സ്വയം ഫക്കീറെന്ന് വിളിക്കുന്ന മോദിയുടെ പേനയ്ക്ക് വില 1.30 ലക്ഷം

#

(07.01.2017) : സാധാരണക്കാരോട് ചെലവ് ചുരുക്കാൻ ആഹ്വാനം ചെയ്യുകയും, സ്വയം ഫക്കീറെന്ന് വിശേഷിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി ഉപയോഗിക്കുന്നത് 1.30 ലക്ഷം രൂപ വിലയുള്ള പേന. ഡിസൈനർ വാച്ചുകളും വിലപിടിപ്പുള്ള പേനകളും ശേഖരിക്കുന്നത് മോദിയുടെ ശീലമാണ്. മോണ്ട്ബ്ളാങ്ക് ഫൗണ്ടൻ പേനയാണ് മോദിയുടെ ഇഷ്ടപ്പെട്ട ബ്രാൻഡ്. ഈ ബ്രാൻഡ് പേനയാണ് മോദി ഉപയോഗിക്കുന്നതും. മോദി പ്രധാനമന്ത്രിയാവുന്നതിന് മുൻപ് ഇന്ത്യ ടുഡേയിൽ വന്ന ഒരു റിപ്പോർട്ടിലും നീലാഞ്ജൻ മുഖോപാധ്യായ എഴുതിയ നരേന്ദ്ര മോദി ദി മാൻ, ദി ടൈംസ് എന്ന പുസ്തകത്തിലും ഡിസൈനർ വാച്ചുകളിലും ഫൗണ്ടൻ പേനകളിലും മോദിക്കുള്ള ഭ്രമവും, മോണ്ട്ബ്ളാങ്ക് പേനയോടുള്ള പ്രത്യേക താത്പര്യവും എടുത്ത് പറയുന്നുണ്ട്.

നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മോദി ഉപയോഗിക്കുന്ന പേനയുടെ വില സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് ചിലർ. ആമസോൺ എന്ന ഓൺലൈൻ വ്യാപാര കമ്പനിയുടെ വെബ്‌സൈറ്റിൽ ഇന്ത്യയിൽ ഈ പേനയുടെ വിലയായി കൊടുത്തിരിക്കുന്നത് 1,29,982 രൂപയാണ്. സമൂഹമാധ്യമങ്ങളിൽ ഇത് വൈറലായതോടെ നിരവധി ദേശീയ ഓൺലൈൻ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഡംബര വാച്ച് ബ്രാൻഡായ മൊവാഡോയും മോദിയുടെ പ്രിയപ്പെട്ട ബ്രാൻഡാണ്. ഫാഷൻ വസ്ത്രങ്ങളോടുള്ള മോദിയുടെ ഭ്രമവും മുൻപ് വലിയ വാർത്തയായിരുന്നു. ലക്ഷങ്ങൾ വിലവരുന്ന സ്വന്തം പേരെഴുതിയ കോട്ട് ധരിച്ചതും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ലക്ഷങ്ങൾ വില വരുന്ന പേന ഉപയോഗിക്കുന്ന ഫക്കീർ എന്ന ആരോപണവും ഉയരുന്നത്. നോട്ട് നിരോധനം മൂലം ജനം തെരുവിൽ ക്യൂ നിൽക്കുമ്പോൾ ചെലവ് ചുരുക്കാനും രാജ്യത്തിനായി ത്യാഗം സഹിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത പ്രധാനമന്ത്രിയുടെ പേനയുടെ വില സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.