരുഷ ടീം ജേതാക്കളായി. കഴിഞ്ഞ വർഷം ഫൈനലിൽ റയിൽവേസിനോട് ഏറ്റ പരാജയത്തിന് കേരളം പകരംവീട്ടി. പക്ഷേ, വനിതകളുടെ ഫൈനലിൽ കേരളം റെയില്‍വേസിനോട് കീഴടങ്ങി. ആവേശകരമായ പുരുഷ ഫൈനലിൽ കേരളം രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് റെയില്‍വേസിനെ പരാജയപ്പെടുത്തിയത്. സ്കോർ : 25-17, 20-25, 26-24, 25-27, 15-9 . ഇന്ത്യൻ വോളിയിലെ കരുത്തന്മാരുടെ പോരാട്ടത്തിൽ കഴിഞ്ഞവര്‍ഷത്തെ തോല്‍വിക്ക് പകരംവീട്ടാനെത്തിയ കേരളം ആദ്യ സെറ്റില്‍തന്നെ കുതിച്ചുകയറി. രണ്ടാം സെറ്റില്‍ റെയില്‍വേസ് തിരിച്ചടിച്ച് സെറ്റ് സ്വന്തമാക്കി. ആവേശകരമായ മൂന്നാമത്തെ സെറ്റിൽ തുടക്കത്തില്‍ 4-0ന് മുന്നിലെത്തിയ കേരളത്തെ റെയില്‍വേസ് പാതിഘട്ടത്തില്‍ പിടിച്ചുകെട്ടി. 9-9, 15-15 എന്ന നിലയിൽ ഒപ്പത്തിനൊപ്പം പോരാടിയ കേരളത്തിനെതിരെ അവസാന ഘട്ടത്തിൽ 21-17ന് റെയില്‍വേസിന് ലീഡ്. വീണ്ടും തിരിച്ചടിച്ച കേരളം കുതിച്ചെത്തി 24-24ല്‍വച്ച് രണ്ടു പോയിന്റ് തുടര്‍ച്ചയായി നേടി കേരളം സെറ്റ് നേടി. നാലാം സെറ്റിലും ഒപ്പത്തിനൊപ്പമായിരുന്നു. ഇടയ്ക്ക് 16-13ന് മുന്നിലെത്തിയ റെയില്‍വേസിനെ കേരളം പിടിച്ചുകെട്ടി. പക്ഷേ, 27-25ന് സെറ്റ് റെയില്‍വേസ് നേടി. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ കേരളം ആത്മവിശ്വാസത്തോടെ തുടങ്ങി. ലീഡ് നിലനിർത്തിയ കേരളം 15-9 ന് സെറ്റ് സ്വന്തമാക്കി മത്സരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

പഞ്ചാബിനെ തോല്‍പ്പിച്ച് തമിഴ്നാട് മൂന്നാം സ്ഥാനം നേടി (20-25, 25-20, 34-32, 25-21). വനിതകളില്‍ വാശിയേറിയ പോരാട്ടത്തിലായിരുന്നു കേരളത്തിന്റെ തോല്‍വി. കഴിഞ്ഞവര്‍ഷത്തെ ആവര്‍ത്തനമായി മത്സരം. ആദ്യ സെറ്റില്‍ റെയില്‍വേസും കേരളവും ഒപ്പത്തിനൊപ്പമാണ് പോരാടിയത്. അവസാനനിമിഷം പോയിന്റുകള്‍ നേടി റെയില്‍വേസ് ആദ്യസെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ കേരളത്തിന്റെ തിരിച്ചുവരവായിരുന്നു. റെയില്‍വേസിനെ ഞെട്ടിച്ച് അതേ നാണയത്തില്‍ തിരിച്ചടി. പക്ഷേ, മൂന്നാം സെറ്റില്‍ കേരളം അപ്രതീക്ഷതമായി തളര്‍ന്നു. പൊരുതാതെ കീഴടങ്ങി. ഇതോടെ നാലാമത്തെ സെറ്റ് കേരളം പൊരുതിയെങ്കിലും റെയില്‍വേസ് തകര്‍പ്പന്‍ പ്രകടനത്തിലൂടെ സെറ്റ് സ്വന്തമാക്കി കിരീടത്തില്‍ മുത്തമിട്ടു.