പരുഷ സത്യത്തിന്റെ ശക്തി

#

മുംബൈ (06-01-17) : അറുപത്തിയാറാം വയസ്സില്‍ ഓംപുരി അഴങ്ങൊഴിഞ്ഞപ്പോള്‍ ഇന്ത്യക്ക് സിനിമയ്ക്ക് നഷ്ടമായത് പകരം വയ്ക്കാനാളില്ലാത്ത ഒരു അപൂര്‍വ്വ പ്രതിഭയെയാണ്. തനിക്കു ലഭിച്ച വ്യത്യസ്ത കഥാപാത്രങ്ങളെ നൂറു ശതമാനം നീതി പുലര്‍ത്തി അരങ്ങിലെത്തിക്കാന്‍ ശ്രമിച്ച ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം. പത്മശ്രീയും ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ ഓംപുരിയെ തേടിയെത്തിയത് അദ്ദേഹത്തിന്റെ അഭിനയ മികവിന്റെ തെളിവുകളായിരുന്നു.  സിനിമാക്കഥകള്‍ പോലെ സംഭവ ബഹുലം തന്നെയായിരുന്നു ഓംപുരിയുടെ ജീവിതവും. വിമര്‍ശനങ്ങളും വിവാദങ്ങളും അദ്ദേഹത്തെ നിരന്തരം വേട്ടയായിരുന്നു.

പഞ്ചാബിലെ അംബാലയില്‍ ആയിരുന്നു ഓം പുരിയുടെ ജനനം. സിനിമ മോഹവുമായി മുംബെയിലെത്തിയ അദ്ദേഹം പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുമായി തന്റെ കലാപഠനം പൂര്‍ത്തിയാക്കി. നാടക രംഗത്തെ നിന്ന് 1976 ല്‍ ഗാഷിറാം കോറ്റ്‌വാള്‍ എന്ന മറാഠി ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് ഓംപുരിയുടെ അരങ്ങേറ്റം. തുടര്‍ന്ന് കലാമൂല്യമുള്ള നിരവധി ചിത്രങ്ങളിലെ മുഖ്യവേഷങ്ങള്‍. ഓംപുരി എന്ന യുവാവ് സമാന്തര ചിത്രങ്ങളുടെ ഒരു മുഖമായി ഉയര്‍ത്തപ്പെട്ടു. അക്കാലത്തെ സമകാലിക താരങ്ങളായ ഷബാന ആസ്മി, നസറുദ്ദീന്‍ ഷാ, അമരീഷ് പുരി, സ്മിത പാട്ടില്‍ എന്നിവരോടൊപ്പം ആര്‍ട്ട് ചിത്രങ്ങളിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ആ താരം വളരുകയായിരുന്നു. ആക്രോശ്.ഭാവ്‌നി ഭവായ്, സദ്ഘടി, അര്‍ദ്ധ്‌സത്യ, ധാരാവി തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. ഇതില്‍ 1982 ല്‍ പുറത്തിറങ്ങിയ അര്‍ദ്ധ്‌സത്യ എന്ന കഥാപാത്രത്തിലൂടെയാണ് ദേശീയ പുരസ്‌കാരം പുരിയെ തേടിയെത്തിയത്. കഥാപാത്രങ്ങളിലെ വ്യത്യസ്തതയിലൂടെ നിരൂപക പ്രംശംസകള്‍ പിടിച്ചു പറ്റിയ താരം കൂടിയായിരുന്നു പുരി.

തുടര്‍ന്ന് കച്ചവട സിനിമകളിലേക്ക് ചുവടുമാറ്റിയ ഓംപുരി ഹിന്ദി, മറാത്തി,കന്നഡ, പഞ്ചാബി, മലയാളം തുടങ്ങി വിവിധ ഭാഷകളിലായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇംഗ്ലീഷ് ചിത്രങ്ങളിലും സാന്നിധ്യം തെളിയിച്ച അദ്ദേഹം ഡേവിഡ് ആറ്റെന്‍ബറോയുടെ ഗാന്ധിയില്‍ ഒരു മുഖ്യ വേഷമാണ് കൈകാര്യം ചെയ്തത്. സംവത്സരം,പുരാവൃത്തം തുടങ്ങി സമാന്തര മലയാള ചിത്രങ്ങളുടെ ഭാഗമായ അദ്ദേഹം അവസാനമായെത്തിയ മലയാള ചിത്രം ജയറാം നായകനായ ആടുപുലിയാട്ടമാണ്. പാകിസ്ഥാന്‍ ചിത്രങ്ങളുടെ ഭാഗമായും നവസിനിമ പ്രസ്ഥാനത്തിന്റെ മുന്നണിക്കാരിലൊരാളായ ഓംപുരി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ പാകിസ്ഥാന്‍ ചിത്രം ആക്ടര്‍ ഇന്‍ ലോ ആണ് ഇദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം, ചില കന്നഡ ചിത്രങ്ങളുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം അദ്ദേഹത്തെ കവര്‍ന്നെടുത്തത്.

ഈ അടുത്ത കാലത്തായി വിവാദങ്ങളുടെ പേരിലായിരുന്നു ഓംപുരി വാര്‍ത്തകളില്‍ നിറഞ്ഞത്. സിനിമകളോടൊപ്പം തന്നെ സമാകാലീക സംഭവങ്ങളിലും അഭിപ്രായം പറയാനും യാതൊരു മറയുമില്ലാതെ വിമര്‍ശനങ്ങള്‍ തുറന്നു പ്രകടിപ്പിക്കാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു. ഈ രീതി തന്നെയായിരുന്നു അദേഹത്തെ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നിര്‍ത്തിയതും. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനികരെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും പാകിസ്ഥാന്‍ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ ശബ്ദം ഉയര്‍ത്തിയതുമെല്ലാം അദ്ദേഹത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാക്കി.

അണ്‍ലൈക്ക്‌ലി ഹീറോ- ദ സ്റ്റോറി ഓഫ് ഓംപുരി എന്ന അദ്ദേഹത്തിന്റെ ജീവചരിത്രവും വിവാദങ്ങളില്‍പ്പെട്ടിരുന്നു. താരത്തിന്റെ രണ്ടാം ഭാര്യയായ നന്ദിത രചിച്ച ഈ പുസ്തകം ഓംപുരിയുടെ ചില മുന്‍കാല ബന്ധങ്ങളുടെ തുറന്നെഴുത്ത് കൂടിയായിരുന്നു. ഇതിനെതിരെ ഓംപുരി കടുത്ത ഭാഷയില്‍ പ്രതിഷേധിച്ചിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കിനും വിവാഹ മോചനത്തിലുമായിരുന്നു ഈ പ്രശ്‌നം അവസാനിച്ചത്.

വിവാദങ്ങളും വിമര്‍ശനങ്ങളും മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ സിനിമാലോകത്തെ മികച്ച കലാകാരന്‍മാരിലൊരാളായിരുന്നു ഓംപുരി. കോമഡി കഥാപാത്രമായും വില്ലന്‍ കഥാപാത്രമായും ഗൗരവമുള്ള കഥാപാത്രമായും ഒരേ സമയം തിളങ്ങിയ ബഹുമുഖ പ്രതിഭ. ഒരു സിനിമാ താരത്തിന് വേണ്ട സൗന്ദര്യമോ രൂപഭാവങ്ങളോ ഇല്ലായിരുന്നിട്ടു കൂടി അന്‍പത് വര്‍ഷത്തോളമായി ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ സിനിമകളില്‍ സജീവമായി തന്നെ ഓംപുരി നിറഞ്ഞു നിന്നത് അദ്ദേഹത്തിന്റെ അഭിനയപാടവവും കഥാപാത്രങ്ങളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള കഴിവും കൊണ്ടു മാത്രമാണ്.

കഴിഞ്ഞ ദിവസം വരെ സിനിമകളില്‍ സജീവമായിരുന്ന ഓംപുരിയെ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം കവര്‍ന്നെടുത്തപ്പോള്‍ സമാനതകളില്ലാത്ത പകരം വയ്ക്കാനാളില്ലാത്ത ഒരു അപൂര്‍വ്വ പ്രതിഭയുടെ യുഗത്തിന് കൂടിയാണ് അന്ത്യമായത്.