സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹരിത ട്രിബ്യൂണല്‍

#

ന്യൂഡൽഹി(06.01.2017) : കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ദേശീയ ഹരിത ട്രിബ്യൂണല്‍. വൻകിട നിർമ്മാണങ്ങളെ പാരിസ്ഥിതിക അനുമതി നേടുന്നതിൽ നിന്നൊഴിവാക്കിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിയെ നിയമ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ച ട്രിബ്യൂണല്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സ്റ്റേ ചെയ്തു. ഹരിത ട്രിബ്യൂണല്‍ അദ്ധ്യക്ഷൻ ജസ്റ്റിസ് സ്വതന്തർ കുമാർ ഉൾപ്പെട്ട ബെഞ്ചിൻേതാണ് നടപടി. വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ മാസം പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 20000 ചതുരശ്ര മീറ്റർ വരെയുള്ള നിർമാണങ്ങൾക്ക് പരിസ്ഥിതി അനുമതിയോ,പാരിസ്ഥിതിക ആഘാത പഠനമോ ആവശ്യമില്ല. നിർമാണം നടത്തുന്നവർ സ്വയം നൽകുന്ന സാക്ഷ്യപത്രം മാത്രം മതിയെന്നുമായിരുന്നു വിവാദ വിജ്ഞാപനം.2016 ഡിസംബർ 9 നു പുറത്തിറങ്ങിയ വിജ്ഞാപനത്തിനെതിരെ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ആൻഡ് ബയോഡൈവേഴ്‌സിറ്റി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹരിത ട്രിബ്യൂണല്‍.

പാര്‍ലമെന്റിന്റെ അധികാരങ്ങള്‍ എടുത്തു കളയാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയത് ? പാര്‍ലമെന്റ് ഉണ്ടാക്കിയ വായുജല സംരക്ഷണ നിയമങ്ങള്‍ വന്‍കിട കെട്ടിടങ്ങള്‍ക്കു ബാധകമാക്കേണ്ട എന്ന് അതിനു കീഴിലിരുന്നുള്ള അധികാരം വഴി നിങ്ങളെങ്ങനെ പറയും ? വന്‍കിട കെട്ടിടങ്ങളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ വേണ്ട എന്നാണെങ്കില്‍ അതെല്ലാം ഇനി നദികളില്‍ എത്തട്ടെ എന്നാണോ സര്‍ക്കാര്‍ കരുതുന്നത് ? ഞങ്ങള്‍ക്ക് ഉത്തരം വേണം. ഇല്ലെങ്കില്‍ ഈ വിജ്ഞാപനം ഞങ്ങള്‍ മരവിപ്പിക്കും. നിങ്ങൾ എന്ത് കൊണ്ടാണ് ഇങ്ങനെയുള്ള വിഡ്ഢിത്തങ്ങൾ കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. കോടതി പറഞ്ഞു. ഇത്തരം നിയമപരമായ വിഡ്ഢിത്തങ്ങളുമായി മന്ത്രാലയത്തിന് മുന്നോട്ട് പോകാനാകില്ലെന്നും ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി. ഹർജി ഇനി ജനുവരി 12 ന് വാദം കേൾക്കും.