അമൃതാനന്ദമയി മഠം നിയമക്കുരുക്കിലേക്ക്

#

കൊല്ലം (02-01-17) : ആൾദൈവം മാതാ അമൃതാന്ദമയി ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ വിജിലൻസ് പരിശോധന. കൊല്ലം വള്ളിക്കാവിലുള്ള അമൃത ക്യാംപസിലെ സ്ഥാപനങ്ങളിലാണ് വിജിലൻസ് കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. അമൃത ആശ്രമം നടത്തിക്കൊണ്ടിരിക്കുന്ന നിയമലംഘനങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തുന്ന ക്ലാപ്പന സ്വദേശിയായ സിപിഐ (എം) പ്രവർത്തകൻ വിജേഷ് വിജിലൻസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്ലാപ്പന പഞ്ചായത്ത് ഓഫീസിലും അമൃത എഞ്ചിനീയറിംഗ് കോളജിലും ഒരേ സമയമാണ് പരിശോധനകൾ നടത്തിയത്. ഒരു ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ അവിടെയുണ്ടെന്നും അത് മുഴുവൻ പരിശോധിച്ച് നിയമലംഘനം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പ്രാഥമിക പരിശോധനകളാണ് നടത്തിയതെന്നും വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കാനായി തുടർ പരിശോധനകൾ നടത്തുമെന്ന്  വിജിലൻസ് അധികൃതർ പറഞ്ഞു.

15 ഏക്കർ നിലം  നികത്താനുള്ള അനുമതിയുടെ മറവിൽ  46.87 ഏക്കർ ഭൂമി നികത്തി അനധികൃത നിർമ്മാണങ്ങൾ നടത്തിയെന്നും, ചീഫ് ടൌൺ പ്ലാനറുടെ ഉത്തരവിന്റെ മറവിൽ  ഈ അനധികൃത നിർമ്മാണങ്ങൾക്ക് നികുതി അടയ്ക്കാതെ മുഴുവൻ കെട്ടിടങ്ങളും അനുമതിയുള്ള 15 ഏക്കറിൽ തന്നെയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിയ്ക്കുന്നുവെന്നും ഇത് അന്വേഷിക്കണമെന്നും കാണിച്ചാണ് വിജേഷ് വിജിലൻസിന് പരാതി നൽകിയത്.

ആലപ്പാട് പഞ്ചായത്തിലാണ് മാതാ അമൃതാനന്ദമയി മഠം നിൽക്കുന്നതെങ്കിലും ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളിലായിട്ടാണ് മഠത്തിന്റെ സ്ഥാപനങ്ങൾ പലതും. തീരദേശ പരിപാലന നിയമമടക്കം കാറ്റിൽ പറത്തിയാണ് ഇവയിൽ ഭൂരിപക്ഷവും നിർമ്മിച്ചിരിക്കുന്നത്. കൂടുതൽ സ്ഥാപനങ്ങളും ക്ലാപ്പന പഞ്ചായത്തിലാണ്. എന്നാൽ ഇതിനൊന്നും തന്നെ പഞ്ചായത്തിന്റെ അനുമതി വാങ്ങിയിട്ടില്ല. ഒരു ലക്ഷം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളവയാണ് മിക്കവയും. ക്ലാപ്പന പഞ്ചായത്തിലെ തങ്ങളുടെ സ്ഥാപനങ്ങളുടെ മൊത്തം വിസ്തീർണ്ണം 102583.33 ചതുരശ്ര മീറ്റർ ആണെന്ന് മഠം തന്നെ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് അമൃതാനന്ദമയി മഠം ചീഫ് ടൗൺ പ്ലാനറിൽ നിന്ന് എല്ലാ കെട്ടിടങ്ങൾക്കും അനുമതി നേടിക്കൊണ്ടുള്ള ഉത്തരവ് സമ്പാദിച്ചു. 15 ഏക്കർ നിലം നികത്താനാണ് അനുമതി ഉള്ളതെന്നും ഈ കെട്ടിടങ്ങൾ അവിടെ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെന്നും തണ്ണീർത്തട സംരക്ഷണ നിയമമടക്കം നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് വരുത്താനും അതിനു ശേഷം 20 നിബന്ധനകൾക്ക് വിധേയമായി അനുമതി നല്കാനുമായിരുന്നു ചീഫ് ടൗൺ പ്ലാനറുടെ ഉത്തരവ്. എന്നാൽ ക്ലാപ്പന പഞ്ചായത്ത് അധികൃതർ ഇതിൽ ക്രമക്കേട് നടത്തി അമൃതാനന്ദമയി മഠത്തിന്റെ മുഴുവൻ കെട്ടിടങ്ങളും അനുമതിയുള്ള പതിനഞ്ച് ഏക്കറിലാണെന്ന് വരുത്തി തീർത്ത് ഒരു കോടി രൂപ അടച്ച് എല്ലാ അനധികൃത നിർമ്മാണങ്ങളും നിയമവിധേയമാക്കാൻ ഉള്ള സൗകര്യം ചെയ്ത് കൊടുത്തു. ഇതും അന്വേഷിക്കണമെന്ന് വിജേഷ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

എ.കെ ആന്റണി സർക്കാരിന്റെ കാലത്താണ് അമൃതാനന്ദമയി മഠത്തിന് 15 ഏക്കർ നിലം നികത്തി നിർമ്മാണം നടത്താനുള്ള അനുമതി നൽകിയത്. എന്നാൽ ഇപ്പോൾ അവർക്ക് 46.87 ഏക്കർ ഭൂമിയുണ്ടെന്ന് ചീഫ് ടൗൺ പ്ലാനറുടെ ഉത്തരവ് തന്നെ വ്യക്തമാക്കുന്നു. ഇപ്പോൾ ഉള്ള കെട്ടിടങ്ങൾക്കെല്ലാം നമ്പർ ഇടാൻ വേണ്ടി അമൃതാനന്ദമയി മഠം സമർപ്പിച്ച അപേക്ഷയിൽ തന്നെ ഇപ്പോൾ നടക്കുന്നത് തട്ടിപ്പാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ട്. ഇപ്പോൾ അനുമതിയുള്ള ഭൂമിയിലാണെന്ന് പറയുന്ന പല കെട്ടിടങ്ങളും വേറെ സർവ്വേ നമ്പറുകളിലാണെന്ന് ആ അപേക്ഷയിൽ വ്യക്തമാണ്. ഈ കെട്ടിടങ്ങൾക്ക് നമ്പർ ഇടാനുള്ള അപേക്ഷ മുൻപ് നിയമവിരുദ്ധമെന്ന് കണ്ട് ജില്ലാ ടൗൺ പ്ലാനർ തള്ളിയിരുന്നു.

പുതിയ സർക്കാർ വന്നതോടെ വിജിലൻസ് സമഗ്രമായി കേസ് അന്വേഷിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് വിജേഷ് പ്രതീക്ഷിക്കുന്നത്. ഭരണസംവിധാനത്തെ മൊത്തമായി സ്വാധീനിക്കാൻ ശേഷിയുള്ള അമൃതാനന്ദമയി ആശ്രമത്തിന്റെ സ്ഥാപനങ്ങളിൽ വിജിലൻസ് പരിശോധന നടക്കുന്നത് തന്നെ ആശ്വാസകരമായാണ് പലരും കാണുന്നത്. അമൃതാന്ദമയി എന്ന ശക്തയായ ആൾദൈവത്തിനെതിരെ വർഷങ്ങളായി വിജേഷ് എന്ന ചെറുപ്പക്കാരൻ നടത്തുന്ന പോരാട്ടങ്ങളുടെ ഫലമാണിത്.
Read Also :അമൃതാന്ദമയി മഠം ഒരു കോടി നികുതിയടച്ചത് തട്ടിപ്പ് മറയ്ക്കാൻ