ഓംപുരി അന്തരിച്ചു

#

ന്യൂഡൽഹി(06.01.2017) : പ്രശസ്ത നടൻ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു.  ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു  അന്ത്യം. വ്യാഴാഴ്ച വെകുന്നേരം വരെ ഷൂട്ടിംഗുകളില്‍ സജീവമായിരുന്നു താരം. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ ഓംപുരി ഇന്ന് പുലര്‍ച്ചെ കോളിംഗ് ബെല്‍ അടിച്ചിട്ട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ഡ്രൈവറാണ് എല്ലാവരെയും വിവരമറിയിച്ചത്.  വൈകുന്നേരത്തോടെ തന്നെ മരണം സംഭവിച്ചുവെന്നാണ് കരുതപ്പെടുന്നത്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.  1990 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയപുരസ്കാര ജേതാവ് കൂടിയാണ് ഓംപുരി. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിട്യൂട്ടിലെയും നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലെയും പൂർവ്വ വിദ്യാർത്ഥിയായ ഓംപുരി ഇന്ത്യയിലെ നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പാകിസ്ഥാനി, ഹോളിവുഡ് സിനിമകളിലും അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. നിരവധി കലാമൂല്യമുള്ള സിനിമകളുടെയും ഭാഗമായിട്ടുണ്ട് എഴുപതുകളിലെ കലാസിനിമകളുടെ മുഖമായിരുന്ന ഈ നടൻ . 1976 ൽ ഖാസിറാം കോട് വാൾ എന്ന മറാത്തി സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഭവാനി ഭവാനി, സദ്ഗതി, അർദ്ധ് സത്യ, മിർച്ച് മസാല തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

കോമഡി, സീരിയസ്, വില്ലന്‍ വേഷങ്ങള്‍ അതീവ മികച്ച രീതിയില്‍ കൈകാര്യം ചെയ്തിരുന്ന ഓംപുരി ബഹുമുഖ പ്രതിഭയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. കച്ചവട കലാമൂല്യ സിനിമകളില്‍ ഒരേ സമയം തിളങ്ങിയ താരത്തിന്റെ വേര്‍പാട് ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് ഒരു കനത്ത നഷ്ടം തന്നെയാണ്.