അഗസ്ത്യാർകൂട സന്ദർശനത്തിലും സ്ത്രീകൾക്ക് വിലക്ക് ; പ്രതിഷേധം ശക്തം

#

തിരുവനന്തപുരം (06-01-17) : വർഷത്തിലൊരിക്കൽ നടക്കുന്ന അഗസ്ത്യമല ട്രെക്കിംഗിൽ സ്ത്രീകൾക്ക് വിലക്ക്. ഇടതുസർക്കാരിന്റെ കാലത്തെ ലിംഗവിവേചനത്തിനെതിരെ പ്രതിഷേധവും ശക്തമാണ്. അഗസ്ത്യാർകൂട ട്രെക്കിംഗിന് ഓൺലൈനായി അപേക്ഷിക്കുന്നത് സംബന്ധിച്ച് വനം വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ സ്ത്രീകളും 14 വയസിൽ താഴെയുള്ള സ്ത്രീകളും അപേക്ഷിക്കേണ്ടതില്ലെന്ന് എടുത്ത് പറയുന്നു. കഴിഞ്ഞ വർഷവും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് സർക്കുലർ ഇറങ്ങിയെങ്കിലും വലിയ പ്രതിഷേധത്തെ തുടർന്ന് ദിവസങ്ങൾക്കുള്ളിൽ പിൻവലിക്കേണ്ടി വന്നിരുന്നു. ഈ വർഷവും സമാനമായ സർക്കുലർ വന്നതോടെ സ്ത്രീ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. സർക്കുലറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അഗസ്ത്യാർകൂടത്തിലേക്ക് പോകുമെന്നും പലരും പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി 14 മുതൽ ഫ്രെബ്രുവരി 25 വരെയാണ്  അഗസ്ത്യാര്‍കൂടത്തിലേക്കുളള സന്ദര്‍ശനത്തിന്റെ സമയം. ഒരു ദിവസം മുൻകൂട്ടി രജിസ്റ്റർ ചെയ്ത  നൂറു പേർക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്. പശ്ചിമഘട്ടത്തിലെ അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ ഉള്ളിലാണ് അഗസ്ത്യാർകൂടം. സ്ത്രീ ശാക്തീകരണത്തിനും തുല്യനീതിക്കും വേണ്ടി നിലകൊള്ളുന്ന സർക്കാർ വന്നിട്ടും ഈ വിവേചനം തുടരുന്നതിനെതിരെ ശക്തമായ സമരത്തിനാണ് വനിത സംഘടനകൾ തയ്യാറെടുക്കുന്ന്.