വരാനിരിക്കുന്നത് ഡിജിറ്റല്‍ ഏകാധിപത്യം : വന്ദന ശിവ

#

(07-01-17) : നോട്ടു നിരോധനത്തിലൂടെ ഒരു ഡിജിറ്റല്‍ സാമ്പത്തികാവസ്ഥ സ്ഥാപിക്കാനുള്ള ശ്രമം സാങ്കേതിക വിദ്യയുടെ ഏകാധിപത്യത്തിനു വഴിയൊരുക്കുമെന്ന് വന്ദന ശിവ. 'ദ ഏഷ്യന്‍ ഏജില്‍' എഴുതിയ ലേഖനത്തിലാണ് വന്ദന ശിവ നോട്ട് പിന്‍വലിക്കലിനെയും അതില്‍ അന്തര്‍ലീനമായിട്ടുള്ള ഡിജിറ്റല്‍ രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയെ കുറിച്ചും, നമ്മുടെ ജീവിതത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള പരികല്പനകളെ രൂപപ്പെടുത്തുന്നതിന് പണത്തിനും സാങ്കേതിക വിദ്യയ്ക്കുമുള്ള പങ്കിനെക്കുറിച്ചും, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ നിയന്ത്രണത്തെ കുറിച്ചുമുള്ള കൃത്യമായ ധാരണകള്‍ ഉണ്ടാകണമെന്ന് വന്ദന ശിവ ഓർമിപ്പിക്കുന്നു.

ഊഹക്കച്ചവടക്കാരും കമ്മീഷനേജന്റുമാരും വലിയ സാമ്പത്തിക ശക്തികളായി തീരുന്ന, അദ്ധ്വാനത്തിലധിഷ്ഠിതമല്ലാത്ത ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് വന്ദന ശിവ ഓര്‍മ്മിപ്പിക്കുന്നു. അദ്ധ്വാനത്തിലധിഷ്ഠിതമായ ജീവിതക്രമം മുന്നോട്ട് കൊണ്ടുപോകുന്ന കര്‍ഷകരും മറ്റു അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും യഥാര്‍ത്ഥത്തില്‍ പട്ടിണിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. അവരുടെ സ്വയം സംഘടിതമായ സാമ്പത്തിക ക്രമത്തെ ക്രിമിനല്‍വത്കരിച്ച് കള്ളപ്പണത്തിന്റെ പരിധിയില്‍ കൊണ്ടു വരികയാണ് ഭരണകൂടം ചെയ്യുന്നതെന്ന് വന്ദന ശിവ വാദിക്കുന്നു. യഥാര്‍ത്ഥ സ്വദേശി സാമ്പത്തിക വ്യവഹാരം ഫലത്തില്‍ അനൗദ്യോഗികവും കള്ളപ്പണത്തിലധിഷ്ഠിതമായ സാമ്പത്തിക വ്യവഹാരമായി മുദ്ര കുത്തപ്പെടുകയാണ്. ഇന്നത്തെ ഡിജിറ്റല്‍ സാമ്പത്തിക ക്രമം ഇത്തരം ചരടുകളില്‍ നിന്നും കുത്തകളില്‍ നിന്നും മുക്തമല്ലെന്ന് വാദിക്കുന്ന വന്ദന ശിവ, ലോകത്തെ 10 ശതകോടിശ്വരന്മാരെങ്കിലും വിവരസാങ്കേതിക വിദ്യയുടെ ഉപാധികളില്‍ മേലുള്ള പേറ്റന്റുകളും കുത്തകാവകാശവും നിമിത്തം സമ്പന്നരായവരാണെന്ന് ആരോപിക്കുന്നു. ഫലത്തില്‍ കുറച്ചുസമയം കൊണ്ട് വളരെ വലിയ കമ്മീഷന്‍ കരസ്ഥമാക്കുന്ന ആധുനിക കമ്മീഷനേജന്റുമാരാണ് ഇത്തരം വന്‍കിട ഡിജിറ്റൽ കുത്തകകള്‍ എന്ന് വന്ദന ശിവ പരിഹസിക്കുന്നു.

മൈക്രോസോഫ്റ്റും ഗൂഗിളും ഫെയ്‌സ്ബുക്കും ആമസോണുമെല്ലാം ഇത്തരം സ്വകാര്യ മൂലധന ഫണ്ടുകളുടെ പിടിയിലാണെന്നും പേറ്റന്റ്‌കളുടെയും കുത്തകാവകാശത്തിന്റെയും ബലത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും വന്ദന ശിവ പറയുന്നു. വളരെ സുതാര്യമായ സാമ്പത്തിക ക്രമത്തില്‍ ഇത്തരത്തിലുള്ള കുത്തകകളെ നിയമവിരുദ്ധരായാണ് കാണേണ്ടതെങ്കിൽ, നമ്മള്‍ ഇവരെ സ്മാര്‍ട്ടായി കാണുകയാണ്. ഫെയ്‌സ്ബുക് പോലെയുള്ള ഡിജിറ്റല്‍ ഭീമന്‍മാരുടെ ബിഗ് ഡേറ്റയ്ക്കുള്ള സ്രോതസ്സായി മാറുകയാണ് നമ്മുടെ സാമൂഹിക ബന്ധങ്ങൾ. ഇത്തരത്തില്‍ നമ്മളില്‍ തന്നെ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളുടെ കലവറയാകുകയാണ് യഥാര്‍ത്ഥത്തില്‍ ഡിജിറ്റല്‍ ഇടങ്ങളെന്ന് അവര്‍ പ്രസ്താവിക്കുന്നു. ഇത്തരം സാങ്കേതിക 'വന്‍ കവര്‍ച്ചക്കാര്‍' എന്ന് വിശേഷിപ്പിച്ച് സാങ്കേതിക വിദ്യയില്‍ ഗവേഷണം നടത്തുന്ന ജോണ്‍ നോട്ടണെയും ഉദ്ധരിക്കുന്നുണ്ട് വന്ദന ശിവ. രണ്ടുപേര്‍ തമ്മില്‍ പ്രണയബദ്ധരാകുന്നത് ഒരുപക്ഷേ അവരെക്കാള്‍ മുൻപേ ഫെയ്‌സ്ബുക്ക് അറിയുമെന്നും, 90 കോടി വരിക്കാരുടെയും സ്വകാര്യതയിലേക്കാണ് ഫെയ്‌സ്ബുക്ക് കടക്കുന്നതെന്നുമുള്ള ജോൺ നോട്ടന്റെ പ്രസ്താവനയും ഡിജിറ്റല്‍ ഇടങ്ങളെ ആക്രമിക്കുവാനായി വന്ദന ശിവ ഉപയോഗിക്കുന്നു.

ഇത്തരത്തില്‍ രൂപപ്പെട്ടുവരുന്ന ഡിജിറ്റല്‍ ഏകാധിപത്യത്തിന്റെ കാലമാണ് നമ്മുടേതെന്ന് വന്ദന ശിവ ഓര്‍മ്മിപ്പിക്കുന്നു. ഡിജിറ്റല്‍ ഏകാധിപത്യത്തിന്റെ കാലത്ത് പണം ഉണ്ടാക്കുക എന്നതും അതിന് പ്രസക്തിയുള്ള ഉപാധികള്‍ കൈവശപ്പെടുത്തുക എന്നതു പുതിയ മതമായി തീര്‍ന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ നയങ്ങള്‍ ഇത്തരം ഡിജിറ്റല്‍ സാമ്പത്തിക ഭീമന്‍മാരെ സഹായിക്കുക എന്നതായി ചുരുങ്ങി എന്നും ശിവ ആരോപിക്കുന്നു. ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന സാങ്കേതിക മാറ്റങ്ങളുടെ ഫലമായി പാശ്ചാത്യ സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ട കടുത്ത അന്യതാ ബോധത്തില്‍ നിന്നും, ശിഥിലീകരിക്കപ്പെട്ട സാമൂഹികതയില്‍ നിന്നും നാം ഒന്നും പഠിക്കുന്നില്ലെന്ന് വന്ദന ശിവ കുറ്റപ്പെടുത്തുന്നു.

ധനം എന്നതിന് അളവുകോല്‍ ഒരു രാഷ്ട്രത്തിന്റെ ക്ഷേമാണെന്നും അതിന്റെ മാനദണ്ഡം പണമോ, കറന്‍സിയോ അല്ലെന്നും വന്ദന ശിവ പറയുന്നു. പണം എന്നത് ഒരു പ്രോമിസറി നോട്ട് മാത്രമാണെന്നും നോട്ടു പിന്‍വലിക്കല്‍ ഇത്തരത്തിലുള്ള സാമ്പത്തിക വിനിമയത്തിലുള്ള വിശ്വാസ്യതയാണ് നഷ്ടപ്പെടുത്തിയതെന്നും ശിവ ആരോപിക്കുന്നു. കറന്‍സിയിലധിഷ്ഠിതമായ സാമ്പത്തികതയില്‍ 100 രൂപ 100 തവണ കൈമാറ്റം ചെയ്യപ്പെട്ടാലും അതിന്റെ മൂല്യം 100 രൂപയായി തന്നെ നിലനില്‍ക്കുമെങ്കില്‍ ഡിജിറ്റല്‍ സാമ്പത്തികതയുടെ കാലത്ത് 100 രൂപയുടെ ഓരോ വിനമയത്തിലും ആ വിനിമയത്തെ ഡിജിറ്റലായും ധനകാര്യപരമായും കൈകാര്യം ചെയ്യുന്നവര്‍ ലാഭമുണ്ടാക്കുന്നു. അദ്ധ്വാനിക്കാതെ ഭക്ഷിക്കുന്നത് ലേകത്തിലെ ഏഴുപാപങ്ങളില്‍ ഒന്നായി കാണുന്നുവെന്ന് പറഞ്ഞ മഹാത്മാഗാന്ധിയെ ഓർമ്മിച്ചുകൊണ്ട് അദ്ധ്വാനത്തിന്റെ മഹത്വം സൂചിപ്പിച്ചു കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.