അഖിലേഷ് പ്രസിഡന്റ് : സമാജ്‌വാദി പാർട്ടി പിളരുന്നു

#

ലഖ്‌നൗ(01.01.2017) : സമാജ്‌വാദി പാർട്ടി ദേശീയ അദ്ധ്യക്ഷനായി യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പ്രഖ്യാപിച്ചു. ലഖ്‌നൗവിൽ ചേർന്ന സമാജ്‌വാദി പാർട്ടിയുടെ കൺവെൻഷനാണ് അഖിലേഷിനെ തെരഞ്ഞെടുത്തത്. മുലായം സിംഗ് ദേശീയ അദ്ധ്യക്ഷനായി തുടരവേയാണ് പുതിയ തീരുമാനം. അഖിലേഷ് യാദവും രാംഗോപാൽ യാദവും ചേർന്ന് വിളിച്ച് ചേർത്ത കൺവെൻഷനെതിരെ മുലായം സിംഗ് രംഗത്ത് വന്നിരുന്നു. അച്ചടക്ക ലംഘനം ആരോപിച്ച് അഖിലേഷിനെയും രാംഗോപാൽ യാദവിനെയും ആറ് വർഷത്തേക്ക് മുലായം പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും പാർട്ടിയിൽ തന്റെ ശക്തി കാണിച്ച് 24 മണിക്കൂറിനുള്ളിൽ അഖിലേഷ് തിരിച്ച് വരികയായിരുന്നു. പാർട്ടിയിലെ തന്റെ അപ്രമാദിത്വം തെളിയിക്കാനാണ് ഇന്നത്തെ കൺവൻഷനിലൂടെ അഖിലേഷ് ശ്രമിക്കുന്നത്. സമാജ്‌വാദി പാർട്ടിയുടെ 224 അംഗങ്ങളിൽ 200 ലേറെ പേരും അഖിലേഷ് യാദവിനോടൊപ്പമാണ്. പാർട്ടി നേതൃത്വത്തിലെ പുതിയ തലമുറയും പൂർണ്ണമായും അഖിലേഷിനോടൊപ്പമാണ്. ഇന്നലെ പ്രശ്നങ്ങൾ അവസാനിച്ചെന്ന് കരുതിയിരുന്നെങ്കിലും സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് തന്നെയാണ് നീങ്ങുന്നത്.