സ്പീക്കർ സ്ഥാനം ബാധ്യതയല്ല സാധ്യതയാണ് : പി ശ്രീരാമകൃഷ്ണൻ

#

തിരുവനന്തപുരം (6-01-17) : പതിനാലാം കേരള നിയമസഭയുടെ സ്പീക്കറാണ് പി.ശ്രീരാമകൃഷ്ണന്‍.തന്നെക്കാള്‍ രാഷ്ട്രീയ പരിചയവും അനുഭവ സമ്പത്തുമുള്ള ആളുകള്‍ നിറഞ്ഞ ഒരു സഭയെ നിയന്ത്രിക്കുക എന്ന വലിയ ഉത്തരവാദിത്വം വളരെ കാര്യക്ഷമമായ രീതിയില്‍ അദ്ദേഹം ഇതുവരെ നടപ്പിലാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റെ് കൂടിയായ  ശ്രീരാമകൃഷ്ണന്‍ തന്റെ ചുമതലകളെയും കടമകളെയും കുറിച്ചും സഭയെ നിയന്ത്രിക്കാന്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളെക്കുറിച്ചും ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്, യുവ എം.എൽ.എ തുടങ്ങിയ നിലകളിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്ന താങ്കൾക്ക് സ്പീക്കർ പദവി പോലെ നിഷ്പക്ഷമായ ഒരു സ്ഥാനത്തോട് എത്രത്തോളം പൊരുത്തപ്പെടാൻ കഴിയുന്നുണ്ട്?

പൊരുത്തപ്പെടാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. അന്ധമായ രാഷ്ട്രീയ വിരോധം വെച്ചുകൊണ്ട് ഞാന്‍ പ്രവര്‍ത്തിക്കാറില്ല. മാധ്യമ സംവാദങ്ങളിലും, സെമിനാറുകളിലും, വര്‍ഷങ്ങളായി പങ്കെടുക്കുന്ന ആള്‍ എന്ന നിലയില്‍ വ്യത്യസ്ത അഭിപ്രായങ്ങളിലുള്ളവരെ എകോപിപ്പിക്കുന്നതിലും, ഒരു മോഡറേറ്റര്‍ ആയി പ്രവര്‍ത്തിച്ചതിന്‍റെ എക്സ്പീരിയന്‍സും ഈ പദവിയോട് പൊരുത്തപ്പെടുന്നതില്‍ എനിക്ക് പ്രയാസം ഉണ്ടാക്കിയില്ല. തന്നെയുമല്ല, സ്പീക്കര്‍ എന്ന ചുമതല നിര്‍വ്വഹിക്കുന്നതില്‍ എനിക്ക് അസാധാരണത്വം ഇതുവരേയും തോന്നിയിട്ടില്ല.

സ്പീക്കറായി സത്യവാചകം ചൊല്ലി അധികാരമേറ്റെടുത്തപ്പോള്‍ മഹാനായ നെപ്പോളിയന്‍റെ ഒരു വാചകം ഉദ്ധരിച്ചിരുന്നു. "When I was in Egypt, I was a Muslim... When I am in France, defenitely I am a Christian..." എന്നാണ് നെപോളിയന്‍റെ പ്രസംഗത്തില്‍ പറഞ്ഞത്. ചുമതലകള്‍ മനുഷ്യനെ മാറ്റിമറിയ്ക്കും എന്ന ഓര്‍മ്മപ്പെടുത്തലിലൂടെ കുമ്പസരിച്ചുകൊണ്ടാണ് ഞാന്‍ ഈ ചുമതല ഏറ്റെടുത്തത്.

യുവതലമുറയിൽപ്പെട്ട താങ്കൾക്ക്, സഭയിലെ മുതിർന്ന അംഗങ്ങളെ നിയന്ത്രിക്കുന്നതിൽ പ്രയാസം അനുഭവപ്പെട്ടിട്ടുണ്ടോ? ഒരു ബാധ്യതയായി എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

പ്രയാസമായി തോന്നിയിട്ടില്ല. സ്പീക്കര്‍ എന്ന ആ ചുമതല ഏറ്റെടുത്തതിന് ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്നെ ചേംബറിലേക്ക് ആനയിച്ചിരുത്തി. കേരള രാഷ്ട്രീയത്തിലെ സമുന്നതരായ എല്ലാ വ്യക്തിത്വങ്ങളും അവിടെ ഉണ്ടായിരുന്നു. അവരില്‍ പലരും ഞാന്‍ ജനിക്കും മുന്‍പേ തന്നെ എം.എല്‍.എ മാരായിരുന്നവരാണ്. ആ ഒരു യാഥാര്‍ത്ഥ്യത്തിനോട് ഇണങ്ങി ചേരാന്‍ കുറെ സമയം എടുത്തു. പക്ഷേ, ആ സ്ഥാനത്തിന്‍റെ അടിത്തറ, പ്രൗഡി എനിക്ക് പിന്തുണയേകി. മാത്രവുമല്ല, സഭയിലെ അംഗങ്ങളെല്ലാം തന്നെ വാത്സല്യപൂര്‍വ്വമായ പെരുമാറ്റമാണ് എന്നോട് കാട്ടിയത്. എല്ലാതരത്തിലും എനിക്ക് ബാധ്യതയായില്ല, മറിച്ച് ഒരു സാധ്യതയായിരുന്നു തുറന്നുകിട്ടിയത്.

സ്പീക്കർ സ്ഥാനം ഒരു ഭാരമായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ഭാരം തന്നെയാണ്. ഏതൊരു ചുമതല ഏറ്റെടുക്കുമ്പോഴും സ്വാഭാവികമായും നമ്മളില്‍ത്തന്നെ ആയിരിക്കും അതിന്‍റെ ഉത്തരവാദിത്തം. രാവിലെ ഏഴ് മണിയ്ക്ക് മുന്‍പ്‌ അടിയന്തിരപ്രമേയവുമായി ബന്ധപ്പെട്ട ലെയ്സണ്‍ വര്‍ക്കുകള്‍  പ്രിപെയര്‍ ചെയ്യണം, സഭയിലെ ചിട്ടവട്ടങ്ങള്‍ തെറ്റാതെ നോക്കണം, പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കണം, ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ലഭിച്ചുവോയെന്ന് ഉറപ്പാക്കണം. തുടങ്ങി എല്ലാക്കാര്യങ്ങളിലും സൂക്ഷ്മത കൈക്കൊള്ളുന്നതില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഈ പദവിയ്ക്കുണ്ട്.

രാഷ്ട്രീയത്തിൽ സജീവമായിരുന്നവരാണല്ലോ സ്പീക്കർമാരാകുന്നത്. ആ നിലയിൽ സ്പീക്കർമാർ രാഷ്ട്രീയം പറയാൻ പാടില്ല എന്ന നിബന്ധന എത്രത്തോളം പ്രായോഗികമാണ് ?

സഭയില്‍ ഏതെങ്കിലും ഒരു പ്രത്യേക കക്ഷിയുടെ ഭാഗമായി നിന്നുകൊണ്ട് രാഷ്ട്രീയം പറയാന്‍ പാടില്ല എന്നുള്ളതാണ് ഈ സ്ഥാനത്തിരിക്കുന്നവര്‍ ചെയ്യേണ്ട മര്യാദ. ഏതെങ്കിലുമൊരു പ്രത്യേക രാഷ്ട്രീയ അനുഭാവം പ്രകടിപ്പിച്ച് സഭ നടത്തുകയാണെങ്കില്‍ പിന്നെന്തര്‍ത്ഥമാണുള്ളത്‌? ഒരു കക്ഷിയുടെ വക്താവ് ആയി മാറുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ആ പ്രത്യേക കക്ഷിയില്‍ നിന്ന് മാറി സോഷ്യല്‍ ഇഷ്യൂവിനോട് പ്രതികരിക്കുന്ന ആളാകണം എന്ന് ആഗ്രഹിക്കുന്നുണ്ട്. അത് ഞാന്‍ ചെയ്യുന്നുമുണ്ട്. സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന പ്രശ്നങ്ങള്‍, ജാതി വ്യവസ്ഥ, നവോത്ഥാന പാരമ്പര്യം ഇവയെക്കുറിച്ചൊക്കെ ഞാന്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. സമൂഹം അത് അംഗീകരിച്ചിട്ടുമുണ്ട്.

നിയമസഭാ പ്രവർത്തനത്തിൽ താങ്കൾ ഏതെങ്കിലും അംഗത്തെ മാതൃകയാക്കിയിട്ടുണ്ടോ?

ഇല്ല, ഞാന്‍ ആരെയും മാതൃക ആക്കിയിട്ടില്ല. പൂര്‍ണ്ണനായി ആരും ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിട്ടില്ല. പക്ഷെ എല്ലാവരിലും അവരവരുടേതായിട്ടുള്ള ഗുണഗണങ്ങളും ശരിതെറ്റുകളും ഉണ്ടാകാം. ശങ്കരനാരായണന്‍ തമ്പിയില്‍ നിന്ന് പഠിക്കേണ്ട കാര്യങ്ങള്‍ ഉണ്ടാകാം, സി.എച്ച്. മുഹമ്മദ്‌കോയയില്‍ നിന്ന് സ്വാംശീകരിക്കേണ്ടവ ഉണ്ടാകാം... അങ്ങനെ ഓരോരുത്തരില്‍ നിന്നും വ്യത്യസ്തമായവ കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. ഏതെങ്കിലും ഒരാളെ മാത്രം മാതൃകയാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.

മണ്ഡലത്തിലെ പൊതു ചടങ്ങുകളിലും വിവാഹം, മരണം തുടങ്ങിയവയിലും പങ്കെടുക്കുകയാണ് ഒരു എം.എൽ.എ യുടെ മുഖ്യ ഉത്തരവാദിത്തം എന്നാണ് നല്ലൊരു പങ്ക് ജനങ്ങളുടെയും (എം.എൽ.എ മാരുടെ തന്നെയും) വിചാരം. പ്രശ്നങ്ങൾ പഠിച്ച് സഭയിൽ അവതരിപ്പിക്കാൻ എം.എൽ.എ മാർക്ക് സമയം ലഭിക്കാറില്ല എന്നത് ഒരു യാഥാർത്ഥ്യമല്ലേ?

ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടണം എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം. എല്ലാ വിവാഹ വീടുകളിലും മരണ വീടുകളിലും എം.എല്‍.എ മാര്‍ എത്തുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. എം.എല്‍.എ മാര്‍ക്ക് മാത്രം അതില്‍ പൂര്‍ണ്ണ പങ്കാളിത്തം ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. അതാത് മണ്ഡലത്തിലെ പ്രാദേശിക നേതാക്കളുടെ ഇടപെടലും ഉണ്ടായേക്കാമെന്ന് തോന്നുന്നു. ഉത്സവത്തിന് ആനകളെ അണിനിരത്തുന്നപോലെ ആഘോഷങ്ങളിലും മറ്റും അണിനിരത്തേണ്ട കൊമ്പനാനകളാകരുത് എം.എല്‍.എ മാര്‍. ഒരു പബ്ലിക്‌ റിലേഷന്‍റെ ഭാഗമാകാന്‍ വേണ്ടിയാണെങ്കില്‍ ഇവര്‍ പഞ്ചായത്തു തലങ്ങളില്‍ അദാലത്തുകള്‍ നടത്തട്ടെ.

ചർച്ചകളുടെ നിലവാരം വർദ്ധിപ്പിക്കുന്നതിന് പ്രത്യേക നടപടികൾ എന്തെങ്കിലും മനസ്സിലുണ്ടോ?

അങ്ങനെയൊരു പദ്ധതിയ്ക്ക് വേണ്ടി ഒരു ചട്ടത്തിന് സാദ്ധ്യതയില്ല. മാന്യമായും വൃത്തിയായും കാര്യങ്ങള്‍ (പ്രശ്നങ്ങള്‍) പഠിച്ച് അവതരിപ്പിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കൂടുതല്‍ നല്‍കും. ചോദ്യോത്തരവേളകളില്‍ ഇടപെട്ട് പ്രസ്തുത കാര്യത്തെ സൂക്ഷ്മമായി നോക്കിക്കാണുന്നവര്‍ക്കും അവസരം നല്‍കും. മനസ്സില്‍ പുത്തന്‍ ആശയങ്ങള്‍ ഉള്ള പ്രതിനിധികള്‍ക്കും, സ്ത്രീ-ദളിത്‌-ആദിവാസി പ്രാതിനിധ്യമുള്ളവര്‍ക്കും അവസരം നല്‍കും. സഭയില്‍ അവര്‍ക്ക് നല്‍കുന്ന ഇത്തരം അവസരങ്ങളിലൂടെ അവരുടെ പ്രശ്നങ്ങള്‍ കൂടുതല്‍ സഭയ്ക്കുള്ളില്‍ എത്തിക്കാനാകും.

കേരള നിയമസഭ ചരിത്രത്തില്‍ ആദ്യമായി നിയമസഭ സമിതികളുടെ പ്രമേയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ സമ്മേളനത്തോടെ ആരംഭം കുറിച്ചിട്ടുണ്ട്. നിയമസഭ സമിതികള്‍ പലതും പരിശോധന നടത്തിയ റിപ്പോര്‍ട്ടുകള്‍  തയ്യാറാക്കി ഓഫീസിനുള്ളില്‍ വെച്ചിരിക്കുകയാണ്. അതില്‍ പലതും എം.എല്‍.എ മാര്‍ അറിയുന്നില്ല. ആ വിഷയത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്.

താങ്കളെ സബന്ധിച്ചിടത്തോളം, പുതിയ പദവിയും പുതിയ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത വർഷമാണ്. സ്പീക്കർ എന്ന നിലയിൽ ഏറ്റവും അവിസ്‌മരണീയമായ  സന്ദർഭം ഞങ്ങളുമായി  പങ്കുവെയ്ക്കാമോ ?

ഒരു വലിയ ചുമതല ഏറ്റെടുത്തതിന് ശേഷം മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനുമൊപ്പം ചേംബറിലേക്ക് നടന്നു നീങ്ങിയപ്പോള്‍ എനിക്ക് മുന്നില്‍ കേരള രാഷ്ട്രീയത്തിലെ സമുന്നത വ്യക്തിത്വങ്ങള്‍ എല്ലാവരും അവിടെ ഉണ്ടായിരുന്നു. ഏറ്റവും മുതിര്‍ന്ന നേതാവായ സഖാവ് വി. എസ്സ്. അച്യുതാനന്ദന്‍, കെ. എം. മാണി, പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി ഇവരുടെയൊക്കെ മുന്നിലേക്ക് എത്തുമ്പോള്‍ ഉണ്ടായ ആ നിമിഷം 2016നെ സംബന്ധിച്ച് എനിക്ക് മറക്കാനാവാത്തതാണ്. ആ ഒരു യാഥാര്‍ത്ഥ്യത്തിനോട് ഇണങ്ങി ചേരാന്‍ കുറെ സമയം എടുത്തു.