വിശ്വാസത്തിനു വേണ്ടി വെടിയേറ്റു വീണ സഫ്ദര്‍

#

ന്യൂഡല്‍ഹി (01-01-17) : 28 വര്‍ഷം മുമ്പ് ഒരു നവവത്സരദിനം വൈകുന്നേരമാണ് സഫ്ദര്‍ ഹഷ്മിക്ക് വെടിയേറ്റത്. ഡല്‍ഹിയ്ക്ക് സമീപം ഒരു ഗ്രാമത്തില്‍ തെരുവു നാടകം അവതരിപ്പിക്കുകയായിരുന്നു സഫ്ദര്‍ ഹഷ്മിയും സംഘവും. ഘാസിയാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജന്‍നാട്യമഞ്ചിനു വേണ്ടി 'ഹല്ലാ ബോല്‍' എന്ന നാടകം അവതരിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് സഫ്ദര്‍ ഹഷ്മിക്ക് വെടിയേറ്റത്. ഡല്‍ഹിയില്‍ മാത്രം അറിയപ്പെട്ടിരുന്ന, 35 വയസ്സു തികഞ്ഞിട്ടില്ലാത്ത സഫ്ദര്‍ ഹഷ്മി, ഇന്ത്യയിലെ പ്രതിരോധ നാടക പ്രസ്ഥാനത്തിന്റെ, പ്രതീകമായി മാറുകയായിരുന്നു.

ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ സഫ്ദര്‍ ഹഷ്മിക്ക് അക്കാഡമിക് രംഗത്തോ മാധ്യമരംഗത്തോ ഉന്നതമായ ഒരു പദവി കരസ്ഥമാക്കി സ്വസ്ഥവും സുഖകരവുമായ ജീവിതം നയിക്കാമായിരുന്നു. അത്തരമൊരു 'സ്വസ്ഥത'യില്‍ സുഖം കണ്ടെത്താന്‍ കഴിയാത്ത തരത്തില്‍ ഇടതുപക്ഷ രാഷ്ട്രീയ ബോധവും കലാപ്രവര്‍ത്തനത്തോടുള്ള പ്രതിബദ്ധതയും തീഷ്ണമായി ഉള്‍ക്കൊണ്ടയാളായിരുന്നു സഫ്ദര്‍ ഹഷ്മി. താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനു വേണ്ടി തെരുവില്‍ കലാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കെ മരിച്ചു വീണ, സഫ്ദര്‍ ഹഷ്മി തന്റെ ജീവിതം കൊണ്ട് നല്‍കിയ ഉജ്ജ്വലമായ സന്ദേശം പിന്നീട് വന്ന നാടകപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് തെരുവില്‍ നാടകം അവതരിപ്പിക്കുന്നതില്‍ വിശ്വാസമര്‍പ്പിച്ചവര്‍ ഏറ്റുവാങ്ങി.