നോട്ടുനിരോധനം യു എസ് എയ്ഡ് പ്രോജക്റ്റോ? മോദിയുടെ അമേരിക്കൻ വിധേയത്വം പുറത്താകുന്നു

#

ന്യൂഡൽഹി (05-01-2017) :  നോട്ടു പിൻവലിക്കൽ നടപടിയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് അടിക്കടി മാറ്റിപ്പറഞ്ഞു കൊണ്ടിരിക്കുന്ന മോദി സർക്കാരിന്റെ യഥാർത്ഥ മുഖം പുറത്താകുന്നു. ഇന്ത്യയിൽ നടപ്പാക്കിയ നോട്ടു പിൻവലിക്കൽ നടപടി യു എസ് എയ്ഡിന്റെ (യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ്) നിർദേശ പ്രകാരമാണെന്നതിന്  കൂടുതൽ തെളിവുകൾ പുറത്തു വന്നു. ലോകത്താകമാനം കറൻസിയിലധിഷ്‌ഠിതമായ സാമ്പത്തിക വ്യവഹാരങ്ങളെ  കറൻസി രഹിത ഡിജിറ്റൽ സാമ്പത്തിക വ്യവഹാരത്തിലേക്കു പരിവർത്തിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയും യു എസ്സും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലും കറൻസി നിരോധനം ഏർപെടുത്തിയതെന്ന്  രേഖകൾ പറയുന്നു.

ജൂണിൽ നടന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ യു എസ് സന്ദർശനത്തിൽ വെച്ചാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ധാരണ ഉണ്ടായത് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഇന്ത്യൻ ധനകാര്യ മന്ത്രാലയവുമായി യു എസ് എയ്ഡ് ഏർപ്പെട്ട കരാറിന്റെ ഭാഗമായാണ് നോട്ടു നിരോധനം ഇന്ത്യയിൽ നടപ്പിലാക്കിയതെന്ന് ഏഷ്യ പസിഫിക് റിസർച്ച് എന്ന പ്രസിദ്ധീകരണം റിപ്പോർട്ട് ചെയ്യുന്നു.   നോട്ടു നിരോധനത്തിന് 4 ആഴ്ച മുമ്പാണ്  ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയിൽ ഒരു കുതിച്ചു ചാട്ടത്തിനു സഹായിക്കുന്നതിനു വേണ്ടി എന്ന പേരിൽ  യുഎസ്എയ്‌ഡിന്റെ കാർമികത്വത്തിൽ കാറ്റലിസ്റ് എന്ന സംരംഭം തുടങ്ങുന്നത്. കാറ്റലിസ്റ്റിനു രൂപം കൊടുത്ത് തന്നെ റീട്ടെയ്ൽ രംഗത്തെ ഡിജിറ്റൽ സാമ്പത്തിക വ്യവഹാരങ്ങളെ പ്രോത്സാഹിപ്പിക്കാനും അവ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നേരിടാനുമാണ്.

2016 ഒക്ടോബർ 14 ന് യു എസ് എയ്ഡിന്റേതായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ സ്മാർട്ട് ഫോൺ ഉപയോഗം കൂടുതലുള്ളതും, അനുകൂലമായ പ്രാദേശിക സാമ്പത്തിക വ്യവസ്ഥയുള്ളതുമായ തെരഞ്ഞെടുത്ത  പ്രദേശങ്ങളിൽ കറൻസിരഹിത വിനിമയം ത്വരിത പെടുത്തുക എന്ന പ്രഖ്യാപിത ലക്‌ഷ്യം അടിവരയിട്ടു ആവർത്തിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ പത്രക്കുറിപ്പ് യു എസ് എയ്ഡ് വെബ്സൈറ്റിൽ  നിന്നും ദുരൂഹതയുളവാക്കുമാറ് അപ്രത്യക്ഷമായിരിക്കുകയാണ്. ഇന്ത്യയിലെ യു എസ്എയ്ഡിന്റെ ഡയറക്ടർ ജൊനാഥൻ അടൽട്ടൻ ഡിജിറ്റൽ സാമ്പത്തിക വ്യവഹാരത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തെ ശ്ലാഘിക്കുകയും  മാറ്റത്തിൽ ക്യാറ്റലിസ്റ്റിന്റെ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുമുണ്ട്.  അതോടൊപ്പം, ആധാർ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിന് ചുക്കാൻ പിടിച്ച അലോക് ഗുപ്‌തയെ പ്രോജക്ടിന്റെ ഡയറക്ടർ ആയി ചുമതലപെടുത്തുന്ന കാര്യവും ഈ വിവാദ പത്രക്കുറിപ്പിൽ പറയുന്നു.

ഇക്കണോമിക് ടൈംസിൽ വന്ന റിപ്പോർട്ട് പ്രകാരം യു എസ് എയ്‌ഡാ ണ് മൂന്നു വർഷത്തേക്ക് ഇന്ത്യയിലെ ഡിജിറ്റൽ ഇക്കോണമിയെ ശക്തിപ്പെടുത്തുന്നതിനായി ഫണ്ട് ചെയ്യുന്നത്. എന്നാൽ ഫണ്ടിങ്ങിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ആധാർ, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് പോലെ ഉള്ള ടെക്നോളജിയെയും ജൻ ധൻ യോജന പോലെയുള്ള സാമ്പത്തിക നയങ്ങളെയും  ബന്ധിപ്പിച്ചു കൊണ്ടുള്ള മുന്നേറ്റത്തെയാണ് ഡിജിറ്റൽ സാമ്പത്തിക വ്യവഹാരത്തിലേക്കുള്ള പ്രധാന വഴിത്തിരിവുകളായി കാറ്റലിസ്റ്റ് അടയാളപ്പെടുത്തുന്നത്. ആധാർ നടപ്പാക്കിയതും ജൻ ധൻ യോജന  പോലെയുള്ള സാമ്പത്തിക പരിപാടികളും ഇത്തരത്തിലുള്ള കറൻസി രഹിതമായ സാമ്പത്തിക വ്യവസ്ഥ നിർമിക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളായിരുന്നു എന്നാണ് ഇപ്പോൾ വെളിവാകുന്നത്.

ബിയോണ്ട് ക്യാഷ് എന്ന പേരിൽ ജനുവരി 2016 ൽ പുറത്തിറക്കിയിട്ടുള്ള റിപ്പോർട്ട് നോട്ടു നിരോധന പ്രക്രിയയിലുള്ള യു എസ് എയ്ഡിന്റെ പങ്കാളിത്തം വെളിവാക്കുന്നു. പ്രാദേശികമായ പരീക്ഷണമായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നു വ്യക്തമാക്കുന്നുണ്ട്. ഒരു പ്രദേശം എടുത്ത് അവിടെയുള്ള ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ ആറു മുതൽ പന്ത്രണ്ടു മാസം വരെയുള്ള സമയം കൊണ്ട് പത്തു മടങ്ങു വർധിപ്പിക്കുക എന്നതായിരുന്നു പദ്ധതി. അത് കൊണ്ട് തന്നെ നോട്ടു നിരോധനത്തെ പറ്റി  വ്യക്തമായ സൂചനകളൊന്നും ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. ഈ സംരംഭത്തിൽ യു എസ് എയ്ഡിനും ഇന്ത്യൻ ധനമന്ത്രാലയത്തിനും പുറമേ  ഇന്ത്യനും  അമേരിക്കനും  അന്തരാഷ്ട്രവുമായ 35  സംഘടനകളാണുള്ളത്. ഇതിൽ പ്രധാനപ്പെട്ട സംഘടനയായ ബെറ്റർ ദാൻ ക്യാഷ് അലയൻസ്‌ എന്ന സ്ഥാപനം 2012 ൽ ലോകവ്യാപകമായി കറൻസിയുടെ പിൻവലിക്കലിനെ സഹായിക്കുന്നതിന് വേണ്ടി രൂപം കൊടുത്തതാണ്. ഗേറ്റ്സ് ഫൌണ്ടേഷനും (മൈക്രോസോഫ്ട്) മാസ്റ്റർ കാർഡ് ഫൗണ്ടേഷനുമാണ് ഇതിന്റെ ഫണ്ടിന്റെ  പ്രധാന ഉറവിടം. ഇതിൽ മാസ്റ്റർകാർഡ്, വിസ, ഫോർഡ് ഫൌണ്ടേഷൻ, യു എസ് എയ്ഡ് എന്നിവ അംഗങ്ങളും ആണ്. ഈ ബേ, സിറ്റി കോർപ് എന്നിവരെല്ലാം തന്നെ ഇന്ത്യയിലെ ഈ ഡിജിറ്റൽ സാമ്പത്തിക വിനിമയത്തിന്റെ സംരംഭത്തെ സഹായിക്കുന്നുണ്ട്.

ലോകവ്യാപകമായ വിവരസാങ്കേതിക വിദ്യ വ്യാപാരത്തിലും  പേയ്‌മെന്റ് സിസ്റ്റത്തിലും മേധാവിത്വം പുലർത്തുന്ന അമേരിക്കൻ കമ്പനികളുടെ  താല്പര്യം ആണ് കറൻസി രഹിത ലോകത്തിനു വേണ്ടി മുറവിളി കൂട്ടുന്ന അമേരിക്കയുടെ രാഷ്ട്രീയം. ഇതിലുപരി ഡിജിറ്റൽ ഇടപാടുകൾ നിരീക്ഷണ വിധേയമാകുന്ന സാഹചര്യം ഉണ്ടാകും. വളരെ സുപ്രധാനമായ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന സാഹചര്യം ഒരു രാജ്യത്തിൻറെ സാമ്പത്തിക അച്ചടത്തെ തന്നെ തകർത്തേക്കാം. ഡോളറിന്റെ ലോക കറൻസി എന്ന സ്ഥാനവും യു  എസ്സ്  കമ്പനികളുടെ മേധാവിത്വവും കറൻസി രഹിത സാമ്പത്തിക വ്യവസ്ഥയിൽ അമേരിക്കക്കു ശക്തമായ മേൽക്കൈ നേടിക്കൊടുക്കും. അമേരിക്കൻ നിയമങ്ങൾ മറ്റുള്ളവർ കൂടി അനുസരിക്കേണ്ട അവസ്ഥ സംജാതമാകും. ഇത്തരത്തിൽ ബാങ്കുകളുടെ പൊതു പ്രവർത്തനത്തിൽ കൈകടത്താൻ അമേരിക്കക്കു കഴിഞ്ഞാൽ അത്  സാമ്പത്തിക അച്ചടക്കത്തെ തന്നെ പ്രതികൂലമായി ബാധിക്കും.