സാധരണക്കാരനായിരിക്കുന്നതിലാണ് സന്തോഷം : ടോവിനോ

#

എന്ന് നിന്റെ മൊയ്തീനിലെ നഷ്ട കാമുകന്‍ അപ്പു, ഗപ്പിയിലെ എൻജിനീയറായ തേജസ് വര്‍ക്കി. രണ്ട് ധ്രുവങ്ങളിലായി നില്‍ക്കുന്ന രണ്ട് വ്യത്യസ്ത കഥാപാത്രങ്ങള്‍. അത് വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ടോവിനോ തോമസ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ മലയാള രംഗത്തെ മികച്ച ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളായി ടോവിനോ നമുക്ക് മുന്നിലെത്തി. തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ പരമാവധി മികച്ചതാക്കാന്‍ എന്ത് കഠിന പരിശ്രമത്തിനും തയ്യാറാകുന്ന ടോവിനോ, സിനിമകള്‍, സമകാലീക പ്രശ്‌നങ്ങള്‍, ഭാവി പ്രതീക്ഷകള്‍ എന്നിവെയെക്കുറിച്ച് ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.

ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ ടോവിനോയുടെ കരിയറിലെ മികച്ച വര്‍ഷങ്ങളായിരുന്നു. പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒരു പിടി മികച്ച കഥാപാത്രങ്ങള്‍. അതിഥിവേഷത്തില്‍ എത്തിയാല്‍ പോലും തന്റെ സാന്നിധ്യം അറിയിച്ച് പോകുന്ന കഥാപാത്രങ്ങള്‍. സിനിമ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകമായി ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ്?

ഒരു പിടി സിനിമകൾ ഒന്നുമില്ല. 2016-ൽ റിലീസ് ചെയ്ത ചിത്രങ്ങൾ എന്ന് പറഞ്ഞാൽ യു.ടു.ബ്രൂട്ടസ്, ഒന്നാം ലോക മഹായുദ്ധം, എന്ന് നിന്റെ മൊയ്‌തീൻ, ചാർളി, മൺസൂൺ മാംഗോസ്, 2 പെണ്ണുങ്ങൾ, സ്റ്റൈൽ, ഗപ്പി എന്നീ ചിത്രങ്ങളാണ്. അതിൽ മൊയ്തീനിലേത് വളരെ ശക്തമായ ഒരു കഥാപാത്രമായിരുന്നു. അതുകൊണ്ട് തന്നെ മൊയ്തീന് ശേഷം കിട്ടിയ ഒരു ബ്രേക്ക് അത് പരമാവധി ഉപയോഗിക്കണം. ഉഴപ്പി എന്ന് ആരും പറയാൻ പാടില്ല. എല്ലാം പരമാവധി തയ്യാറെടുത്ത് തന്നെ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് താടിവളർത്തിയതും ഗോദയ്ക്ക് വേണ്ടി ഗുസ്തി പഠിച്ചതും എല്ലാം.

നോട്ട് നിരോധനം, തിയറ്ററിലെ ദേശീയ ഗാനം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇപ്പോള്‍ വന്‍ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇതില്‍ പ്രതികരിച്ചപ്പോള്‍ അനുകൂലവും പ്രതികൂലവുമായ നിലപാടുമായി നിരവധി പേര്‍ എത്തിയിരുന്നു. ഇത്തരം വിഷയങ്ങളില്‍ താങ്കളുടെ നിലപാട് എന്താണ്?

നോട്ട് നിരോധനം സാധാരണ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എനിക്കും കുറേ ഏറെ ബുദ്ധിമുട്ടുണ്ടായി. നിയമത്തിന് മുന്നിൽ സിനിമാനടനെന്നോ പ്രേക്ഷകർ എന്നോ വ്യത്യാസമില്ല.നിയമം എല്ലാവർക്കും ബാധകമാണ്. എ.ടി.എം-ൽ നിന്ന് ഒരു ദിവസം 2000 രൂപയേ പിൻവലിക്കാൻ സാധിക്കുകയുള്ളു. പിന്നെ ബാങ്ക് ലിമിറ്റും. യാഥാർഥ്യത്തിൽ ജനങ്ങളെ മൊത്തത്തിൽ ലോക്ക് ചെയ്തിരിക്കുകയാണ്. നമ്മൾ ഉണ്ടാക്കിയ ക്യാഷ് നമുക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ. അതാണിപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഇതൊക്കെ ലോങ്ങ് ടെം ആയിട്ട് നല്ലത് സംഭവിക്കാൻ പോകുന്നതിന്റെ മുന്നോടിയാണെങ്കിൽ നമുക്ക് ഈ ബുദ്ധിമുട്ട് ക്ഷമിക്കാം. പക്ഷെ 500 കോടി മുടക്കി എം.എൽ.എ തന്റെ മകളുടെ കല്യാണം നടത്തുന്നു. കോടികളുടെ പുതിയ നോട്ട് രാഷ്ട്രീയക്കാരുടെ കയ്യിൽ നിന്നും മറ്റും റെയ്ഡ്ചെയ്ത് പിടിക്കുന്നു. നോട്ട് പ്രതിസന്ധി രൂക്ഷമായി പ്രതിഫലിക്കുമ്പോൾ കോടികളുടെ പുതിയ നോട്ട് എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നാണ് എന്റെ ചോദ്യം. സാധാരണക്കാർക്ക് പഴയ നോട്ട് മാറ്റി പുതിയത് നൽകാൻ ബാങ്കുകളിൽ നോട്ട് തികയാതെ വന്നത് കൊണ്ടാണ് ഈ ലിമിറ്റേഷൻസ് ഒക്കെ വന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇത്രയും അധികം നോട്ട് റെയ്ഡ്ചെയ്ത് പിടിക്കുമ്പോൾ ഇതിൽ നിന്ന് എന്താ മനസിലാവുക? കള്ളപ്പണം ഒഴിവാക്കാൻ തിരഞ്ഞെടുത്ത ഈ നിയമം കൊണ്ട് അത് ഒഴിവാകുന്നില്ല എങ്കിൽ എന്തിന് ജനങ്ങളെ ബുദ്ധിമുട്ടിക്കണം? ലോങ്ങ് ടൈം നല്ലതിന് എന്ന് പറയുന്നു. പക്ഷെ അതിന് ബുദ്ധിമുട്ട് അനുഭവിക്കേണ്ടത് സാധാരണക്കാർ മാത്രമാണെങ്കിൽ രാഷ്ട്രീയക്കാർക്കും വലിയ പണക്കാർക്കും ഈ ബുദ്ധിമുട്ട് ഒരൽപം പോലും അനുഭവപ്പെടുന്നില്ലെങ്കിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഈ നിയമം അനാവശ്യം തന്നെയാണെന്നാണ് എന്റെ അഭിപ്രായം.

ദേശീയഗാനത്തിന്റെ വിവാദങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ തീയറ്ററിൽ ദേശീയഗാനം ആവശ്യമുണ്ടോ എന്നത് ഒരു ചോദ്യമാണ്. ദേശീയഗാനത്തോടുള്ള ബഹുമാനം നമ്മൾ ചെറുപ്പം മുതലേ ശീലിക്കുന്നതാണ്. അതിപ്പോൾ തീയറ്ററിൽ മറ്റ്‌ ആളുകളുടെ മുന്നിൽ കാണിക്കേണ്ട ആവശ്യമില്ല. ബഹുമാനം നിലകൊള്ളേണ്ടത് മനസിലാണ്. അല്ലാതെ ബഹുമാനിക്കണം എന്ന് പറഞ്ഞ് ആരും ആരിലും അടിച്ചേൽപ്പിക്കേണ്ട സാധനമല്ല ഈ ദേശീയഗാനം എന്നത്. ഞാൻ ചില ദിവസങ്ങളിൽ 5 സിനിമ കാണാറുണട്. ഈ അഞ്ച് പ്രാവശ്യവും ദേശീയഗാനം കേൾക്കുമ്പോൾ അത്തരത്തിലൊരു അടിച്ചേൽപ്പിക്കൽ ഫീൽ ചെയ്യാറുണ്ട്. ഞാൻ പല ഒഫിഷ്യൽ ഫങ്ഷനുകൾക്കും പോകാറുണ്ട്. എവിടെ ഒക്കെ ദേശീയഗാനം ഉണ്ടോ അവിടെ ഒക്കെ റെസ്‌പെക്ട് ചെയ്യാറുമുണ്ട്. തീയറ്ററിലും റെസ്‌പെക്ട് ചെയ്യും. പക്ഷേ, ദേശീയഗാനം തീയറ്ററുകളിൽ നിർബന്ധമാക്കണമെന്ന് വാശി പിടിക്കുന്ന നിയമത്തിന് പിന്നിൽ മറ്റെന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്.

ആരാധിക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ അതിരു വിട്ട പ്രതികരണങ്ങളുമായി ചില ഫാന്‍സ് എത്താറുണ്ട്. സ്ത്രീകളടക്കം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇത്തരം ഫാന്‍സിന്റെ ആക്രമണത്തിനിരയാകുന്നു. അതിരുവിട്ട താരാരാധനയെയും ഫാന്‍സ് അസോസിയേഷനുകള്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങളെയും കുറിച്ച് എന്താണ് അഭിപ്രായം.? ഇത്തരത്തില്‍ അതിരുവിടുന്ന ഫാന്‍സ് അസോസിയേഷനുകളെ ടോവിനോ പ്രോത്സാഹിപ്പിക്കുമോ?

ഞാൻ ഈ രണ്ട് പേരുടെയും ഭാഗത്ത് നിൽക്കില്ല. കാരണം സോഷ്യൽ മീഡിയ എന്നത് നെഗറ്റിവിറ്റി കൂടുതലുള്ള ഒരു സ്ഥലമാണ്. അങ്ങനെയുള്ള ഒരിടത്ത് കയറി പോസിറ്റീവ് ആയിട്ട് എന്ത് പോസ്റ്റിട്ടാലും അതിനെ നെഗറ്റീവ് ആയിട്ട് കമന്റിടാൻ ആളുകൾ ഉണ്ടാകും. ഇതറിഞ്ഞ് കൊണ്ടാണ് നമ്മൾ പോസ്റ്റിടുന്നത്. മാത്രമല്ല സോഷ്യൽ മീഡിയ എന്നത് രാജ്യസ്നേഹമോ ഒരാളോടുള്ള വ്യക്തിപരമായ സ്നേഹമോ നിലപാടുകളോ അറിയിക്കാനുള്ള സ്ഥലമല്ല. അതിന് ഇറങ്ങി പ്രവർത്തിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ സോഷ്യൽ മീഡിയയിൽ കിടന്ന് കരഞ്ഞു വിളിച്ചത് കൊണ്ട് ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. അതുകൊണ്ട് ഇതിലൊക്കെ ഇറങ്ങി എന്തെങ്കിലും ചെയ്യുമ്പോൾ നമ്മൾ ഇതെല്ലാം പ്രതീക്ഷിക്കണം. അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ഫെയ്ക്ക് അക്കൗണ്ടുകൾ നിയന്ത്രിക്കാൻ സംവിധാനം ഉണ്ടാകണം. ഇതൊന്നും പറ്റാത്തിടത്തോളം ഇതെല്ലാം ആവർത്തിക്കുകയും സ്ത്രീകളും കുട്ടികളും പ്രായമായവരും എല്ലാം തന്നെ ആക്രമിക്കപ്പെടുകയും ചെയ്യും. ഇതൊന്നും തടയാൻ സാധിക്കില്ല. അതിനെ തടയണമെങ്കിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് ഇത് ഉപയോഗിക്കാൻ ഒരു മിനിമം ക്വാളിറ്റി വേണം എന്നുള്ള ഒരു നിയന്ത്രണം ഉണ്ടാക്കാൻ പറ്റണം. അത് സാധ്യമാകാത്ത കാര്യമായത് കൊണ്ട് ഇങ്ങനെയുള്ള ആക്രമണങ്ങളിൽ നിന്ന് ഒഴിവാകാനായി സോഷ്യൽ മീഡിയയിൽ അധികം ആക്റ്റീവ് ആകാതിരിക്കുക എന്നതാണ് ഇതിനുള്ള പോംവഴി.

ചിത്രങ്ങളുടെ പൂജ മുതല്‍ റിലീസിംഗ് വരെയുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അപ്പപ്പോള്‍ തന്നെ ജനങ്ങളിലെത്താറുണ്ട്. ചിത്രം റിലീസ് ചെയ്തു കഴിയുമ്പോള്‍ നല്ലതായാലും മോശമായാലും അറുത്തു മുറിച്ചു കൊണ്ട് തന്നെയുള്ള റിവ്യു അന്ന് തന്നെ പ്രത്യക്ഷപ്പെടും. ഇത്തരത്തില്‍ സിനിമകളുടെ വിജയത്തിലും പരാജയത്തിലും സോഷ്യല്‍ മീഡിയ പങ്ക് വഹിക്കുന്നു. ഈ വിഷയത്തില്‍ എന്താണ് അഭിപ്രായം?

ഞാൻ ആദ്യമേ പറഞ്ഞല്ലോ സോഷ്യൽ മീഡിയ എന്നത് നെഗറ്റീവ് ഏരിയ ആണ്. നെഗറ്റീവ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം പോസിറ്റീവ് ആയ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ആളുകൾ തീരുമാനിച്ചാൽ സിനിമയുടെ വിജയങ്ങളിലും പരാജയങ്ങളിലും അവരുടെ കൈ ഉണ്ടാകില്ല. സോഷ്യൽ മീഡിയ പോലുള്ളവയിൽ സിനിമയുടെ റിവ്യു ഇടുന്നവരിൽ ഭൂരിഭാഗം ആളുകളും സിനിമയിൽ എവിടെയെങ്കിലും എത്താൻ ആഗ്രഹിക്കുന്നവരും സിനിമയിൽ എവിടെയും എത്താൻ പറ്റാത്തവരുമാണ്. യാഥാർത്ഥത്തിൽ ഒരു സിനിമയുടെ നിരൂപണം എന്ന് പറഞ്ഞാൽ നല്ല രീതിയിലും മോശമായ രീതിയിലും അങ്ങനെ പലതരത്തിലുള്ള വിലയിരുത്തലുകളുണ്ട്. നല്ല രീതിയിലുള്ള വിലയിരുത്തലുകൾ അത് അടുത്ത തവണ ചെയ്യുമ്പോൾ നന്നാകാൻ വേണ്ടിയാണ്.മോശമായ രീതിയിലുള്ള വിലയിരുത്തലുകൾ ഇനി മേലാൽ ഈ ജോലി ചെയ്യരുതെന്ന് വിചാരിച്ചാണ്. മോശമായ വിലയിരുത്തലുകൾ കൊണ്ട് ആരും ഒന്നും നേടുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യo എല്ലാവർക്കും ഉണ്ട്. പക്ഷെ നമ്മുടെ അഭിപ്രായങ്ങളെ ആരിലും അടിച്ചേൽപ്പിക്കരുത്. ഒരു ഉദാഹരണo പറയുകയാണെങ്കിൽ.ഒരു സിനിമയിറങ്ങി.ആ സിനിമ ഇഷ്ടപ്പെടാത്ത ഒരാൾ ആ സിനിമ ആദ്യത്തെ ദിവസം തീയറ്ററിൽ പോയി കണ്ടു.എന്നിട്ട് അയാൾ വന്ന് പറയുകയാണ്, ഈ സിനിമ ഒട്ടും കൊള്ളില്ല. വളരെ മോശം സിനിമയാണെന്ന്. ആ ഒരു അഭിപ്രായത്തിന്റെ പേരിൽ ആ സിനിമ ഇഷ്ടപ്പെടാൻ സാധ്യതയുള്ള കുറേ ആളുകൾ തീയറ്ററിൽ പോയി സിനിമ കാണാതിരിക്കുന്നു. ആ സിനിമ അങ്ങനെ തീയറ്ററിൽ ഫ്‌ളോപ് ആയി പോകുന്നു. പിന്നീട് ഇതേ സിനിമയുടെ ഡിവിഡി കണ്ടിട്ട് ഇതൊരു നല്ലസിനിമയാണെന്ന് തോന്നുകയും ഞാൻ തീയറ്ററിൽ പോയി കാണാത്തത് കൊണ്ടാണല്ലോ ഇത് പരാജയപ്പെട്ടത് എന്ന കുറ്റബോധം ചിലരിൽ ഉടലെടുക്കുകായും ചെയ്യുന്നു.വ്യക്തിപരമായ അഭിപ്രായം ഉണ്ടാകാം.പക്ഷെ അത് വ്യക്തിപരമായ കാഴ്ചപ്പാടാണെന്ന് തന്നെ പറയണം. അല്ലാതെ ഒരു സിനിമയെ ബാധിക്കുന്ന രീതിയിൽ ഒന്നും തന്നെ വരാൻ പാടില്ല.

എന്‍ജിനീയറായ ടോവിനോയില്‍ നിന്ന് സിനിമാ താരമായ ടോവിനോയിലെത്തുമ്പോള്‍ ജീവിതത്തിലെ മാറ്റങ്ങള്‍ എന്തൊക്കയാണ്? സിനിമയിലെത്തിയ ഈ കഴിഞ്ഞ വര്‍ഷങ്ങള്‍ എങ്ങനെയാണ് ജീവിതത്തെ സ്വാധീനിച്ചത്?

ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറാകണമെന്ന് ആഗ്രഹിച്ച ഒരു വ്യക്തി അല്ല ഞാൻ. സ്വപ്നം കണ്ടത് സിനിമയായിരുന്നു. ആ സ്വപ്നം യാഥാർത്ഥ്യമായി. ഞാൻ ഇപ്പോൾ എന്റെ സ്വപ്നമാണ് ജീവിച്ച് കൊണ്ടിരിക്കുന്നത്. അതിൽ വളരെ അധികം സന്തോഷം ഉണ്ട്. പിന്നെ എഞ്ചിനീയറായ ടോവിനോയില്‍ നിന്ന് സിനിമാ താരമായ ടോവിനോ അതിലെ മാറ്റം എന്ന്പറയുമ്പോൾ സത്യത്തിൽ അങ്ങനെ ഒരു സെലിബ്രിറ്റി എന്നൊരു തോന്നൽ എനിക്ക് ഉണ്ടായിട്ടില്ല. ചുറ്റുമുള്ളവർ എന്നോട് സെലിബ്രിറ്റി എന്ന കാഴ്ചപ്പാടിൽ പെരുമാറുമ്പോഴാണ് ഓ അത്തരമൊരു സ്റ്റാറ്റസ് ആണല്ലോ ആളുകൾ എനിക്ക് തന്നിരിക്കുന്നത് എന്ന് തോന്നുന്നത്. സെലിബ്രിറ്റി എന്ന് കേൾക്കുന്നതിനേക്കാൾ ഉപരി ഞാൻ എന്നും ഹാപ്പിയായിരിക്കുന്നത് ഒരു സാധാരണക്കാരനായി ഇരിക്കുമ്പോഴാണ്. അല്ലാതെ ഞാൻ ഒരു സെലിബ്രിറ്റി ആണെന്ന് പറഞ്ഞ് മസ്സിൽ പിടിച്ചിരിക്കുന്നതിനോട് എനിക്ക് തീരെ താല്പര്യമില്ല. അത് വളരെ ബോറാണെന്നാണ് എന്റെ അഭിപ്രായം. മുൻപ് ഞാൻ കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് എന്നോട് തോന്നിയ അതേ വികാരo തന്നെയാണ് ഇപ്പോൾ കണ്ണാടി നോക്കുമ്പോഴും എനിക്ക് തോന്നുന്നത്. എന്റെ മനസ്സിൽ എനിക്ക് മാറ്റങ്ങൾ ഒന്നും ഇല്ല. മറ്റുള്ളവരുടെ കാഴ്ചപ്പാടുകളിലാണ് മാറ്റം ഉണ്ടായിരിക്കുന്നത്.

നിരവധി ഓര്‍മ്മകള്‍, നല്ല കുറെ സിനിമകള്‍, നേട്ടങ്ങള്‍ എല്ലാം നല്‍കി 2016 കടന്നു പോവുകയാണ്. ഈ വര്‍ഷത്തില്‍ ടോവിനോ ഏറ്റവുമധികം ഓര്‍ത്തുവെയ്ക്കുന്ന ഒരു സംഭവം അല്ലെങ്കില്‍ ഒരു സിനിമാ അനുഭവം ഏതായിരിക്കും?

ഗപ്പിയെകുറിച്ച്.അത് ഞാൻ തീയറ്ററിൽ ഇരുന്ന് കണ്ടപ്പോൾ ഗപ്പിയുടെ ക്ളൈമാക്സിൽ എല്ലാവരും കയ്യടിച്ചു. ഭൂരിഭാഗം ആളുകളുടെ കണ്ണും നിറഞ്ഞു. എന്നിട്ടും ആ സിനിമ തീയറ്ററുകളിൽ വലിയ ഹിറ്റൊന്നും ആയില്ല. എന്നാൽ ഇപ്പോൾ ഡിവിഡി ഇറങ്ങിയതിന് ശേഷം ആ സിനിമയെ പറ്റി കേൾക്കുന്നത് വളരെ നല്ല അഭിപ്രായമാണ്. അങ്ങനെ സംഭവിക്കുമ്പോൾ വളരെ അധികം സന്തോഷമുണ്ട്.

മറക്കാനാവാത്ത ഒരു അനുഭവം എന്ന് പറയുമ്പോൾ രൺജി പണിക്കർ ഗോദയുടെ സെറ്റിൽ വെച്ച് എന്നോട് പറഞ്ഞ ഒരു കാര്യമാണ്. ഗോദയിൽ ഒരു ഫൈറ്റ് സീൻ ഉണ്ടായിരുന്നു. ആ സീൻ കഴിഞ്ഞപ്പോൾ പുള്ളി എന്നോട് പറഞ്ഞു, ''നീ വിണ്ണിൽ വിരിഞ്ഞ താരമല്ലെടാ, മണ്ണിൽ വിരിഞ്ഞ താരമാണെന്ന്''. അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകൾ നല്ലൊരു അനുഭവമായി തോന്നി.

പുതുവര്‍ഷത്തിലെ പ്രതീക്ഷകള്‍, പ്രോജക്റ്റുകള്‍, സ്വപ്നങ്ങള്‍ എന്തൊക്കെയാണ്?

പുതിയ പ്രതീക്ഷകൾ എന്നാൽ പുതിയ റിലീസുകളാണ്. ഗോദ, എസ്ര, മെക്സിക്കൻ അപാരത ഇതൊക്കെയാണ് ഇനി റിലീസിനൊരുങ്ങുന്നത്.പിന്നെ പുതിയ പ്രൊജക്റ്റ് ഉണ്ട്. പക്ഷെ അതിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഞാനായിട്ട് പറയുന്നില്ല എന്നൊരു തീരുമാനത്തിലാണ്. അതിനർഹത പെട്ടവർ തന്നെ ആ വിവരങ്ങൾ പുറത്തു വിടുന്നതാണ് നല്ലത്.