സിനിമാ റിലീസിംഗിന് വഴിയൊരുങ്ങുന്നു

#

കൊച്ചി (07-01-17) : ഫിലിം റിലീസിംഗിനു തടസം നില്‍ക്കുന്ന തിയറ്റര്‍ ഉടമകള്‍ക്കെതിരെ നിലപാടുകള്‍ കര്‍ശനമാക്കി നിര്‍മ്മാതാക്കള്‍. വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പഴയ നിലപാട് തന്നെ തുടരുന്ന സാഹചര്യത്തില്‍ ഇവരുടേതൊഴികെയുള്ള തിയറ്ററുകളില്‍ സിനിമകള്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഈ മാസം 12,19,26 തീയതികളിലായാകും പുതിയ ചിത്രങ്ങള്‍ തിയറ്ററുകളിലെത്തുക. സിനിമാ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ ചില അംഗങ്ങളും റിലീസിന് സമ്മതിച്ചതായി സൂചനകളുണ്ട്.

തിയറ്റര്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന തിയറ്റര്‍ ഉടമകളുടെ ആവശ്യമായിരുന്നു സിനിമാ പ്രതിസന്ധിക്ക് കാരണമായത്. ഇവരുടെ നിബന്ധന അംഗീകരിക്കാന്‍ നിര്‍മ്മാതാക്കളും വിതരണക്കാരും വിസമ്മതിച്ചതോടെയാണ് തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്താത്ത സാഹചര്യമുണ്ടായത്. നിരവധി തവണ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ചര്‍ച്ച നടന്നിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ആ സാഹചര്യത്തിലാണ് നിലപാടുകള്‍ കടുപ്പിച്ച് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ഫെഡറേഷനില്‍ ഇല്ലാത്ത തിയറ്ററുകളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ച നിര്‍മ്മാതാക്കള്‍ ഈ മാസം 19 ന് മുന്‍പ് പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഫെഡറേഷന് ചിത്രങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

നിര്‍മ്മാതാക്കളുടെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പൃഥ്വിരാജ് ചിത്രം എസ്ര അടക്കം ആറോളം ചിത്രങ്ങളാണ് ഇരുനൂറോളം തിയറ്ററുകളിലായി പ്രദര്‍ശനത്തിനെത്തുക.