ഓം പുരി: നിഷേധിക്കപ്പെട്ടവൻറെ മുഖം

#

(06.01.2017) : ഹിന്ദി സിനിമ കാലാകാലങ്ങളായി നിലനിർത്തി സംരക്ഷിച്ചുപോന്ന പുരുഷ സൗന്ദര്യത്തിന്റെ ആര്യമുഖങ്ങളെ വകഞ്ഞുമാറ്റി ഒതുക്കിക്കൊണ്ട് ഇന്ത്യൻ സിനിമയുടെ തന്നെ പുതിയ മുഖമായി കടന്നുവരുമ്പോൾ ഓം പുരിക്ക് വയസ്സ് 26.

നായക ഗാഥകളായി മാത്രംപുറത്തിറങ്ങി കൊണ്ടിരുന്ന ഹിന്ദി സിനിമയിൽ ഓം പുരിയെ പോലെ ഒരാൾ പ്രവേശിക്കാൻ ശ്രമിച്ചത് തന്നെ വിപ്ലവാത്മകമായിരുന്നു.

ജനിതക ഗുണവും, വെള്ള തൊലിയും മിനുമിനുപ്പും ഇല്ലാത്ത, ഒന്നോ രണ്ടോ വില്ലൻ വേഷങ്ങൾക്കപ്പുറം പോകുമെന്ന് ഒരാൾക്കും ഉറപ്പു പറയാൻ പറ്റാത്ത അനന്യമായ മുഖപ്പാടുകളുമായി രംഗത്തു വന്ന ഓം പുരി മറക്കാനാവാത്ത ഒട്ടേറെ കഥാ പാത്രങ്ങളെ നമുക്ക് നൽകി. പൊതു വേദികളിൽ നിന്ന് ഒഴിവാക്കപ്പെടുകയും മുഖം നിഷേധിക്കപ്പെതുകയും ചെയ്യുന്ന ഇന്ത്യൻ വർഗ്ഗങ്ങളുടെയും കൂടി ഒരു മുഖം ആയി അത് മാറി. ഇന്ന് നാല്പതു വർഷത്തിന് ശേഷം ഓം പുരി ലോകത്തോട് വിടപറയുമ്പോൾ അനുഭവപ്പെടുന്നത് ഇന്ത്യൻ സിനിമയുടെ ഗ്ലോബൽ മുഖമായി കൂടി മാറിയ ഒരു നടന്റെ വേർപാടാണ്.

1976 -ഇൽ, വിജയടെണ്ടുൽക്കറുടെ 'ഘാസിറാം റാം ക്വോത്തുവാൾ' എന്ന നാടകത്തെ അടിസ്ഥാനമാക്കി അതേ പേരിലുണ്ടായ മറാത്തി സിനിമയിലൂടെയാണ് ഓം പുരി തന്റെ സിനിമ ജീവിതം തുടങ്ങുന്നത്. 16 ഓളം FTII വിദ്യാർത്ഥികളുടെ സംരംഭമായ ഈ സിനിമ സംവിധാനം ചെയ്തത് മണി കൗളും കെ ഹരിഹരനും ചേർന്നാണ്. ഈ സിനിമയിൽ ഘാസിറാം ആയാണ് ഓം പുരി അഭിനയിക്കുന്നത്.

അത് ഭാഗ്യം അന്വേഷിച്ച് മുംബയിൽ എത്തിയ ഒരാളിന്റെ ആകസ്മിക തുടക്കമായിരുന്നില്ല എന്ന് ലോകം അറിഞ്ഞു . അഭിനയം അറിഞ്ഞു ചെയ്യേണ്ടതാണെന്നും ശാസ്ത്രീയമായി പഠിയ്ക്കാനുള്ള ഒന്നാണെന്നും തിരിച്ചറിഞ്ഞ ഒരാളുടെ തുടക്കമായിരുന്നു അത്. ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് ഇൻസ്റ്റിട്യൂട്ടുകളായ ദൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും പരിശീലനം നേടിയ ശേഷം സ്വന്തം പ്രൊഫഷനിലേക്കിറങ്ങിയ ഒരു കലാകാരൻ ആയിരുന്നു ഓം പുരി എന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ 1973 ബാച്ച് വ്യത്യസ്ത മേഖലകളിൽ പിൽക്കാലത്തു് ഇന്ത്യൻ കലാ രംഗത്ത് ശ്രദ്ധ നേടുകയുണ്ടായി. ആ ബാച്ചിലെ ഓം പുരിയും നസറുദ്ദീൻ ഷ്വായും സിനിമാ രംഗത്തും, ബെൻസി കൗൾ, ഭാനു ഭാരതി, ബി.ജയശ്രീ , ബി.കെ മൊഹന്തി എന്നിവർ നാടക രംഗത്തും തങ്ങളുടെ പേര് എഴുതിച്ചേർത്തു. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലെ പഠന കാലത്തുള്ള ഇവരുടെ പല ക്യാമ്പസ് കഥകളും, ഇന്ത്യൻ കലാരംഗത്ത് പിന്നീട് ഇവർ കൈവരിച്ച നേട്ടങ്ങളും പിൽക്കാലത്തു ഞാനുൾപ്പെടെയുള്ള നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികൾക്ക് പ്രതീക്ഷയും ആവേശവും ആയിരുന്നു.

ഇന്ത്യയിൽ 1970 കളുടെ മധ്യത്തോടെ തുടങ്ങിയ നവതരംഗ / സമാന്തര ഹിന്ദി സിനിമ പ്രസ്ഥാനത്തിന് സ്വാഭാവിക അഭിനയത്തിന്റെ ചാലക ശക്തി പകർന്നു നൽകുന്നതിൽ പ്രധാന പങ്കു വഹിച്ച നടനാണ് ഇന്ന് നമ്മെ വിട്ടു പോയത്. ആരോഹൻ, അർദ്ധ സത്യ, മിർച് മസാല, മായാ ബസാർ,ആക്രോശ്, അങ്കുർ, തുടങ്ങി സാദാരണക്കാരുടെ ജീവിതം പ്രതിഫലിച്ച നിരവധി സിനിമകളിൽ നായകനും പ്രതിനായകനുമായി അഭിനയത്തിന്റെ അതുവരെ കാണാത്ത വസന്തം നമുക്ക് സമ്മാനിച്ച പ്രതിഭയാണ് ഓം പുരി.

ശരീരവും മുഖവുമാണ് അഭിനയത്തിന് വേണ്ടതെന്ന്‌  പരക്കെ  വച്ചു പുലർത്തുന്ന അൽപ്പത്തരങ്ങൾക്കുള്ള  മറുപടിയായിരുന്നു ഓം പുരിയുടെ കഥാപാത്രങ്ങളോരോന്നും.  ഇന്ത്യൻ സിനിമാ  ചരിത്രത്തിൽ തന്നെ മാറ്റങ്ങൾക്കു തുടക്കമിട്ട വലിയ അടയാളങ്ങൾ സ്ഥാപിച്ച സംവിധായകരായ  ശ്യാം ബെനഗൽ, ഗോവിന്ദ് നിഹ്‌ലാനി, സത്യജിത് റേ, മൃണാൾ സെൻ, ബസു ചാറ്റർജി , ബസു ഭട്ടാചാര്യ, മാണി കൗൾ,  എന്നിവരോടൊപ്പം   പ്രവർത്തിച്ച ഓം പുരി ശ്യാം ബെനഗലും ഗോവിന്ദ് നിഹ്‌ലാനിയും തന്റെ ഗുരുക്കന്മാരാണെന്നു പറഞ്ഞിട്ടുണ്ട്.

ഒരു തികഞ്ഞ അഭിനേതാവായ പുരിക്ക് സമാന്തര  - മുഖ്യധാരാ അതിർവരമ്പുകളും  ബാധകമായിരുന്നില്ല.ആക്രോഷിലും അർദ്ധ് സത്യാ യിലും നാം കണ്ട തീവ്രമായ അഭിനയത്തിന്റെ മുഹൂർത്തങ്ങളുടെ   മറുവശം,  ചാച്ചി 420 ലെ അയത്ന ലളിതമായ ഹാസ്യാഭിനയത്തിലൂടെ  അദ്ദേഹം  കാഴ്ചവെച്ചു.

മറ്റൊരു ഇന്ത്യൻ നടനും  കിട്ടാത്ത അപൂർവ ഭാഗ്യം   തന്റെ അഭിനയ മികവിൻറെ വഴിയിൽ ഓം പുരിയെ തേടിയെത്തി. ഹോളി വുഡ്, ബ്രിട്ടീഷ്, പാകിസ്താനി സിനിമകളിൽ അഭിനയിച്ച ഓംപുരി  കലയ്ക്കും അഭിനയത്തിനും ഭാഷയുടെയും ദേശീയതയുടെയും  അതിർ വ രമ്പുകളില്ല എന്ന് തെളിയിക്കുന്ന ചരിത്രമാണ് എഴുതിചേർത്തത്.  ബ്രിട്ടീഷ് സിനിമയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് രാജ്യം OBE -(ഓണററി ഓർഡർ ഓഫ് ബ്രിട്ടീഷ് എംപിയർ)- നൽകി ആദരിയ്ക്കുകയുണ്ടായി. 'മൈ സൺ ദി ഫനാറ്റിക് ', ഈസ്റ്റ് ഈസ് ഈസ്റ്റ്, വൈറ്റ് ടീത് , ഗാന്ധി തുടങ്ങിയവ പ്രധാന ബ്രിട്ടീഷ് സിനിമകളാണ്.

ഹോളിവുഡ് സിനിമയിലും തന്റെ സാന്നിധ്യം വ്യത്യസ്തമായി   അടയാളപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും അവസാനം ചെയ്ത സ്റ്റീവൻ സ്പിൽബെർഗിന്റെ 'ഹൺഡ്രഡ്  ഫുട് ജേർണി ' ഉൾപ്പെടെ ' സിറ്റി ഓഫ് ജോയ്', 'വുൾഫ്'  'ചാർളി  Wilson's war'  'ദി റെലക്റ്റന്റ്  ഫണ്ടമെന്റലിസ്റ്'  ' ദി  ഗോസ്റ്റ്  ആൻഡ് ഡാർക്ക്നെസ്'  അങ്ങനെ ചെയ്ത സിനിമകളിലെല്ലാം തന്റേതു മാത്രമായ അഭിനയ പ്രത്യേകതകൊണ്ട് പടിഞ്ഞാറൻ കാണികൾക്കിടയിലും അദ്ദേഹം പരിചിതനാണ്.

പുരാവൃത്തം, ആടുപുലിയാട്ടം എന്നീ സിനിമകളിലൂടെ മലയാളത്തിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് . മലയാളത്തിൽ ഹിറ്റായ പല സിനിമകളും ബോളിവുഡ് ലേക്ക് റീമേക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ മിക്കതിലും ഓം പുരിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

260 ലേറെ സിനിമകളിൽ അഭിനയിച്ച കലാകാരൻ പക്ഷെ അവസാന നാളുകളിൽ തന്റെ യഥാർത്ഥ തട്ടകമായ നാടകത്തിലേക്കു തിരിച്ചു പോകാനുള്ള തീരുമാനത്തിലായിരുന്നു. അതിന്റെ തുടക്കമായി ''തുംഹാരി അമൃത '' എന്ന നാടകം 2 വർഷം മുൻപ് ദിവ്യ ദത്ത എന്ന നടിയോട് ചേർന്ന് അദ്ദേഹം അവതരിപ്പിയ്ക്കാൻ തുടങ്ങിയിരുന്നു. &

പട്ടാളക്കാരെ കുറിച്ച് അഭിപ്രായം പറഞ്ഞതിന് വലിയ വിമർശനം നേരിട്ട ഓം പുരി അഭിനയ സിനിമ ലോകത്തെക്കുറിച്ചും തന്റേതായ അഭിപ്രായങ്ങൾ ഉള്ള ആളായിരുന്നു. ഇന്ത്യയിൽ നായക-നായികാ സങ്കല്പങ്ങളിലുള്ള സിനിമകൾ മാത്രമേ ഉള്ളെന്നും സ്വഭാവ നടനത്തിന് സാധ്യത വിരളമാണെന്നും പ്രായം ചെല്ലുംതോറും അതിനനുസരിച്ചു അഭിനയിക്കാനുള്ള സാധ്യത ഇവിടെ ഇല്ലെന്നുമുള്ള അഭിപ്രായം അദ്ദേഹം പലയിടത്തും പറഞ്ഞിരുന്നു. പാഠപുസ്തകമാക്കാവുന്ന സൂഷ്മ അഭിനയ പാഠങ്ങൾ കഥാപാത്രങ്ങളിലൂടെ പകർന്നു നൽകിയ പ്രിയ അഭിനേതാവിന് വിട.