ഗാന്ധിഘാതകർക്ക് ജലഗീതം എഴുതലാണോ ഗാന്ധിഭക്തി?

#

(04-01-17) : കേന്ദ്രത്തിലെ ബി.ജെ.പി ഗവണ്‍മെന്റിന്റെ നയങ്ങളെ വിമര്‍ശിക്കാന്‍ എഴുത്തുകാര്‍ക്കു പോലും ഭയമാണ് ഇന്ന്. ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് സംഘപരിവാര്‍ പറയുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന പേരില്‍ നടത്തിയ സൈനികനടപടിക്ക് തെളിവുകള്‍ ആവശ്യപ്പെട്ടവരെയെല്ലാം രാജ്യദ്രോഹികളായി മുദ്രയടിച്ചു. നോട്ട് അസാധുവാക്കിയതിനെ വിമര്‍ശിക്കുന്നവരെയും രാജ്യദ്രോഹികളുടെ പട്ടികയിലാണ് പെടുത്തുന്നത്. മോദി ഗവണ്‍മെന്റ് ചെയ്യുന്നതും പറയുന്നതും രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയാണെന്ന് എല്ലാ ഇന്ത്യന്‍ പൗരന്മാരും വിശ്വസിച്ചു കൊള്ളണമെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് അടുത്ത സമയത്ത് നോട്ട് അസാധുവാക്കിയ നടപടിയെ എം.ടി വാസുദേവന്‍നായര്‍ ഒരു പ്രസംഗത്തില്‍ വിമര്‍ശിച്ചത്.

എം.ടിയെപ്പോലെ ഒരാളുടെ വിമര്‍ശനങ്ങളെപ്പോലും ഉള്‍ക്കാള്ളാനുള്ള സഹിഷ്ണുത സംഘപരിവാര്‍ ശക്തികള്‍ക്കുണ്ടായില്ല. എം.ടി നടത്തിയ മിതമായ വിമര്‍ശനത്തെ കടന്നാക്രമിക്കാനാണ് ചില ബി.ജെ.പി നേതാക്കള്‍ മുതിര്‍ന്നത്. ഒരു ബി.ജെ.പി നേതാവ് ചോദിച്ചത് വിമര്‍ശിക്കാന്‍ എം.ടിക്ക് എന്ത് അര്‍ഹത എന്നായിരുന്നു. ഭരണകൂട നടപടികളെ വിമര്‍ശിക്കുന്നതിന് വേണ്ട അര്‍ഹത എന്താണെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല. ലോകത്തെവിടെയുമുള്ള മനുഷ്യര്‍ക്ക്, ലോകത്തെവിടെയുമുള്ള കാര്യങ്ങളെ വിമര്‍ശിക്കാന്‍ അര്‍ഹതയുണ്ടെന്നതാണ് ജനാധിപത്യ സംസ്‌കാരം. ഇന്ത്യയിലെ പൗരന്മാര്‍ എന്നതു തന്നെയാണ് ഇന്ത്യയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് ഗവണ്‍മെന്റിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ അഭിപ്രായം പറയാനുള്ള അര്‍ഹത നല്‍കുന്നത്. ഇതല്ലാതെ മറ്റെന്തര്‍ഹത ഉണ്ടായിരിക്കണമെന്നാണ് ഇവര്‍ ഉദ്ദേശിക്കുന്നത്? ഒരു പക്ഷേ, രാജ്യസ്‌നേഹി എന്ന സര്‍ട്ടിഫിക്കറ്റ് സംഘപരിവാറില്‍ നിന്ന് ലഭിക്കുന്നതായിരിക്കുമോ ഇവര്‍ ഉദ്ദേശിക്കുന്ന അര്‍ഹത? പക്ഷേ, ഇന്ത്യന്‍ ഭരണഘടന ജനങ്ങളെ നിര്‍വ്വചിക്കുന്നത് രാജ്യസ്‌നേഹം എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലല്ല. ഇന്ത്യയിലെ മനുഷ്യരെ ഇന്ത്യന്‍ പൗരന്മാര്‍ എന്നാണ് ഭരണഘടന നിര്‍വ്വചിച്ചിട്ടുള്ളത്. ഭരണഘടനയെ അംഗീകരിക്കുക എന്നത് മാത്രമാണ് ഒരു പൗരനുണ്ടായിരിക്കേണ്ട നിയമപരമായ ബാധ്യത. ഒരു പൗരന്‍ എന്ന നിലയ്ക്ക് ഇന്ത്യയിലെ 130 കോടി പൗരജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ എം.ടിക്ക് ഭരണഘടനാപരമായ അര്‍ഹതയുണ്ട്. പിന്നെന്തു കൊണ്ടാണ് എം.ടിക്ക് എന്തര്‍ഹത എന്ന് സംഘപരിവാര്‍ ചോദിച്ചത്?

യഥാര്‍ത്ഥത്തില്‍ ഭരണഘടനാ ബാഹ്യമായ ശക്തിയായ സംഘപരിവാറിന്റെ സര്‍ട്ടിഫിക്കറ്റ് എം.ടിയ്ക്ക് വേണമെന്നാണോ ഇവര്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്? ഇത്തരമൊരു അവസ്ഥ ഒരു ജനാധിപത്യ സമൂഹം എന്ന നിലയ്ക്കുള്ള ഇന്ത്യയുടെ നിലനില്‍പിന് തന്നെ ഭീഷണിയാണ്. പക്ഷേ, ഈ യാഥാര്‍ത്ഥ്യം ശുദ്ധഗതിക്കാരായ പല എഴുത്തുകാര്‍ക്കും കവികള്‍ക്കും ഇനിയും മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. ഈ അടുത്ത ദിവസങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ ജലസ്വരാജ് എന്ന പരിപാടിക്ക് ജലഗീതം എഴുതി നല്‍കിയത് സുഗതകുമാരിയാണ്. ഇവരുടെ ജലസ്വരാജ് പരിപാടിയില്‍ ഉല്പതിഷ്ണുക്കളായി അറിയപ്പെടുന്ന ഷാജി.എന്‍.കരുണും കാനായി കുഞ്ഞിരാമനും പങ്കെടുക്കുകയുണ്ടായി. കേരളത്തിലെ മൗലികതയുള്ള കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ഇടയില്‍ സംഘപരിവാറിന് അസ്പൃശ്യത കല്പിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തില്‍ വിശ്വാസ്യതയുള്ളവരായി കരുതപ്പെടുന്നവരെ തങ്ങളുടെ പൊതു പരിപാടികളില്‍ പങ്കെടുപ്പിക്കുക വഴി ആ അസ്പൃശ്യത ഇല്ലാതാക്കാമെന്നും മാന്യതയും സാധൂകരണവും ആര്‍ജ്ജിക്കാമെന്നുമാണ് സംഘപരിവാര്‍ കരുതുന്നത്. ഈ ഫാസിസ്റ്റ് ചതിക്കുഴിയില്‍ വീഴാതിരിക്കാനുള്ള ഉത്തരവാദിത്വം സുഗതകുമാരിയും ഷാജി.എന്‍.കരുണും കാനായി കുഞ്ഞിരാമനും കാണിക്കേണ്ടതായിരുന്നു. കലയെയും കവിതയെയും സിനിമയെയും സ്‌നേഹിക്കുന്ന മലയാളികള്‍ ഇവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതും അതാണ്.

വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ, രാഷ്ട്രപിതാവിന്റെ ഘാതകര്‍ക്ക് വിശ്വാസ്യത നല്‍കുന്ന ഒന്നും ആരുടെ ഭാഗത്തുനിന്നുമുണ്ടാകരുത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ തിന്മയുടെ ആള്‍രൂപമെന്ന് ഹിറ്റ്‌ലറെ മനുഷ്യസമൂഹം വിശേഷിപ്പിക്കുന്നത്, അയാളെ ഏതെങ്കിലും ഒരു കോടതി കുറ്റക്കാരനെന്ന് വിധിച്ചതുകൊണ്ടല്ല. ഗാന്ധിവധത്തിന്റെ കാര്യത്തിലും ഇതേ യുക്തിയാണ് നാം പ്രയോഗിേക്കേംണ്ടത്. ഗാന്ധി വധത്തിനു പിന്നിലെ ഗൂഢാലോചനയില്‍ ആര്‍.എസ്.എസ്സിനു പങ്കുണ്ടെന്ന് വിചാരണക്കോടതി വിധിയെഴുതിയിട്ടില്ല എന്നു പറഞ്ഞുകൊണ്ടാണ് ഇക്കാലമത്രയും സ്വതന്ത്ര്യ ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ആര്‍.എസ്.എസ് ഒഴിഞ്ഞുകൊണ്ടിരുന്നത്. ഗാന്ധിവധത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നത് ഈ സാഹചര്യം സൃഷ്ടിച്ചത് ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങളാണെന്നാണ്. ഹിറ്റ്‌ലറെ കൊലയാളിയെന്ന് വിലയിരുത്തുന്നവരോട്, ഒരു കോടതിയും അങ്ങനെ വിധിച്ചിട്ടില്ലല്ലോ എന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല. കാരണം ഹിറ്റ്‌ലറുടെ പാതകങ്ങള്‍ എല്ലാ നിയമവൃവസ്ഥകള്‍ക്കും അതീതമായിരുന്നു. ലോകത്തെ ഒരു കോടതിക്കും ശിക്ഷിക്കാവുന്നതിലും എത്രയോ അപ്പുറത്തായിരുന്നു ഹിറ്റ്‌ലര്‍ ചെയ്ത മഹാപാതകങ്ങള്‍. അതുകൊണ്ടാണ് ഹിറ്റ്‌ലറുടെ കുറ്റകൃത്യങ്ങളെ തിന്മയുടെ നിസ്സാരത (banality of the evil) എന്ന് ഹന്ന അലന്‍ഡ് വിശേഷിപ്പിച്ചത്. അതുപോലെ ഗാന്ധിജിയുടെ ഘാതകര്‍ ആര്‍.എസ്.എസ്സാണ് എന്ന് വിശ്വസിക്കുന്നതിന് ഏതെങ്കിലും കോടതിവിധിയുടെ ആവശ്യം മനുഷ്യരാശിക്കില്ല. നീതിബോധമുള്ള മനുഷ്യരുടെ ട്രൈബ്യൂണല്‍ ആര്‍.എസ്.എസ്സിനെ ഗാന്ധിജിയുടെ കൊലപാതകി എന്ന് വിധിയെഴുതുക തന്നെ ചെയ്യും.

ഗാന്ധിഭക്ത എന്ന് അവകാശപ്പെടുന്ന ഒരു കവയിത്രിയാണ് ഗാന്ധി ഘാതകരുടെ ജലസ്വരാജിന് ജലഗീതം എഴുതി നല്‍കിയത് എന്നത് മലയാളികളെ വേദനിപ്പിക്കുന്നു. 2017 ല്‍ ഗാന്ധിവധവും ആര്‍.എസ്.എസ്സിന് അതിലുള്ള പങ്കാളിത്തവും വീണ്ടും ചര്‍ച്ചാവിഷയമാക്കുക എന്നത് ഗാന്ധിജിയുടെ പൈതൃകം അവകാശപ്പെടുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണ്.