ഇ-മെയില്‍ സുരക്ഷിതമല്ല ; കത്തിലേക്ക് തിരികെ പോകാന്‍ ട്രംപ്

#

വാഷിംഗ്ടണ്‍ (01-01-17) : ഒരു കമ്പ്യൂട്ടറും രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ സുരക്ഷിതമല്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. ഭരണത്തിന്റെ ദൈനംദിന കാര്യങ്ങള്‍ മുതല്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ ഇ-മെയില്‍ വഴി ആശയവിനമയം നടത്തുന്നത് അപകടകരമാണെന്നാണ് ട്രംപിന്റെ വാദം. നവവത്സര തലേന്ന് മാധ്യമപ്രവര്‍ത്തകരോട്  സംസാരിക്കുകയായിരുന്നു നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്.

വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇ-മെയില്‍ വഴി അറിയിക്കുന്നതിനു പകരം എഴുതി കവറിലാക്കി കൊറിയര്‍ അയയ്ക്കുന്നതാണ് നല്ലതെന്ന് ട്രംപ് പറഞ്ഞു. നിരന്തരമായി ട്വീറ്റ് ചെയ്യുമെങ്കിലും കമ്പ്യൂട്ടറുകള്‍ കൃത്യമായി ഉപയോഗിക്കുകയോ ഇ-മെയില്‍ സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യുന്ന രീതി ട്രംപിനില്ല. അമേരിക്കന്‍ പ്രസിഡന്റാകുന്ന ഒരാള്‍, സാങ്കേതിക വിദ്യയില്‍ അവിശ്വാസം പ്രകടിപ്പിക്കുകയും പഴമയിലേക്ക് തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തത് തികച്ചും അത്ഭുതകരമായ കാര്യമാണ്.