പണമില്ല : അഞ്ച് വയസുകാരിയുടെ മൃതദേഹവും ചുമന്ന് ഒരച്ഛന്‍

#

ഒഡീഷ (07-01-17) : പണമില്ലാത്തതിന്റെ പേരില്‍ അഞ്ച് വയസുകാരിയുടെ മൃതദേഹവും ചുമന്ന് അച്ഛന് നടക്കേണ്ടി വന്നത് 15 കിലോമീറ്റര്‍. ഒഡീഷയിലെ അംഗുല്‍ ജില്ലാ സ്വദേശി ഗട്ടി ദിബാറിനാണ് ഈ ദുരവസ്ഥ. കടുത്ത പനിയെ തുടര്‍ന്നാണ് ഇയാളുടെ അഞ്ച് വയസുകാരിയായ മകള്‍ സുമിയെ പല്ലഹാര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റെറില്‍ പ്രവേശിപ്പിച്ചത്. കുട്ടി പിറ്റേന്ന് മരണപ്പെട്ടു. എങ്കിലും മൃതദേഹം കൊണ്ടു പോകാനുള്ള സൗകര്യം ആശുപത്രി അധികൃതര്‍ നല്‍കിയില്ല. മൃതദേഹം കൊണ്ടു പോകുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ സൗജന്യ സേവനം ലഭ്യമാണെന്നിരിക്കെയാണ് ആശുപത്രി അധികൃതരുടെ നിസഹകരണം മൂലം കുഞ്ഞിന്റെ മൃതദേഹം തോളിലേറ്റി നടന്നു പോകേണ്ട അവസ്ഥ ദിബാറിനുണ്ടായത്.

രണ്ട് ദിവസം മുന്‍പുണ്ടായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ ജൂനിയര്‍ മാനേജറിനെയും സെക്യരിറ്റി ഗാര്‍ഡിനെയും അറസ്റ്റ് ചെയ്തതായി അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

സ്വന്തം ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമന്ന ദനാ മാജിയുടെ അവസ്ഥ ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരുന്നു.അതേ സംസ്ഥാനത്ത് തന്നെ വീണ്ടും ഇത്തരത്തില്‍ ദാരുണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സര്‍ക്കാരിന്റെ കനത്ത അനാസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.