ഞാൻ എന്റെ അഭിപ്രായം പറയും : ആരുടെയും ഔദാര്യം വേണ്ട

#

(06-01-17) : നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട കലാകാരനാണ് ശ്രീനിവാസൻ. സമൂഹത്തെയും ജീവിതത്തെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും സ്വന്തം നിലപാടുകൾ തുറന്നു പറയാനുള്ള ആർജ്ജവവും, പറയാനുള്ള കാര്യങ്ങൾ ദൃഢമായും വ്യക്തമായും പറയാനുള്ള കഴിവും ശ്രീനിവാസനെ മലയാള സിനിമാലോകത്ത് വ്യത്യസ്തനാക്കുന്നു. ലെഫ്റ്റ് ക്ലിക് ന്യൂസിനുവേണ്ടി തിയറ്റർ ആക്റ്റിവിസ്റ്റും നടിയും സംവിധായികയുമായ ജെ.ശൈലജ ശ്രീനിവാസനുമായി സംസാരിക്കുന്നു.

ശൈലജ: ഇന്നത്തെ കേരളത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് തുടങ്ങാം. ഇന്നത്തെ കേരളത്തെക്കുറിച്ച് എന്താണ് അഭിപ്രായം ?

ശ്രീനിവാസൻ : ഇന്നത്തെ നമ്മുടെ നാട്ടിലെ ജനാധിപത്യം എന്നു പറയുന്നത് രാഷ്ട്രീയക്കാർക്കും ഭരിക്കുന്നവർക്കും കാശ് തട്ടാനുള്ള ഒരു കുറുക്ക് വഴിയാണ്. കറപ്ഷനാണ് എവിടെയും. പിന്നെ യാതൊരു വിധത്തിലുള്ള  മനസാക്ഷിയുമില്ലാത്ത രീതിയിലാണ് ഇവരെല്ലാം  പ്രവർത്തിക്കുന്നത്. പ്രത്യേകിച്ച് അധികാരം കയ്യിലുള്ള ആൾക്കാർ. ഉദാഹരണത്തിന് കുറേക്കാലമായിട്ട് പശ്ചിമഘട്ടത്തിൽ  ആയിരക്കണക്കിന് ക്വാറികൾ പണം വാങ്ങി അനുവദിച്ചുകൊണ്ടേയിരിയ്ക്കുകയാണ്. പരിസ്ഥിതി എന്ന സംഭവത്തെ കുറിച്ച്‌  ഒരാൾക്കു പോലും ഒരു ചിന്തയുമില്ല. ഇവിടെ ഇപ്പോൾ മഴയില്ല. കാലാവസ്ഥയൊക്കെ മാറികൊണ്ടിരിക്കുകയാണ്.  ഈ ക്വാറികൾ  ഉണ്ടാക്കലും മരങ്ങൾ നശിപ്പിക്കലും വ്യാപകമായ രീതിയിലാണ് നടക്കുന്നത്‌. മരങ്ങൾ ഉണ്ടാകുമ്പോഴേ മഴയുണ്ടാകൂ.  അതിനെപ്പറ്റി ചിന്തയില്ല. വലിയ ദുരന്തമാണ് വരാനിരിയ്ക്കുന്നത്.

ഇവിടെ കർഷകർ, നെൽകൃഷിയും പച്ചക്കറി കൃഷിയും.നടത്തുന്നില്ല. നമ്മൾ തമിഴ്‌നാട്, ആന്ധ്രാ ,കർണാടക അതു പോലെയുള്ള സംസ്ഥാനങ്ങളെ  ഭക്ഷണത്തിനു വേണ്ടി ആശ്രയിക്കുന്നതെന്തുകൊണ്ടാണ്? എട്ടര ലക്ഷത്തോളം  ഹെക്ടർ നെൽകൃഷിയുടെ പാടങ്ങൾ ഉണ്ടായിരുന്നത് ഇപ്പോൾ ഒന്നരലക്ഷമായി കുറഞ്ഞിരിക്കുകയാണ്. അതായത് പാടങ്ങൾ മുഴുവൻ  കയ്യൂക്കുള്ളവരും ചട്ടമ്പികളും രാഷ്ട്രീയക്കാരുടെ ഒത്താശയോടുകൂടി നികത്തി വൻ കെട്ടിടങ്ങൾ പണിയുന്നു. യാതൊരു വിധ നോട്ടവുമില്ല. എല്ലാ രാഷ്ട്രീയക്കാരും, താഴെത്തട്ടിലുള്ള ആൾക്കാർ വരെ കൈക്കൂലിക്കാരാണ്. പണം കിട്ടിക്കഴിഞ്ഞാൽ എന്തിനും അവർ കൂട്ടുനിൽക്കും.  രാഷ്ട്രീയമെന്ന് പറയുന്നത് ഇപ്പോൾ ബിസിനസാണ്. ഇപ്പോഴല്ല കുറച്ച് കാലമായിട്ട് അങ്ങനെയാണ്. ഒരു ആത്മാർത്ഥതയും ഇല്ലാത്ത പൊളിറ്റീഷൻസിന്റെ ആധിപത്യമാണ് നമ്മുടെ നാട്ടിൽ. വരുന്ന ഭാവിയിലൊന്നും തന്നെ യാതൊരു പ്രതീക്ഷയ്ക്കും വകയില്ല.

ശൈ: കഴിഞ്ഞ ദിവസം ഞാൻ താങ്കളെ ടിവിയിൽ ജൈവകൃഷിയുമായി ബന്ധപ്പെട്ട ഒരു മുഖാമുഖത്തിൽ കണ്ടിരുന്നു.

ശ്രീനി: എവിടെ കണ്ടു.?എപ്പോൾ ?.

ശൈ: ജയ്ഹിന്ദി ടിവിയിൽ. കഴിഞ്ഞ ദിവസം മോദിയുടെ പ്രസംഗം നടക്കുന്ന അതേ സമയത്ത് ആ ചാനലിൽ  താങ്കളുടെ  ഇന്റർവ്യൂ ആയിരുന്നു. ഭംഗിയുള്ള വെണ്ടയ്ക്കയും പയറും ഒക്കെ നിറഞ്ഞ തോട്ടം. പയറിൽ കയറുന്ന  ഉറുമ്പിനെക്കുറിച്ചൊക്കെ താങ്കൾ സംസാരിച്ചു. ഈ ജൈവകൃഷിയെയും നടൻ ശ്രീനിവാസനെയും ചേർത്ത് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. എന്താണ് അനുഭവം?

ശ്രീനി: ഞാൻ  മാത്രമല്ല. എത്രയോ പേര് ഇപ്പോൾ ആ വഴിയിൽ ചിന്തിച്ചു  തുടങ്ങാൻ പ്രേരിതരായിരിക്കുന്നു. ഏതൊരു കാര്യത്തിനും മുന്നോട്ടുവരുന്ന ആർക്കും വിഷമങ്ങളും  തടസ്സങ്ങളും  ഉണ്ടാകും. പിന്മാറാതിരിയ്ക്കലാണ് പ്രധാനം.

ശൈ: വിമർശനങ്ങളും പരാതികളും? ഇത് ഒരു സെലിബ്രിറ്റി, മണ്ണിലേക്ക് ഇറങ്ങുമ്പോഴുണ്ടാകുന്ന  സംശയങ്ങളും അംഗീകാരവും ഒന്ന് ചേർന്നതല്ലേ?.

ശ്രീനി: ഇവിടെ ഒത്തിരിപ്പേർ സൂക്ഷ്മമായി കാര്യങ്ങളെ കാണുന്നവരാണ്. മനുഷ്യർക്ക് ജീവിതത്തിൽ ഏറ്റവും പ്രധാനമായ ആഹാരത്തെക്കുറിച്ചാണ് നമ്മൾ പറയുന്നത്. അതിൽ മറ്റൊരാൾക്ക് എന്ത് ലാഭം? സ്വന്തം ആഹാരത്തിൽ വിഷമില്ലാതിരിക്കാൻ ശ്രമിയ്ക്കേണ്ടത് ഓരോ വ്യക്തിയുടെയും ബാധ്യതയാണ്.

ശൈ: ഇത് താങ്കളുടെ വലിയൊരു മെസ്സേജാണ് . ഞങ്ങൾക്കൊക്കെ അങ്ങനെ കാണാനാണ് ഇഷ്ടം. ജൈവകൃഷി  ആവേശകരമായി തുടങ്ങിയ താങ്കൾ ഭംഗിയായി തന്നെ മുന്നോട്ടു കൊണ്ടുപോകുന്നു.  മമ്മൂട്ടിയെ പോലെയുള്ള സൂപ്പർസ്റ്റാർ  ശ്രീനിവാസന് ജൈവകൃഷിയെപ്പറ്റി എന്തറിയാം എന്നൊക്കെ പറഞ്ഞ് വിമർശിച്ചതായി ഒരു സ്ഥലത്ത് വാർത്ത കണ്ടു. എന്തായിരുന്നു വിഷയം?

ശ്രീനി:  ഞങ്ങൾ തമ്മിൽ ജൈവകൃഷിയെക്കുറിച്ച് തർക്കമോ വിമർശനമോ ഉണ്ടായിട്ടില്ല. മമ്മൂട്ടി എന്നോട് ചോദിച്ചത് ജൈവകൃഷിയാണോ പ്രകൃതി കൃഷിയാണോ എന്നാണ്. വാസ്തവത്തിൽ രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ല എന്നാണ് ഞാൻ പറഞ്ഞത്. മമ്മൂട്ടി ജൈവകൃഷിയെ വ്യാഖ്യാനിച്ചത്, നമ്മൾ ജൈവവളങ്ങൾ പുറത്ത് നിന്ന് കൊണ്ട് വന്ന് ഉപയോഗിക്കുന്നു എന്നാണ്. പുറത്ത് നിന്നൊന്നും നമ്മൾ വാങ്ങുന്നില്ല. നാടൻ പശുക്കളെ വളർത്തി അതിന്റെ ചാണകവും ഗോമൂത്രവും ആണ് കൃഷിയാവശ്യത്തിനായി ഉപയോഗിക്കുന്നത് എന്ന് ഞാൻ  പറഞ്ഞു . അപ്പോൾ അദ്ദേഹം പറഞ്ഞത്, അങ്ങനെയാണെങ്കിൽ  അത് പ്രകൃതി കൃഷിയാണ്. ജൈവകൃഷി എന്നു പറയാൻ പറ്റില്ല. രണ്ടും ജൈവകൃഷി തന്നെയാണ് എന്ന ധാരണ  തന്നെയാണ്‌ എനിക്കുള്ളത്. വാക്കിന്റെ മാത്രം വ്യത്യാസമേ ഉള്ളൂ. സംഭവമെല്ലാം ഒന്നു തന്നെയാണ്. പുറത്തുനിന്നും വളം വാങ്ങിക്കുന്നു എന്നുള്ളതുകൊണ്ട് ജൈവകൃഷി അല്ലാതാവുന്നില്ല എന്ന് ഞാനും മറുപടി പറഞ്ഞു.

ശൈ: ഇനി നമുക്ക് സിനിമയിലേക്ക് വരാം. താങ്കൾ  ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. ധാരാളം തിരക്കഥകൾ എഴുതിയിട്ടുണ്ട്. പക്ഷേ, മൊത്തം സിനിമാ ജീവിതത്തിൽ രണ്ട് സിനിമ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ.  രണ്ട് സിനിമകളും കേരളത്തിൽ വലിയ ചർച്ചയും അംഗീകാരങ്ങളും നേടിയിട്ടുള്ളവയാണ്. എന്തുകൊണ്ടാണ് രണ്ട് സിനിമയിൽ സംവിധാനം എന്ന കലാവൈഭവം നിർത്തിക്കളഞ്ഞത്?

ശ്രീനി: ശരിക്കും ആ രണ്ട് സിനിമയും മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കുന്നതിനെക്കാൾ നല്ലത് ഞാൻ തന്നെ ചെയ്യുന്നതാണ് എളുപ്പം എന്ന് തോന്നിയിട്ടാണ് ചെയ്തത്. അതിനകത്തുള്ള പല  കാര്യങ്ങളും വിശദീകരിക്കാൻ പറ്റാത്തതാണ്. കടലാസിൽ എഴുതി മറ്റ് സംവിധായകരുടെ കയ്യിൽ കൊടുക്കുമ്പോൾ ഞാനുദ്ദേശിക്കുന്ന പല കാര്യങ്ങളുണ്ടാകാം. സട്ടിലായിട്ടുള്ള പല കാര്യങ്ങളുമുണ്ട്. അത് എന്റെ മാത്രം  മനസിലുള്ള കാര്യങ്ങളുമാണ്. അത് വിശദീകരിക്കാൻ പറ്റാത്തതുകൊണ്ട് ചെയ്തു എന്നേ ഉള്ളൂ. എനിക്ക് സംവിധാനം അങ്ങനെ ഒരു ക്രെയ്‌സൊന്നുമല്ല. കാരണം, ഒരു സ്‌ക്രിപ്റ്റ് എഴുതി കഴിയുമ്പോൾ തന്നെ സിനിമ എന്റെ മനസ്സിൽ തീർന്നു. പിന്നീട് അത് ഷൂട്ട്  ചെയ്യുക എന്നത് സാങ്കേതികമായ ഒരു പ്രവർത്തനമാണ്.

പിന്നെ ഒരു സിനിമ എഴുതി സംവിധാനം ചെയ്ത് പുറത്ത് വരുന്നു എന്ന് പറയുന്നത് ഒരു വലിയ പണിയാണ്.  ഒരു വർഷമെങ്കിലും അതിന്റെ പുറകിൽ സംവിധായകൻ സമയം ചെലവിടണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അത്രയും സമയം ഞാനൊറ്റപ്പെടുന്ന അവസ്ഥ വരും. എനിയ്ക്കത് വയ്യ. ഇത് എന്റെ പ്രശ്‌നം മാത്രമാണ്. കാരണം ഞാൻ പല സിനിമകളിലും അഭിനയിക്കുന്നുണ്ടല്ലോ . അടിസ്ഥാനപരമായിട്ട് അഭിനയിക്കാനുള്ള താൽപ്പര്യം എനിക്കുണ്ട്. സംവിധാനമാകുമ്പോൾ ഒരു നീണ്ട കാലം മുഴുവൻ അതിന്റെ പുറകേ നടക്കണം. അതിന്റെ റിലീസിംഗ്, പരസ്യം തുടങ്ങി എല്ലാത്തിലും ഡയറക്ടർ ഉണ്ടാകണം. അതിൽ നിന്ന്   ഒഴിഞ്ഞുമാറാൻ  പറ്റില്ല. ഈ രണ്ട് സിനിമ ചെയ്യുമ്പോഴും അങ്ങനെ വേണ്ടി വന്നു. അത് മാത്രമല്ല രണ്ട് സിനിമകളും എനിക്ക് വഴങ്ങുന്ന ആശയങ്ങളായിരുന്നു എന്നതുകൊണ്ടാണ് എടുത്തത്.

മറ്റ് പല ആശയങ്ങളും ഞാനെടുക്കുന്നതിനെക്കാൾ  നന്നായി എടുക്കാൻ ഇവിടെ ആളുണ്ട്. മിടുക്കുള്ള ആൾക്കാരുണ്ട്. എന്നെക്കാൾ സാങ്കേതികമായി അറിവുള്ള ആൾക്കാരുണ്ട്. അവരെടുക്കുന്നതായിരിക്കും ഞാനെഴുതിയ തിരക്കഥയ്ക്ക് നല്ലത്. ഉദാഹരണത്തിന് ഉദയനാണ് താരം എന്ന സിനിമ  എനിക്ക് അത്രയും  നന്നായിട്ട്, റോഷൻ ആൻഡ്രൂസ് എടുക്കുന്നതുപോലെ എടുക്കാൻ പറ്റി എന്നു വരില്ല. സംവിധാനം ചെയ്യുന്നതിന് അതിന്റേതായ തയ്യാറെടുപ്പുകളും പരിപാടികളും വേണം. എപ്പോഴും വളരെ സിമ്പിൾ ആയിട്ടുള്ള ഒരാശയത്തെയാണ് വലിയ കൺഫ്യൂഷനില്ലാതെ എടുക്കാൻ സാധിക്കുന്നത്. അത്തരത്തിലൊരാശയം എന്റെ ചിന്തയിലേക്ക് പിന്നെ  വന്നില്ല.

ശൈ: താങ്കളുടെ ഒട്ടുമിക്ക തിരക്കഥകളും  സാധാരണക്കാരുടെ ജീവിതം പ്രതിഫലിപ്പിയ്ക്കുന്നതാണ്. വ്യക്തിനിഷ്ഠവും സമൂഹനിഷ്ഠവുമായ വിഷയങ്ങൾ, ഇതിന്റെ രണ്ടിന്റെയും കൂടെ ഒരു മെർജ് പോയിന്റാണല്ലോ താങ്കൾ ഹൈലൈറ്റ് ചെയ്തിട്ട്, കലാമൂല്യത്തിലേക്ക് കൊണ്ട് എത്തിക്കുന്നത്. സാധാരണക്കാരുടെ ജീവിതത്തിന് ഇന്ന് വിലയില്ലാതായിരിക്കുന്നു. മനുഷ്യന് വിലയില്ലെങ്കിൽ അവരുടെ  പ്രശ്‌നങ്ങൾക്കെന്തു വില? പണ്ട് വ്യക്തികളുടെ വേദനയ്ക്ക്  വിലയുണ്ടായിരുന്നു. ഇന്ന് ജനങ്ങൾ ആൾക്കൂട്ടം മാത്രമായി മാറി. അന്ന് താങ്കൾ എഴുതിയതുപോലുള്ള  സ്‌ക്രിപ്റ്റുകൾ ഇന്നുണ്ടായാൽ അവയ്ക്ക്  നമ്മുടെ സമൂഹത്തിൽ പ്രസക്തിയും സ്വീകാര്യതയും ഉണ്ടാകുമോ ? എന്താണ് ഒരു നോക്കിക്കാഴ്ച?

ശ്രീനി: ഏറ്റവും കൂടുതൽ സിനിമ കാണുന്നത് ചെറുപ്പക്കാരാണ്. ഭൂരിപക്ഷം എന്നു പറയാം. മനോഭാവത്തിൽ പണ്ടത്തെ ചെറുപ്പക്കാരും ഇന്നത്തെ ചെറുപ്പക്കാരും തമ്മിൽ അടിസ്ഥാനപരമായി കുറേ വ്യത്യാസങ്ങളുണ്ട്. കാലം മാറുനന്നതിനനുസരിച്ച് എല്ലാം മാറുമല്ലോ. കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള വർഗ്ഗം എന്നുപറയുന്നത് ഇടത്തരക്കാർ തന്നെയാണ് ഇപ്പോഴും. ആറ്റിറ്റ്യൂഡിൽ മാറ്റമുണ്ടായിട്ടുണ്ട്. പിന്നെ മിക്കവാറും എല്ലാവരും മൊബൈൽ  ഫോണും  ഇന്റർനെറ്റും ഒക്കെ ഉപയോഗിക്കുന്നവരാണ്. കമ്മ്യൂണിക്കേഷന്റെ രംഗത്തുണ്ടായിട്ടുള്ള മാറ്റമുണ്ടല്ലോ, അതാണ് യഥാർത്ഥത്തിലുള്ള മാറ്റം. ആ മാറ്റം എന്ന് പറയുന്നത് ഒരു വളർച്ചയുടെ ഭാഗമാണ്.

ശൈ: അപ്പോൾ സിനിമയിലെ മാറ്റവും അങ്ങനെ തന്നെ കാണാമെന്നാണോ?

ശ്രീനി: എല്ലാ കാലത്തും  ന്യൂ ജനറേഷൻ  സിനിമ  ഉണ്ടായിട്ടുണ്ട്.നീലക്കുയിൽ  ആ  കാലത്തെ ന്യൂ ജനറേഷൻ സിനിമയാണെന്ന് പറയേണ്ടി വരും. ഈ കാലത്ത് നമ്മൾ ഈ പറയുന്നത് പോലെയുള്ള  ഇവരുടെ മനസ്സ് എന്താണ്? മനസ്സിൽ എന്താണ്? ഈ പുതിയ ചെറുപ്പക്കാരുടെ മനസ്സ്  പ്രതിസന്ധികളിലും  ഇഷ്യൂസിലും എങ്ങനെ പ്രവർത്തിയ്ക്കുന്നു,അവർ എന്ത് കാണുന്നു, അഭിപ്രായം എന്താണ?  ഇത് നമ്മളും  കൃത്യമായി മനസ്സിലാക്കണം. അവരെ നമ്മൾക്ക് അറിയാൻ പറ്റണം, അവരുടെ ചിന്തകൾക്ക് മുകളിൽ നമുക്ക് ചിന്തിയ്ക്കാൻ പറ്റണം. അപ്പോൾ ഏറ്റവും കൂടുതൽ ഇന്നത്തെ കാലത്തെ പ്രശ്നങ്ങളും കാര്യങ്ങളും കൂടി സമർത്ഥമായ രീതിയിൽ ഡിസ്‌കസ് ചെയ്യുന്ന, അവരെയും കൂടി ചിന്തിപ്പിയ്ക്കുന്ന  ഒരു അവസ്ഥയിലേക്ക് എത്തിയ്ക്കാൻ നമുക്ക് സാധിച്ചാൽ ഇടത്തരക്കാരുടെ  വിഷയങ്ങൾ, കൈകാര്യം ചെയ്യുന്ന സിനിമകളോട് താല്പര്യമില്ലാതെ വരുമെന്ന് എനിയ്ക്കു തോന്നുന്നില്ല.

ശൈ: ഓരോ കാലത്തെയും ഇടത്തരക്കാരനും സാധാരണക്കാരനും   മാറ്റം സംഭവിച്ചു കൊണ്ടിരിയ്ക്കുകയാണ്.

ശ്രീനി: അതെ.ആ മാറ്റങ്ങൾ ഉൾക്കൊണ്ടിട്ടു ആശയങ്ങളും സിനിമകളും ഉണ്ടാക്കാൻ സാധിച്ചാൽ തീർച്ചയായും അവ സ്വീകരിയ്ക്കപ്പെടും. എന്നതുറപ്പാണ്.

ശൈ: ഇന്നത്തെ ഈ സോഷ്യൽ മീഡിയ കാലത്ത്, ഏതു സന്ദർഭത്തിനും വിഷയത്തിനും വ്യക്തികൾക്കും അനുസരിച്ചു് യഥേഷ്ടം  ക്വോട്ട് ചെയ്യപ്പെടുന്ന സിനിമയാണ് സന്ദേശം. എല്ലാ പാർട്ടികളെയും  ഒന്നിച്ചു വിമർശിയ്ക്കുന്ന,  മലയാളിയുടെ  സിനിമ രുചി ഭേദങ്ങളിൽ മാറ്റ് കൂട്ടിയ, ഒരു പൊളിറ്റിക്കൽ കമേർഷ്യൽ സിനിമ . ഓരോ ഡയലോഗും കാണാപ്പാഠമാക്കി പ്രേക്ഷകർ അത് മനസ്സിൽ സ്വീകരിച്ചു. പക്ഷേ, മുഖ്യധാര ഇടതു പാർട്ടികളിൽ ചിലത് അതിനെ അരാഷ്ട്രീയ  സിനിമ എന്ന് ആക്ഷേപിക്കുകയുണ്ടായി. പക്ഷേ, ഇന്നും ആ സിനിമ ജനങ്ങൾ അവർക്ക് പറയാനുള്ളതിനു പകരമായി കാണുന്നു. ഈ സിനിമ പകർന്നു നൽകിയ രാഷ്ട്രീയം കേരളത്തിൻറെ രാഷ്ട്രീയ സ്വഭാവത്തിലെ അടിസ്ഥാനമാണ് --ശരിയായ ചിത്രമാണ് എന്ന് താങ്കൾ ഇപ്പോഴും വിശ്വസിയ്ക്കുന്നുണ്ടോ?

ശ്രീനി: ശരിയ്ക്കുള്ള അന്നത്തെ അവസ്ഥയിൽ നമ്മൾ ചിന്തിച്ച കാര്യങ്ങളാണത്. ഇപ്പോൾ ആലോചിയ്ക്കുന്ന സമയത്ത് ഹൈലൈറ് ചെയ്യേണ്ടിയിരുന്ന പ്രധാനപ്പെട്ട ഒരു പോയിന്റ് കറപ്‌ഷൻ ആണ്. അന്ന് നമുക്ക് അത് ഡിസ്‌കസ് ചെയ്യാൻ സാധിച്ചില്ല.

ശൈ: അന്ന് നമ്മുടെ സമൂഹത്തിൽ ഇത്തരം കാര്യങ്ങളോട് ( കറപ്ഷൻ പോലെയുള്ളവ) വിരോധമുള്ളവരുടെ എണ്ണം കൂടുതലായിരുന്നു.

ശ്രീനി: അതെ. അതും കൂടി ചേരുന്ന ഒരു സംഗതിയും കൂടി വന്നാൽ മാത്രമേ കംപ്ലീറ്റ് ആയിട്ടുള്ള ഒരു ചിത്രമാകുകയുള്ളു. ഇന്നത്തെ കേരളത്തിൻറെ രാഷ്ട്രീയ അവസ്ഥയിൽ.

ശൈ: താങ്കൾ സിനിമ ഇൻഡസ്ട്രിയിൽ വലിയ സിനിമകളുടെ, വാണിജ്യപരമായി വിജയം നേടിയ, 100 ദിവസത്തിൽ കൂടുതലോടിയ സിനിമകളുടെയും ധാരാളം അവാർഡുകൾ വാരിക്കൂട്ടിയ സിനിമകളുടെയും ഭാഗമായിരുന്നിട്ടുണ്ട്. അതേ സമയം തകരച്ചെണ്ട പോലെയുള്ള സിനിമകളിലും , വളരെ പാടുപെട്ടു സിനിമയെടുക്കുന്ന സിനിമ മോഹികളായ ചെറുപ്പക്കാരുടെ സിനിമകളിലും ഒരേ സമയം താങ്കൾ തുല്യ പ്രാധാന്യത്തോടെ, ഈക്വൽ കമ്മിറ്റ്മെന്റോടെ, പങ്കെടുക്കുന്നു. വ്യത്യസ്ത ധ്രുവങ്ങളെ എങ്ങനെ കൂട്ടിയോജിപ്പിയ്ക്കുന്നു? എങ്ങനെയാണിതിന് പറ്റുന്നത്?

ശ്രീനി: ഞാൻ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ മദിരാശിയിൽ പഠിയ്ക്കുന്ന കാലത്ത്---

ശൈ: അഡയാറിൽ?

ശ്രീനി: അഡയാറിലല്ല ഞാൻ പഠിച്ചത്. ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ട് എന്നൊരു സ്ഥാപനം അന്നുണ്ടായിരുന്നു. അതിപ്പോഴില്ല.

ശൈ: രജനീകാന്തും താങ്കളുമൊക്കെ ഒന്നിച്ചു പഠിച്ചതാണെന്നു കേട്ടിട്ടുണ്ട്..

ശ്രീനി: അതെ.ഞങ്ങൾ അഡയാറിലല്ല, ഫിലിം ചേംബർ ഇൻസ്റ്റിട്യൂട്ടിലാണ് പഠിച്ചതു്. അവിടെ വച്ചാണ് പുതിയ സിനിമ അനുഭവം തുടങ്ങുന്നത്. അതിന്‌ മുൻപ് തെരഞ്ഞെടുത്ത, അല്ലെങ്കിൽ ആരെങ്കിലുമൊക്കെ ഹിറ്റാണെന്നും നല്ലതാണെന്നും കാണണമെന്നും പറയുന്ന, പലപ്പോഴും ഡിറ്റക്റ്റീവ് കഥകളൊക്കെയുള്ള സിനിമകൾ മാത്രമേ ഞാൻ കണ്ടിട്ടുണ്ടായിരുന്നുള്ളു. ഇൻസ്റ്റിറ്റ്യൂട്ട് കാലത്തും അത് കഴിഞ്ഞു ചെന്നൈയിൽ താമസിയ്ക്കുന്ന കാലത്തും ധാരാളം നല്ല സിനിമകൾ കണ്ടു. അവിടെ യു.എസ് കോൺസുലേറ്റിൽ ഇഷ്ടം പോലെ പഴയ ക്ലാസിക്കുകൾ കാണിയ്ക്കുമായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസേന ഒന്നോ രണ്ടോ സിനിമ കാണിയ്ക്കുമായിരുന്നു. ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ് അങ്ങനെ കുറെ സിനിമകൾ കണ്ടപ്പോൾ നമുക്ക് ശരിയ്ക്കും ഒരു സിനിമ എഡ്യൂക്കേഷൻ തന്നെ ഉണ്ടാവുകയായിരുന്നു. മലയാള സിനിമയുമൊക്കെ അന്ന് അതിന്റെ പാർട്ട് തന്നെയാണ്. സിനിമ കണ്ടാൽ മാത്രമേ സിനിമ വിദ്യാഭ്യാസം ഉണ്ടാവുകയുള്ളു. അതിന്‌ വേറെ വഴിയൊന്നുമില്ല. സിനിമ കാണുക തന്നെ വേണം. കണ്ടു കൊണ്ടേയിരിയ്ക്കണം.

നല്ല നല്ല പടങ്ങൾ കണ്ടാൽ നമ്മളെത്തന്നെ, നമ്മുടെ ആസ്വാദന നിലവാരം തന്നെ അത് മാറ്റിക്കളയും. അവിടെ വച്ച് ഈ സിനിമകളൊക്കെ കണ്ടുകൊണ്ടിരിയ്ക്കുമ്പോൾ നമ്മളൊന്നും ഈ സിനിമയുടെ ഏഴയലത്തു പോലും നില്ക്കാൻ യോഗ്യത ഇല്ലാത്ത ആളാണെന്ന തിരിച്ചറിവാണ് എനിയ്ക്കുണ്ടായത്. അപ്പോൾ നമ്മുടെ ഡെസ്റ്റിനിയുടെ ഭാഗമായിട്ട് -- ശരിയ്ക്കും പറഞ്ഞാൽ നാടകമായിരുന്നു എന്റെ ആഗ്രഹം.

ശൈ: വെള്ളരി നാടക കഥകൾ ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.

ശ്രീനി: അതെ. അതിന്‌ ശേഷം പിന്നെ കുറെ നാടകങ്ങൾ ഞാൻ എഴുതിയിരുന്നു, അഭിനയിച്ചിരുന്നു, ഡയറക്റ്റ് ചെയ്തിരുന്നു. അതൊക്കെ കഴിഞ്ഞിട്ടാണ് ഞാൻ അങ്ങോട്ട് പോകുന്നത്. അവിടുന്ന് മനസ്സിലാക്കിയ കാര്യങ്ങളൊക്കെ വച്ചിട്ട് നാടകത്തിലേക്കു തിരിച്ചുവരാനായിരുന്നു യഥാർത്ഥത്തിലുള്ള എൻറെ പരിപാടി. പക്ഷെ എങ്ങനെയോ തിരിഞ്ഞു ഞാനിവിടെ എത്തപ്പെട്ടു.

സിനിമയ്ക്ക് തിരക്കഥ എഴുതുക എന്നത് ഞാൻ ആലോചിച്ചിട്ടില്ലാത്ത ഒന്നാണ്.എനിയ്ക്കു അതിനെപ്പറ്റി അറിയില്ലായിരുന്നു. സാഹചര്യങ്ങൾ മുമ്പ് പറഞ്ഞതുപോലെ, എന്നെ എഴുതാനുള്ള സന്ദർഭങ്ങളിലേക്ക് എത്തിച്ചു. അതിന്‌ കുറെ ഘടകങ്ങളുണ്ട്. എങ്ങനെ എത്തപ്പെട്ടു എന്നുള്ളതിന്. ഞാൻ എപ്പോഴും പറയാറുണ്ട് 50 കോടി രൂപയും എല്ലാ സൗകര്യങ്ങളുമായി എത്ര കാലമെടുത്തിട്ടു സിനിമ ഷൂട്ട് ചെയ്താലും സത്യജിത് റേ യുടെ നിലവാരമുള്ള ഒരു സിനിമ ഉണ്ടാക്കാൻ എനിയ്ക്കു സാധിയ്ക്കുകയില്ല. അത് ജന്മനാ ഉണ്ടാകേണ്ട എന്തോ ഒന്നാണ്. അത്രയേ പറയാൻ പറ്റുകയുള്ളു. ലോകത്ത് ഓരോ കാലത്തുമുണ്ടായിട്ടുള്ള, പലതരത്തിലുള്ള ക്ലാസ്സിക്കുകളായിട്ടുള്ള സിനിമകൾ ഉണ്ടാക്കാനെനിയ്ക്കു സാധിയ്ക്കില്ല, പക്ഷെ ആസ്വദിയ്ക്കാൻ പറ്റും.

അപ്പോൾ ഞാനെന്താണ് പറഞ്ഞു വന്നതെന്ന് വെച്ചാൽ വേറൊരാൾ നമ്മുടെ ലെവലിനും അപ്പുറത്തുള്ള ഒരു കാഴ്ചപ്പാടുമായിട്ട്, സിനിമ ആശയവുമായിട്ടു വരുമ്പോൾ ഞാൻ കാണാൻ ആഗ്രഹിയ്ക്കുന്ന ആ സിനിമയിലേക്ക് ഞാൻ ഹൃദയപൂർവ്വം ചെല്ലുകയാണ് ചെയ്യുന്നത്. അവിടെയെനിയ്ക്കു പൈസയോ മറ്റു സംഭവങ്ങളോ ഒന്നും പ്രശ്നമല്ല.

ഇപ്പോൾ ഞാൻ അയാൾ ശശി  എന്നൊരു സിനിമയിൽ അഭിനയിച്ചു. അതിൻറെ സ്ക്രിപ്റ്റ് വളരെ നല്ലതാണ്. ആ സ്ക്രിപ്റ്റ് ഉണ്ടാക്കാൻ എനിയ്ക്കു പറ്റില്ല. അങ്ങനെ എനിയ്ക്കു ചിന്തിയ്ക്കാൻ പറ്റുമോ എന്ന കാര്യം വളരെ സംശയമാണ്. അതിൻറെ ഭാഗമാകാൻ എന്നെ വിളിയ്ക്കുമ്പോൾ മറ്റൊന്നും നോക്കാതെ തീർച്ചയായും ഞാൻ അങ്ങോട്ട് ചെല്ലുകയാണ്. അയാൾ ശശി എന്ന സിനിമയുടെ സംവിധായകൻ ക്യാമറാമാൻ പി.സുകുമാർ ആണ്. അതിൻറെ സ്ക്രിപ്റ്റ് എനിയ്ക്കിഷ്ടപ്പെട്ടു. നമുക്ക് ചെയ്യാൻ പറ്റാത്തത് മറ്റൊരാൾ ചെയ്യുമ്പോൾ നമുക്ക് അവരോടു ബഹുമാനം ഉണ്ടാകും. എന്നോട് എന്താണ് പ്രതിഫലം വേണ്ടതെന്നു ചോദിച്ചപ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ളത്, എന്താണോ തരാൻ പറ്റുന്നത്, അത് തന്നാൽ മതിയെന്നാണ് പറഞ്ഞത്.

ശൈ: അവരെ സഹായിക്കണമെന്നുള്ളതാണോ, ആ പ്രോജക്ടിൽ പങ്കെടുക്കണമെന്നുള്ള താങ്കളുടെ മനസ്സാണോ അവിടെ പ്രധാനം?

ശ്രീനി: സഹായിക്കുക എന്നതിനപ്പുറം നമുക്ക് ചെയ്യാനുള്ളത് ചെയ്യുക എന്നതും അതിനുള്ള അവസരം ഉപയോഗിയ്ക്കുക എന്നതും പ്രധാനമാണ്. നല്ല കാര്യങ്ങളിൽ സന്തോഷത്തോടെ പങ്കെടുക്കുക.

ശൈ: വളരെ ടച്ചിങ് ആയിട്ടുള്ള ഉത്തരമാണ് താങ്കൾ പറഞ്ഞത്. ഇത്ര വിശദമായ ഉത്തരം പ്രതീക്ഷിച്ചില്ല. എനിയ്ക്കു വ്യക്തിപരമായി ഒരു ആർട്ടിസ്റ്റിന്റെ വാക്കുകൾ ഇത്ര കൃത്യമായി കേൾക്കാൻ കഴിഞ്ഞതിന്റെ സന്തോഷം. സിനിമകളിലെ വകഭേദങ്ങളെപ്പറ്റിയൊക്കെ ചർച്ച നടക്കുന്ന ഈ കാലത്തു താങ്കളിലെ കലാകാരനെയും കലയെയും കുറിച്ചുള്ള അഭിപ്രായവും അറിഞ്ഞത് മറ്റൊരു ആശ്വാസം തരുന്നു. മെയിൻസ്ട്രീമിൽ നിൽക്കുന്ന ഒരാളിന് ഇങ്ങനെ ഒരു ഉത്തരം പറയാൻ കഴിയുന്നത് നമ്മുടെ കാലാവസ്ഥയിൽ അത്ഭുതമല്ലേ ? ഈയടുത്തകാലത്ത് താങ്കൾ നടത്തിയ ഒരു അഭിപ്രായ പ്രകടനം വല്ലാത്ത ഒച്ചപ്പാടുകൾ ഉണ്ടാക്കി. അത് രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചായിരുന്നു. രാഷ്ട്രീയ വയലൻസിനെക്കുറിച്ചായിരുന്നു. കേരളത്തിന്റെ പൊതുമനഃസാക്ഷി അത് സ്വീകരിച്ചു. പക്ഷേ ധാരാളം വിമർശനങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും വരെ പല കോണിൽ നിന്നും ഉണ്ടായി. എന്തായിരുന്നു താങ്കളുടെ ഒരു അനുഭവം?

ശ്രീനി: ഫെയ്‌സ്ബുക്കിലും മറ്റും എന്നെ ആക്രമിച്ചു കൊണ്ടുള്ള പ്രതികരണങ്ങൾ ഉണ്ടെന്ന് അറിഞ്ഞിരുന്നു. ചിലതൊക്ക ഞാൻ വായിക്കുകയും ചെയ്തു.

ശൈ : ദേശാഭിമാനിയിൽ വന്ന പരാമർശം വായിച്ചിരുന്നോ?

ശ്രീനി: ഇല്ല. അത് ഞാൻ കണ്ടില്ല. അങ്ങനെ വന്നെങ്കിൽ എനിക്കതിൽ സന്തോഷമേയുള്ളൂ. അവരെയാണ് ഞാൻ പറയുന്നതെന്ന് അവർക്ക് തോന്നിയല്ലോ. ഞാൻ ഏതായാലും പാർട്ടിയുടെ പേരൊന്നും പറഞ്ഞിരുന്നില്ല. അവർ സ്വയം എഴുതിയ സ്ഥിതിക്ക് അവർക്കുള്ള മറുപടി ഞാൻ പറഞ്ഞിരുന്നു. കുമ്പളങ്ങ കട്ടവന്റെ തോളത്തേ പാട് കാണുകയുള്ളൂ എന്ന്. അവർ മോശമായി പ്രതികരിച്ചിരുന്നില്ലെങ്കിൽ ഇങ്ങനെയുള്ള ചർച്ചകൾ ഉണ്ടാവില്ലായിരുന്നു.

ശൈ : ആരും ഒന്നിനും പ്രതികരിക്കുന്നില്ല എന്നത് പേടിപ്പെടുത്തുന്നു. പ്രത്യേകിച്ച് സിനിമാ മേഖലയിൽ നിന്ന്, വ്യക്തിപരം എന്ന് പറഞ്ഞ് തള്ളാൻ ശ്രമിച്ചിരുന്നെങ്കിലും തിലകന്റെ ശബ്ദം ഒരു പ്രതികരണമായി സിനിമാ ലേകത്തുനിന്നും പുറത്തേക്ക് കേട്ടിരുന്നു. ഇന്ന് അവിടെ നിന്നും പുറത്തേക്ക് കേൾക്കുന്ന ഏക ശബ്ദം താങ്കളുടേതാണ്. എന്താണിങ്ങനെ?

ശ്രീനി: ആളുകൾ മിണ്ടാതിരിക്കുന്നത് പേടിച്ചിട്ടാകാം. ഭരണത്തിലിരിക്കുന്നവരെ വെറുപ്പിക്കണ്ട. നമുക്ക് എന്തെങ്കിലും ആനുകൂല്യങ്ങൾ കിട്ടാനിടയുള്ളത് വേണ്ടെന്നു വെയ്ക്കണ്ട. എന്ന് വിചാരിക്കുന്നവരുമുണ്ടാകാം. അത്തരം പലതരം വിചാരങ്ങൾ ഉള്ളതുകൊണ്ടാണ് മിണ്ടാതിരിയ്ക്കുന്നത്. അല്ലാതെ ആളുകൾക്ക് അഭിപ്രായമില്ലാഞ്ഞിട്ടല്ല. പക്ഷെ എനിക്കിതൊന്നും ആവശ്യമേയില്ല. എനിക്ക് ഒരു ഔദാര്യവും വേണ്ട. ഞാനത് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. എനിക്ക് ഒരവാർഡും വേണ്ട. തീർന്നില്ലേ.

ശൈ : ഒരു സൗജന്യവും വേണ്ട എന്ന് തീരുമാനിക്കുന്നത് വലിയ സ്വാതന്ത്ര്യമല്ലെ? ഇപ്പോൾ, അതനുഭവിച്ച് ജീവിക്കുമ്പോൾ എന്തുതോന്നുന്നു?

ശ്രീനി: തീർച്ചയായും. ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി എന്റെ അടുത്ത് വലിയ നിർബന്ധങ്ങളുണ്ടായിരുന്നു. പക്ഷെ ഞാൻ അതിന് നിന്നില്ല.  നെൽകൃഷി ചെയ്യുന്ന സമയത്ത് ചെളിയിലിറങ്ങുന്നുണ്ട്. കൂടുതൽ ചെളിയിലേക്കിറങ്ങാൻ ഞാനില്ലെന്ന് പറഞ്ഞു.

ശൈ : അതൊക്കെ ഒരു ഇൻസൾട്ട് ആയിട്ടുണ്ടാകില്ലേ?

ശ്രീനി :ഒരാളെ മാത്രമല്ല, എല്ലാവരെയും പറ്റിയാണ് പറഞ്ഞത്. ഒരു ഔദാര്യമായി കലാകാരന് വെച്ചു നീട്ടുന്ന ഇത്തരം പദവികൾ വേണ്ട. തീർന്നില്ലെ?

ശൈ : ഒരു കലാകാരന് എം.എൽ.എയോ, എം.പിയോ ആകുന്നതിനും അപ്പുറമല്ലേ ജനങ്ങളുടെ ഇടയിലുള്ള ബന്ധവും സ്വാധീനവും?

ശ്രീനി: എനിക്ക് സിനിമയുടെ മേൽവിലാസമുള്ളതുകൊണ്ടാണ് ഞാൻ എഴുതുന്നത് അച്ചടിച്ച്‌ വരുന്നതും പറയുന്നത് ശ്രദ്ധിക്കപ്പെടുന്നതും. ഇല്ലെങ്കിൽ ഞാനെഴുതുന്നത് പത്രത്തിൽ വരില്ല. എല്ലാ രാഷ്ട്രീയപ്പാർട്ടികളിൽപ്പെട്ടവരും എല്ലാത്തരം ആളുകളും ചേർന്നതാണ് സിനിമാ പ്രേക്ഷകർ. അപ്പോൾ ഞാൻ ഏതെങ്കിലും ഒരു പാർട്ടിയിലേക്ക് പോകുക എന്ന് പറയുന്നത്, ശരിക്ക് പറഞ്ഞാൽ തെറ്റല്ലേ?

ശൈ : താങ്കളുടെ ജീവിതം സിനിമ നിറഞ്ഞതാണ്. മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഒരു ചലച്ചിത്രകാരനെന്ന നിലയിൽ താങ്കളെങ്ങനെയാണ് വേറിട്ട് നിൽക്കുന്ന ഒരാളാകുന്നത്?

അതിപ്പോൾ നമ്മൾ ആരുടെ കാര്യം നോക്കിയാലും വേറിട്ട് നിൽക്കുന്നവർക്കേ ഐഡന്റിറ്റിയുള്ളൂ. മമ്മൂട്ടിയെപ്പോലെ മറ്റൊരാൾ വന്ന് അഭിനയിച്ചാൽ പിന്നെ മമ്മൂട്ടി ഉള്ളിടത്ത് അയാൾക്ക് എന്ത് സ്ഥാനം? അപ്പോൾ ആളുകളുടെ മനസ്സിൽ ഒരാൾ പതിയുന്നത് അയാളുടേത് മാത്രമായ എന്തോ ഒന്നു കൊണ്ടാണ്. അതിൽ പല കാര്യങ്ങളുണ്ട്. അയാളുടെ സംസാരരീതി, അല്ലെങ്കിൽ ബോഡി ലാംഗ്വേജ്, അയാളുടെ മുഖത്ത് വരുന്ന ഭാവങ്ങൾ അതെല്ലാം അയാളുടേതു മാത്രമായിരിക്കും. നമ്മൾ അനുകരിക്കാൻ ശ്രമിക്കുമ്പോഴാണ് നമുക്ക് വ്യക്തിത്വമില്ലാതെ പോകുന്നത്. അപ്പോൾ എനിക്ക് എന്നെപ്പറ്റി പറയാൻ പറ്റില്ല. ഞാൻ വ്യത്യസ്തനാകുന്നത് എങ്ങനെയെന്ന് പറയേണ്ടത് മറ്റുള്ളവരാണ്. എനിക്കത് വിശകലനം ചെയ്യാൻ ബുദ്ധിമുട്ടാണ്. എനിക്ക് മറ്റൊന്നും പറയാൻ തോന്നുന്നില്ല.

ശൈ : പുറത്തുനിന്നും നോക്കുന്ന ഞങ്ങൾക്ക് തോന്നുന്നത് അങ്ങനെയാണ്. താങ്കളൊരു വേറിട്ട വ്യക്തിത്വവും വേറിട്ട ശബ്ദവും അഭിപ്രായവും ജീവിതരീതിയുമൊക്കെയുള്ള കമ്മിറ്റഡ് ആയ ഒരു കലാകാരനാണ്.

ശ്രീനി: എന്റെ കാര്യം പറഞ്ഞാൽ, ഞാൻ പലപ്പോഴും, മനസ്സിൽ ഇങ്ങനെ ചെയ്യണം, ഇത് ഇങ്ങനെ ചെയ്താൽ നന്നായിരിക്കും എന്നൊക്കെ നമുക്ക് സ്വന്തമായി ഒരു ആലോചനയും തീരുമാനവും ഉണ്ടാകും. പല പല കാര്യങ്ങളെക്കുറിച്ചും നമുക്ക് സ്വന്തമായ തീരുമാനങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. അതൊക്കെയാണ് നമ്മൾ ചെയ്യുന്നത്. ഇപ്പോൾ കൃഷിയിലേക്ക് വന്നതും അത് വളരെ അത്യാവശ്യമായ കാര്യമായി തോന്നിയതുകൊണ്ടാണ്. തോന്നലുകൾ സത്യസന്ധമായിരിക്കാൻ കഴിയുന്നത്ര ശ്രമിച്ചുകൊണ്ടിരിക്കണം.

ശൈ : പണ്ടും ഇന്നും ധാരാളം ചർച്ചകൾ കലയും കലാകാരനും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടക്കുന്നുണ്ട്. കല സമൂഹത്തിനു വേണ്ടിയാണ്. കല കലയ്ക്ക് വേണ്ടിയാണ് അല്ലെങ്കിൽ കല അത് ചെയ്യുന്നവന് ആസ്വദിക്കാനാണ്. ഒത്തിരി വാദങ്ങളുണ്ട്. ഒരു കലാകാരന്റെ സാമൂഹ്യ ധർമ്മം? അഥവാ ഒരു കലാകാരന് സാമൂഹ്യധർമ്മം ഉണ്ടോ? വേണമോ? കല ചെയ്യാൻ ഇത് ആവശ്യമാണോ? താങ്കളുടെ അഭിപ്രായം എന്താണ് ?

ശ്രീനി: സാമൂഹ്യപ്രതിബദ്ധത എന്നു പറയുന്നത് നമ്മളെ നിർബ്ബന്ധിച്ചോ നിയമപരമായോ ചെയ്‌തേ പറ്റൂ എന്ന് പറയേണ്ട ഒരു കാര്യമല്ല . അത് ഒരാൾ അയാളുടെ ചുറ്റുപാടുകളിൽ ജീവിക്കുമ്പോൾ, ഇപ്പോൾ എന്റെ കാര്യം പറയുകയാണെങ്കിൽ ഞാൻ ഇന്ത്യൻ ഭരണഘടനയെയോ ഇന്ത്യൻ പീനൽ കോഡിനെയോ പേടിച്ചിട്ടല്ല തെറ്റുകൾ ചെയ്യാത്തത്. ഞാൻ തെറ്റ് ചെയ്യാത്തത് എനിക്ക് സ്വന്തമായിട്ടൊരു നീതിബോധം ഉള്ളതുകൊണ്ടാണ്. പിന്നെ, അത് എങ്ങനെ ഉണ്ടാകുന്നു എന്ന് ചോദിച്ചു കഴിഞ്ഞാൽ, എന്റെ വായനയാണ് അതിന്‌ എന്നെ ഹെൽപ്പ് ചെയ്തിട്ടുള്ളത്.

മനുഷ്യന് ആർദ്രത എന്നു പറയുന്ന സാധനം മനസ്സിൽ ഉണ്ടാകണമെങ്കിൽ നല്ല പരന്ന വായന ഉണ്ടാകണം. വായനയിലൂടെയേ അതുണ്ടാകു എന്നാണെനിക്ക് തോന്നുന്നത്. അല്ലെങ്കിൽ എന്റെയൊരു ബാക്ഗ്രൗഡ് വെച്ചിട്ട് ഞാനൊരു ദുഷ്ട പ്രകൃതി ആവേണ്ട ആളായിരുന്നു. എന്നെ മാറ്റിയത് ഒരുപാട് വലിയ വലിയ എഴുത്തുകാരുടെ ചിന്തകളും അവരുടെ കാഴ്ച്ചപ്പാടുകളുമാണ്. ബോധപൂർവ്വമല്ലാതെ എന്റെയുള്ളിലേക്ക് അവയെല്ലാം പ്രവേശിച്ചിട്ടുണ്ടാകുമല്ലോ. സ്വാഭാവികമായി സൊസൈറ്റിയിൽ പല അനീതികൾ കാണുമ്പോൾ നമുക്ക് ധാർമ്മികരോഷമുണ്ടാകുന്നു. അങ്ങനെയുണ്ടാകണമെങ്കിൽ ഈ പറയുന്നതു പോലെ മനസ്സിൽ ആർദ്രത ഉണ്ടാകണം.

നീതിബോധമുള്ളവർക്ക് ധാർമ്മിക രോഷം ഉണ്ടാകും. ഈ ധാർമ്മികരോഷം ക്രിയാത്മകമായിട്ടുള്ള പ്രതികരണമായി മാറുമ്പോഴാണ് അത് പ്രതിബദ്ധതയായി മാറുന്നത്. പ്രതിബദ്ധത ഉണ്ടാകണമെന്നുണ്ടോ എന്നതിനെക്കാൾ പ്രധാനം പ്രതിബദ്ധത എങ്ങനെ ഉണ്ടായി വരുന്നു എന്നുള്ളതാണ്. അതുള്ളവർക്ക് അവരുടെ കലയിലും അവരുടെ രാഷ്ട്രീയത്തിലും അവരുടെ എല്ലാ പ്രവർത്തനങ്ങളിലും അതുണ്ടാകും.