ഗോഡ്സെയിലെ ഗാന്ധി

#

(07.01.2017) : ഗാന്ധിയൻ വ്യാഖ്യാനങ്ങളെ കാലികമായ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് നേരെ ഉന്നം തെറ്റാതെ ഉപയോഗിക്കാവുന്ന സമരായുധമായി മാറ്റുകയാണ് ദേശീയ അവാർഡ് ജേതാവായ സംവിധായകന് ഷെറിയും അനുജൻ ഷൈജു ഗോവിന്ദനും ഗോഡ്സെ എന്ന സിനിമയിലൂടെ. മജ്ജയും മാസവുമുള്ള ഇത്തരം ഒരു മനുഷ്യൻ ഈ ഭൂമിയില് ജീവിച്ചിരുന്നു എന്ന് ആശങ്കപ്പെടുത്തുന്ന കാലത്താണ് തികഞ്ഞ മദ്യപാനിയായ ഹരിശ്ചന്ദ്രൻ എന്ന (വിനയ് ഫോർട്ട് ) ആകാശവാണി ജീവനക്കാരൻ ഗാന്ധിമാർഗം പരിപാടി അവതരിപ്പിക്കാൻ നിയോഗിതനാവുന്നത്.നവ ലിബറൽ സാമ്പത്തിക നയങ്ങൾക്ക് അനുസൃതമായി നാടും ആകാശവാണിയും മാറി ചവിട്ടുന്ന കാലത്ത് തന്നെയാണ് സിനിമയിലെ പരമ പ്രധാനമായ ഈ മാറ്റം സംഭവിക്കുന്നതും.

പുത്തൻ സാമ്പത്തിക താല്പര്യങ്ങളും അധികാരവും ഫാസ്സിസ്റ്റ് സാമൂഹിക സാഹചര്യങ്ങളിലേക്ക് ചുവടു വയ്ക്കുന്നതിന്റെ സൂചനകളും ഹരിശ്ചന്ദ്രൻ ഗാന്ധിയെ അറിഞ്ഞു തുടങ്ങുന്നതിലൂടെ വികസിപ്പിക്കുന്നുണ്ട്.ഗാന്ധി മുന്നോട്ടു വച്ച ദാർശനികഭാവങ്ങളെ അരികുകളിൽ ഇറക്കി വച്ച് ഗാന്ധി കേവലം പ്രതിഷ്ഠകളായി മാത്രം മാറുന്ന ഭരണകൂട യുക്തികളേയും അടയാളപ്പെടുത്തിക്കൊണ്ടാണ് സിനിമ പ്രേക്ഷകനോട് സംവദിക്കുന്നത്.ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ഗാന്ധിയെ അറിയേണ്ടി വരുന്ന നായകൻ വളരെ പെട്ടന്ന് തന്നെ ഗാന്ധിയെ ആവേശിക്കുന്നത് കാലാനുസൃതമായ ചെറുത്ത് നിൽപ്പുകൾക്ക് ഗാന്ധിയെ പരിഷ്കരിക്കപ്പെടാത്തതിന്റെ രാഷ്ട്രീയ വായന സാധ്യമാക്കുന്നു.സൂക്ഷ്മമായ വിശകലനത്തിൽ രാഷ്ട്രീയമായി വിയോജിക്കേണ്ടുന്ന ചില ഉത്തരാധുനിക ബദൽ ചോദ്യങ്ങളും ഗോഡ്സേയിൽ പ്രശ്നവത്കരിക്കുന്നുണ്ട്.ജോയ് മാത്യുവും ഇന്ദ്രന്സും മാമുക്കോയയും മൈഥിലിയും സുൽത്താൻ അനുജിത്തും സുർജിത്തും പ്രധാന വേഷത്തിലെത്തുന്ന ഗോഡ്സേയ്ക്ക് ജലീൽ ബാദുഷയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.ടി.എൻ .പ്രകാശിന്റെ ഗാന്ധിമാർഗം എന്ന കഥയുടെ ചുവടു പിടിച്ച് സംവിധായകൻ ഷെറി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.