നിരാശപ്പെടുത്തി പ്രധാനമന്ത്രി

#

ന്യൂഡൽഹി (31.12.2016) : നവവത്സരത്തലേന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു. നവംബർ 8 നു പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ടു പിൻവലിക്കലിന്റെ ദുരിതങ്ങൾ അനുഭവിച്ച ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ഇന്നത്തെ പ്രസംഗത്തെ കാത്തിരുന്നത്. ഇന്ന് സുപ്രധാനമായ പ്രഖ്യാപനങ്ങളുണ്ടാകും എന്ന അറിയിപ്പ് വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായിരുന്നു. ഭാവന വായ്പകളുടെ പലിശയിൽ ചില്ലറ ഇളവുകൾ തുടങ്ങിയ വളരെ ചെറിയ ചില ആശാസ നടപടികൾ പ്രഖ്യാപിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത്.

നോട്ടു പിൻവലിക്കലിന്റെ പ്രത്യാഘാതമായി കാർഷിക മേഖല തകർന്നതോടെ വിളകൾക്ക് വിലയില്ലാതായ കർഷകർ ജീവിതം മുന്നോട്ടു നീക്കുന്നത് എങ്ങനെയെന്നറിയാതെ പ്രതിസന്ധിയിലാണ്. കാർഷികോല്പന്നങ്ങളുടെ വില കുറയുമ്പോൾ അതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നുമില്ല. ചെറുകിട വ്യാപാരമേഖലയും നിർമ്മാണമേഖലയും തകർച്ചയിലാണ്. തകർച്ചയിൽ നിന്ന് കര കയറാൻ സഹായിക്കുന്ന എന്തെങ്കിലും പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചവർ പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞതോടെ തീർത്തും നിരാശയിലായി. കാർഷിക, വ്യാപാര, നിർമ്മാണ മേഖലകളെ സഹായിക്കുന്ന ഒരു പദ്ധതി പോലും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ടായില്ല എന്നത് എല്ലാവരെയും ഞെട്ടിച്ചു.

നവംബർ 8 ന് നടത്തിയ പ്രഖ്യാപനത്തിൽ, രാജ്യത്തെ കള്ളപ്പണം പിടിച്ചെടുക്കാനുള്ള വലിയ നീക്കമാണ് നോട്ടു പിൻവലിക്കൽ എന്ന് പറഞ്ഞ പ്രധാനമന്ത്രി, അത് സംബന്ധിച്ച വസ്തുതകൾ ഒന്നും ഇന്നത്തെ പ്രസംഗത്തിൽ വെളിപ്പെടുത്തിയില്ല. എത്രത്തോളം പണം തിരിച്ചെത്തിയെന്നതിനെക്കുറിച്ചും തിരിച്ചെത്താത്ത പണത്തിൽ കള്ളപ്പണം എത്രത്തോളം എന്നതിനെക്കുറിച്ചും പ്രധാനമന്ത്രി മൗനം പാലിക്കുകയായിരുന്നു. കണക്കുകളും വസ്തുതകളും പറയാതെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം, പരാജയത്തിന്റെ പരസ്യ സമ്മതം പോലെയാണ് അനുഭവപ്പെട്ടത്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുമ്പ് വലിയ പ്രഖ്യാപനങ്ങൾ നടത്തുമെന്ന് പ്രതീക്ഷിച്ച സാധാരണ ബി.ജെ.പി പ്രവർത്തകർക്ക് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ കഴിയുന്നില്ല. ബജറ്റിൽ പ്രഖ്യാപിക്കേണ്ട ഇളവുകൾ പ്രധാനമന്ത്രി പ്രസംഗത്തിൽ നടത്തിയത് ധനകാര്യ മന്ത്രിയുടെ അധികാരം കവർന്നെടുക്കുകയാണെന്ന ശക്തമായ വിമർശനവും ഉയർന്നിട്ടുണ്ട്.