ഒപ്പം നിന്നവർ ഭരണത്തിൽ ; ഞങ്ങളിപ്പോഴും സമരമുഖത്ത്

#

(01.01.2017) :കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തമാണ് കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടേത്. നിസ്സഹായരായ മനുഷ്യരുടെ മേൽ ഭരണകൂടം ആകാശത്ത് നിന്ന് തളിച്ച വിഷം കാസർഗോട്ടെ മണ്ണിനെയും ജലത്തെയും കാലങ്ങളിലേക്ക് മലിനമാക്കുകയും ആയിരക്കണക്കിന് മനുഷ്യരെയും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെയും വരെ തീരാദുരിതത്തിൽ തളച്ചിടുകയും ചെയ്തു. ഈ മനുഷ്യരുടെ തീരാദുരിതങ്ങൾ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചതാണ്. ഭരണകൂടം പ്രതിയായ ഈ ദുരന്തത്തിന്റെ ഇരകൾ ഇപ്പോഴും നീതിക്ക് വേണ്ടിയുള്ള സമരത്തിലാണ്. പലപ്പോഴായി സർക്കാർ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെടുകയും അവ നേടിയെടുക്കാൻ വീണ്ടും സമരം ചെയ്യുകയും ചെയ്യുന്നത് എൻഡോസൾഫാൻ ഇരകളായ അമ്മമാർക്കും കുട്ടികൾക്കും ഇപ്പോൾ പരിചിതമായിരിക്കുന്നു. അവസാനമായി കഴിഞ്ഞ ജനുവരി 26 മുതൽ നടത്തിയ അമ്മമാരുടെ പട്ടിണി സമരത്തിൽ ലഭിച്ച ഉറപ്പുകളും പാഴ്വാക്കുകളാവുകയും ആ സമരത്തിൽ തങ്ങൾക്കൊപ്പം നിന്നവർ ഭരണത്തിലേറിയിട്ടും യാതൊരു മാറ്റവും ഉണ്ടാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ അടുത്തൊരു സമരത്തിനൊരുങ്ങുകയാണ് കാസർഗോട്ടെ എൻഡോസൾഫാൻ ഇരകൾ. പുതിയ സർക്കാർ വന്നിട്ടും തുടരുന്ന തങ്ങളുടെ ദുരിതത്തെ കുറിച്ചും ഇനിയും സമരം ചെയ്യേണ്ടി വരുന്ന ഇരകളുടെ ഗതികേടിനെക്കുറിച്ചും എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ ലെഫ്റ്റ്ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് പലപ്പോഴായി നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാവശ്യപ്പെട്ടാണ് 2016 ജനുവരി 26 മുതൽ തിരുവനന്തപുരത്ത് അമ്മമാരുടെ പട്ടിണിസമരം ആരംഭിച്ചത്. ഫെബ്രുവരി 3 ന് ആ സമരം ഒത്തുതീർപ്പിലെത്തി. അന്ന് ആ സമരത്തെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ഇടതുപക്ഷമാണ്. പ്രത്യേകിച്ച് സിപിഐഎം. സമരസഹായ സമിതിയുടെ കൺവീനർ തന്നെ വി.എസ് അച്ചുതാനന്ദനായിരുന്നു. എത്രയും വേഗം സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ താൻ നിരാഹാരം കിടക്കുമെന്ന് വി.എസ് പ്രഖ്യാപിക്കുകയും ചെയ്തു. ഇടതുപക്ഷ നേതാക്കളെല്ലാം ഈ സമരത്തെ ഗൗരവമായി കണ്ടവരും ഈ വിഷയം പഠിച്ചവരുമാണ്. കേവലം യു.ഡി.എഫ് വിരുദ്ധ സമീപനമായിരുന്നില്ല അവർക്കുണ്ടായിരുന്നത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ നവകേരള മാർച്ച് ആരംഭിച്ചത് കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ട് പ്രശ്നങ്ങൾ മനസിലാക്കിക്കൊണ്ടാണ്. 

ഇക്കാരണങ്ങൾ കൊണ്ട് തന്നെ കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വരുന്നത് വളരെ പ്രതീക്ഷയോടെയാണ് ദുരിതബാധിതർ കണ്ടത്. അവർ ഞങ്ങളെക്കുറിച്ച് അറിയാവുന്ന ആളുകളാണ്. അവരിൽ പലരും മന്ത്രിമാരാണ്. കടകംപള്ളി സുരേന്ദ്രൻ, വി.എസ് സുനിൽകുമാർ, ഞങ്ങളുടെ ജില്ലക്കാരനായ മന്ത്രി ഇ.ചന്ദ്രശേഖരൻ, കെ.കെ. ഷൈലജ ടീച്ചർ ഇങ്ങനെ ദുരിതബാധിതരുടെ പ്രശ്നങ്ങൾ അറിയുകയും അതിനൊപ്പം നിൽക്കുകയും ചെയ്തിരുന്ന ഒരുപാടാളുകൾ ഈ സർക്കാരിന്റെ ഭാഗമാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ടു മൂന്ന് മാസത്തിനിടയിൽ ഞങ്ങൾ ഇവരെയെല്ലാം കണ്ടു. മുഖ്യമന്ത്രിയെ മൂന്ന് തവണ കണ്ടു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ, ധനമന്ത്രി തോമസ് ഐസക്കിനെ, കൃഷിമന്ത്രി വി.എസ് സുനിൽകുമാറിനെ എല്ലാവരെയും കണ്ടു.

നിർഭാഗ്യവശാൽ 7 മാസം കഴിഞ്ഞിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, കിട്ടിക്കൊണ്ടിരുന്ന പല ആനുകൂല്യങ്ങളും നിലയ്ക്കുന്ന അവസ്ഥ കൂടിയാണ് ഉണ്ടായിരിക്കുന്നത്. ദുരിതബാധിതർക്കായുള്ള റിലീഫ് ആൻഡ് റെമഡിയേഷൻ സെല്ലിന്റെ പുനഃസംഘടന നടത്താൻ പോലും ഇത് വരെ സാധിച്ചിട്ടില്ല. ഒരു മന്ത്രിസഭാ തീരുമാനം മാത്രം മതി അത് നടപ്പാക്കാൻ. അത് പോലും നടക്കുന്നില്ല.

നിരവധി പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്. ദുരിതബാധിതരിൽ പലരും ഇപ്പോൾ ബിപിഎൽ ലിസ്റ്റിന് പുറത്താണ്. റേഷൻ പോലും ലഭിക്കുന്നില്ല. ആരോഗ്യരംഗത്ത് വളരെയധികം പ്രശ്നങ്ങളുണ്ട്. ജനുവരിയിലെ സമരത്തിന് ശേഷം ഫെബ്രുവരി അവസാനം മെഡിക്കൽ ക്യാമ്പ് നടത്തി ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കും എന്നായിരുന്നു ഉറപ്പ് നൽകിയത്. ഇത് വരെ അത് നടന്നിട്ടില്ല. ഇക്കാര്യം ആരോഗ്യമന്ത്രി കെ,കെ ഷൈലജ ടീച്ചറോട് പറഞ്ഞെങ്കിലും ഒന്നും നടന്നിട്ടില്ല. മെഡിക്കൽ ക്യാമ്പ് നടത്തി ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കിയാൽ പരിമിതമായ ചികിത്സയെങ്കിലും ലഭിക്കും. മരുന്ന് വാങ്ങാൻ കഴിയാതെ രാജീവി എന്നൊരു ദുരിതബാധിത കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തു. വെള്ളൂർ പഞ്ചായത്തിലെ ജഗന്നാഥ പൂജാരി എന്ന ആരോഗ്യവകുപ്പ് ജീവനക്കാരൻ, കുട്ടികളുടെ ചികിത്സയ്ക്ക് വേണ്ടിയെടുത്ത കടം തിരിച്ചടയ്ക്കാൻ കഴിയാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റെ രണ്ടു കുട്ടികളും ദുരിതബാധിതരാണ്. മതിയായ ചികിത്സ കിട്ടാതെ രണ്ടു കുട്ടികൾ മരിച്ചു. മെഡിക്കൽ ക്യാമ്പുകൾ ചടങ്ങായി മാറിക്കഴിഞ്ഞ സാഹചര്യമാണ്. ആഴ്ചയിലൊരിക്കൽ മരുന്ന് വിതരണം നടത്തുന്നതിനപ്പുറം യാതൊരു പരിശോധനകളും നടക്കുന്നില്ല. മൊബൈൽ മെഡിക്കൽ ടീം ഉണ്ടായിരുന്നത് നിലച്ചിരിക്കുകയാണ്. ഇതൊക്കെ ഈ സർക്കാരിന്റെ കാലത്താണ്.

കടബാധ്യതകളുടെ പേരിൽ ബാങ്കുകൾ നടപടികൾ തുടങ്ങിക്കഴിഞ്ഞു. വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലിശയും കൂട്ടുപലിശയുമായി ബാധ്യതകൾ പെരുകി വരികയാണ്. ബഡ്‌സ് സ്‌കൂളുകളുടെ കാര്യവും പരിതാപകരമാണ്. പെരിയയിലുള്ള ബഡ്‌സ് സ്‌കൂളിന് ആധുനിക സൗകര്യങ്ങളും കെട്ടിടങ്ങളും ഒക്കെ വന്നപ്പോൾ പുതിയ പുതിയ നിബന്ധനകൾ കൂടി വരികയാണ്.17 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളെ പ്രവേശിപ്പിക്കില്ല എന്നൊക്കെയാണ് നിബന്ധനകൾ. 17 വയസുള്ളപ്പോഴും 2 വയസ്സിന്റെ പോലും മാനസിക വളർച്ചയില്ലാത്തവരാണ് ദുരിതബാധിതരായ പല കുട്ടികളും. അതോടൊപ്പം അതിനെ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററാക്കി മാറ്റാനുള്ള നീക്കവും നടന്നു. അതിനെ അമ്മമാർ എതിർത്ത് തോൽപ്പിച്ചു. ബാക്കിയുള്ള ബഡ്‌സ് സ്‌കൂളുകളുടെ അവസ്ഥ വളരെ മോശമാണ്. ആസ്ബസ്റ്റോസ് ഷീറ്റിട്ട താത്കാലിക കെട്ടിടങ്ങളിലാണ് ഇപ്പോഴും ഈ ദുരിതബാധിതരായ കുട്ടികൾ പഠിക്കുന്നത്.

അടിയന്തിരമായി മെഡിക്കൽ ക്യാമ്പ് നടത്തി മുഴുവൻ ദുരിതബാധിതരെയും ഉൾപ്പെടുത്തി പുതിയ പട്ടിക തയ്യാറാക്കണം. മതിയായ ചികിത്സാസഹായങ്ങളൊരുക്കണം. കടബാധ്യതകൾ എഴുതിത്തള്ളണം. 25 കോടി രൂപയുടെ കടബാധ്യത ഉണ്ടെന്ന് ആദ്യം കണക്കാക്കിയത്, ചില സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് 10 കോടി 90 ലക്ഷം ആക്കി. അതിൽ ഒന്നരക്കോടി മാത്രമാണ് തള്ളിയത്. ദേശീയമനുഷ്യവാകാശ കമ്മീഷൻ ശുപാർശ ചെയ്ത ധനസഹായം 3000 പേർക്ക് ഇനിയും ലഭിച്ചിട്ടില്ല. പുനരധിവാസത്തിൽ ചർച്ചകളും അതിന് മീതെ ചർച്ചകളും നടക്കുന്നതല്ലാതെ യാതൊരു നടപടികളും ഉണ്ടാകുന്നില്ല. ദുരിതബാധിതർക്കായി 50 ബഡ്‌സ് സ്‌കൂളുകളെങ്കിലും ആവശ്യമുണ്ട്. ഈ ദുരന്തത്തിന്റെ ഉത്തരവാദികളായ പ്ലാൻറേഷൻ കോർപ്പറേഷൻ ഇനിയും 35 കോടി ധനസഹായം നൽകാനുണ്ട്.

ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് എൻഡോസൾഫാൻ ഇരകൾ അനുഭവിക്കുന്നത്. പൊതുസമൂഹവും രാഷ്ട്രീയ പാർട്ടികളും ദുരന്തബാധിതരെ മറന്ന മട്ടാണ്. ഈ വിഷയത്തെ പിന്തുണക്കുകയും ഇക്കാര്യങ്ങൾ പഠിക്കുകയും ചെയ്ത ഇടതുസർക്കാർ ദുരിതബാധിതരോടുള്ള അവഗണന തുടരുന്ന സാഹചര്യത്തിലാണ് ഇരകൾ നീതിക്ക് വേണ്ടി അടുത്തൊരു സമരത്തിന് നിർബന്ധിതരാവുന്നത്. ജനുവരി 30 ന് അമ്മമാരും കുട്ടികളും സെക്രട്ടറിയേറ്റിന് മുന്നിൽ വീണ്ടും സമരവുമായെത്തുകയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം സമരത്തെ കുറിച്ച് ആലോചിക്കുന്നത് പോലും വേദനാജനകമാണ്. ഈ രോഗികളായ കുട്ടികളെയും അമ്മമാരെയും കൊണ്ട് സമരം നടത്തുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. യാത്ര ചെയ്ത് തിരുവനന്തപുരത്തെത്തുക എന്നത് തന്നെ നരകതുല്യമായ അനുഭവമാണ്.

കുട്ടികളെ ഇങ്ങനെ സമരത്തിന് കൊണ്ട് വരുന്നതിനോട് ഒരു വിഭാഗം ആളുകൾ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ ഇരകളെ സംബന്ധിച്ചിടത്തോളം വേറെ വഴിയില്ല. അവർ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതെല്ലാം അമ്മമാരുടെയും കുട്ടികളുടെയും സമരത്തിലൂടെ നേടിയതാണ്. അല്ലെങ്കിൽ ഭരണകൂടം ശ്രദ്ധിക്കുക പോലുമില്ല. മാത്രമല്ല അമ്മമാർ സമരത്തിന് ഇറങ്ങുമ്പോൾ സ്വന്തമായി അനങ്ങാൻ പോലും സാധിക്കാത്ത ഈ കുട്ടികളെ അവരെന്ത് ചെയ്യും? കൂടെ കൊണ്ട് വരികയല്ലാതെ? രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ഈ സമരത്തെ കയ്യൊഴിഞ്ഞ സാഹചര്യത്തിൽ ഇരകൾ തന്നെ സമരം ചെയ്തേ മതിയാകൂ. എത്രയൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായാലും ഒന്നും ചെയ്യാതിരുന്നാൽ പിന്നെ ഞങ്ങൾക്ക് വേണ്ടി പറയാൻ ആരുമുണ്ടാകില്ല. ഞാൻ മരിച്ചാൽ എന്റെ കുട്ടിക്ക് പിന്നെ ആരുണ്ടെന്ന് ചോദിക്കുന്ന അമ്മമാരുടെ നിസ്സഹായതയുടെ സമരമാണിത്.