ചെന്നൈ ഓപ്പൺ ടെന്നീസ് : യുകി ഭംബ്രിക്ക് വിജയം

#

ചെന്നൈ(3-1-17) : ചെന്നൈ ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ട് മത്സരത്തിൽ യുകി ഭംബ്രിക്ക് വിജയം. ഏറെ നാളത്തെ പരിക്കിന് ശേഷം തിരിച്ചെത്തിയ യുകി, രാംകുമാർ രാംനാഥനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിക്കുകയായിരുന്നു. സ്കോർ (6-1 ,6-1). യുകിക്ക് യാതൊരു തരത്തിലുമുള്ള വെല്ലുവിളി ഉയർത്താൻ രാംകുമാറിനായില്ല. കേവലം 52 മിനിറ്റ് മാത്രം നീണ്ടു നിന്ന മത്സരത്തിൽ എല്ലാ മേഖലയിലും യുകി മികവ് പുലർത്തി. രാംകുമാറിനാകട്ടെ മത്സരത്തിന്റെ ഒരു ഘട്ടത്തിലും താളം കണ്ടെത്താൻ കഴിഞ്ഞില്ല. ആദ്യ സർവീസ് മുതൽ തുടർന്ന ആദിപത്യം മത്സരാവസാനം വരെ തുടരാൻ യുകി ഭംബ്രിക്ക് കഴിഞ്ഞു. ആദ്യ റൗണ്ടിൽ ഉജ്ജ്വല വിജയം സ്വന്തമാക്കിയെങ്കിലും ഇനിയുള്ള മത്സരങ്ങളിൽ  യുകിക്ക് കനത്ത വെല്ലുവിളി നേരിടേണ്ടി വരും. രണ്ടാം റൗണ്ടിൽ ലോക റാങ്കിങ്ങിൽ 47 സ്ഥാനത്തുള്ള ബെനോയ്ട് പൈറെയാണ് യുകിയുടെ എതിരാളി.