നാക്ക് വാടകയ്ക്ക് കൊടുത്താൽ വിമർശിക്കപ്പെടും : എം.ടിയെ കടന്നാക്രമിച്ച് ജന്മഭൂമി

#

തിരുവനന്തപുരം (08.01.2017) : നോട്ട് നിരോധനത്തിൽ നരേന്ദ്രമോദിയെ വിമർശിച്ച എം.ടി വാസുദേവൻ നായരെ കടന്നാക്രമിച്ച് ജന്മഭൂമി മുഖപ്രസംഗം. പണ്ടേക്ക് പണ്ടേ സ്വയം ജ്ഞാനപീഠം കയറുകയും പിന്നീട് മറ്റു പലരും ചേർന്ന് ജ്ഞാനപീഠത്തിൽ കയറ്റുകയും ശേഷം മറ്റാരും കയറാതിരിക്കാൻ മെനക്കെട്ട് പണിയെടുക്കുകയും ചെയ്ത സാർവ്വഭൗമനാണ് നാലുകെട്ടിന്റെ തമ്പുരാനെന്ന് മുഖപ്രസംഗം ആരോപിക്കുന്നു. പിണറായിയുടെ പാർട്ടിക്ക് വേണ്ടി നാക്ക് വാടകയ്ക്ക് കൊടുത്താൽ എം.ടി വിമർശനം നേരിടേണ്ടി വരുമെന്നും മുഖപ്രസംഗം പറയുന്നു. എം.ടിയെക്കുറിച്ച് മിണ്ടിപ്പോകരുതെന്നാണ് പിണറായിയുടെ ചെരിപ്പ് നക്കി അക്കാദമി ചെയർമാന്റെ ആസനം തരപ്പെടുത്തിയ കമാലുദ്ദീന്റെയും കൂട്ടരുടെയും ഫത്വയെന്നും ജന്മഭൂമി ആക്ഷേപിക്കുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെ കമാലുദ്ദീനെന്നാണ് മുഖപ്രസംഗത്തിൽ  പരാമർശിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

പ്രൊഫ.എം.എന്‍. വിജയനെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നോവിച്ചപ്പോള്‍ ഈ സാംസ്‌കാരിക നായകനെ കണ്ടില്ല. വിജയന്‍ മാഷ് മരിച്ചപ്പോള്‍ അദ്ദേഹം നല്ലൊരു വാധ്യാരായിരുന്നു എന്നാണ് പിണറായി വിജയന്‍ അനുസ്മരിച്ചത്. സി.വി. ബാലകൃഷ്ണനും പി. വത്സലയും കെ.സി. ഉമേഷ്ബാബുവുമൊക്കെ രാഷ്ട്രീയ അസഹിഷ്ണുതയ്ക്ക് ഇരയായപ്പോള്‍, തിലകനെ സിനിമയിലെ കമാലുദ്ദീന്മാര്‍ ബഹിഷ്‌കരിച്ചപ്പോള്‍. സുരേഷ്ഗോപിയെ നരാധമനായ നരേന്ദ്രമോദിയുടെ അടിമയെന്ന് അസഭ്യം പറഞ്ഞപ്പോള്‍, ദേശാടനത്തിനും നന്ദനത്തിനും വര്‍ഗീയത ആരോപിച്ച് പുരസ്‌കാരങ്ങള്‍ നിഷേധിച്ചപ്പോള്‍, പ്രേംനസീറിന് പ്രതിമ പാടില്ലെന്ന് മതമൗലിക ശക്തികള്‍ വാളെടുത്തപ്പോള്‍, ചേകന്നൂര്‍ മൗലവി അസ്തമിച്ചപ്പോള്‍, പ്രൊഫ.ടി.പി. ജോസഫിന്റെ കൈ വെട്ടിയെറിഞ്ഞപ്പോള്‍, പ്രൊഫ.പിഎന്‍. സരസുവിന് മാര്‍ക്സിസ്റ്റ് കുട്ടികള്‍ കലാലയ മുറ്റത്ത് പട്ടട തീര്‍ത്തപ്പോള്‍, മാറാട് കടപ്പുറത്ത് എട്ട് അരയന്മാര്‍ പിടഞ്ഞുവീണ് മരിച്ചപ്പോള്‍, എന്തിന് സാക്ഷാല്‍ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ തിരൂരിലെ ഏതോ സര്‍ക്കാര്‍ ഓഫീസിന്റെ മൂലയ്ക്ക് ചാക്കില്‍ പൊടി പിടിച്ച് കിടന്നപ്പോള്‍ പോലും ഒരക്ഷരം ഉരിയാടാത്ത ഈ മഹാ സാഹിത്യകാരന്‍ ഇപ്പോള്‍ പിണറായിയുടെ പാര്‍ട്ടിക്കുവേണ്ടി നാക്ക് വാടകയ്ക്ക് കൊടുത്തെങ്കില്‍ വിമര്‍ശനം സഹിക്കേണ്ടി വരും. വാക്ക് മാത്രമല്ല, എഴുത്തും പ്രവൃത്തിയും രാഷ്ട്രീയവും വിമര്‍ശിക്കപ്പെടും. അത് സ്വാഭാവികമാണ്. ജന്മഭൂമി വാദിക്കുന്നു.

സ്വയം സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയ്ക്കുള്ളില്‍ സുരക്ഷിതനായി നില്‍ക്കുകയും കൈവന്ന പദവികള്‍ കൊണ്ട് പലര്‍ക്കും തലതൊട്ടപ്പനെന്ന് തോന്നിപ്പിക്കുകയും ചെയ്ത പ്രതിഭാസമാണ് എം.ടിയെന്നും ജന്മഭൂമി മുഖപ്രസംഗം വിശേഷിപ്പിക്കുന്നു. ഒ .വി വിജയൻറെ പേര് ജ്ഞാനപീഠ സമിതിക്ക് മുന്നിൽ വന്നപ്പോൾ കുശുമ്പ് നിറഞ്ഞ മൗനമായിരുന്നു എം.ടിക്കെന്നും ജന്മഭൂമി ആരോപിക്കുന്നു.

ഇപ്പോള്‍ കമാലുദ്ദീനും പാണന്മാരും പാടി നടക്കുന്നത് തുഞ്ചന്‍പറമ്പ് കൈക്കലാക്കാനുള്ള സംഘപരിവാര്‍ നീക്കം തടഞ്ഞതോടെയാണ് എം.ടിക്കെതിരെ വിമര്‍ശനം ഉയരുന്നതെന്നാണ്. എം.ടി തുഞ്ചന്‍പറമ്പ് ഭരിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നുവെന്ന് ഓര്‍ത്തുവേണം അത്തരം ആരോപണങ്ങളിലേക്ക് കടക്കാന്‍. രാമായണത്തിന്റെ ശീലുകള്‍ കേട്ടുണര്‍ന്നിരുന്ന ആചാര്യന്റെ മണ്ണില്‍ നിന്ന് രാമായണപാരായണം വിലക്കപ്പെട്ടത് ആ കാലത്തായിരുന്നു. നിലവിളക്ക് മുസ്ലീംലീഗിനുമാത്രമല്ല തുഞ്ചന്‍പറമ്പിനും ഹറാമായി മാറിയത് ആ കാലത്തായിരുന്നു. ഏത് ചൂതാട്ടക്കമ്പനിക്കാര്‍ക്കും തുഞ്ചന്‍പറമ്പ് വാടകയ്ക്ക് കൊടുത്ത് പണമുണ്ടാക്കാമെന്ന് കണ്ടുപിടിക്കപ്പെട്ടതും ആ കാലത്താണ്. ശരിയാണ്. അസുരവിത്തുകളുടെ പിടിയില്‍ നിന്ന് ആചാര്യന്റെ മണ്ണ് സ്വതന്ത്രമാക്കപ്പെടണമെന്ന് സംഘപരിവാര്‍ ആഗ്രഹിച്ചിട്ടുണ്ട് എന്ന് തുറന്നു സമ്മതിച്ചുകൊണ്ട്, തുഞ്ചൻ പറമ്പ് കയ്യേറാനുള്ള നീക്കത്തെ ജന്മഭൂമി ന്യായീകരിക്കുന്നു.

നരേന്ദ്രമോദി കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരെ നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിച്ചതുമുതല്‍ കേരളത്തിലെ മാര്‍ക്സിസ്റ്റുകള്‍ നടത്തിയ കുപ്രചാരണങ്ങളുടെ ഭാഗമായുള്ള വേഷം കെട്ടലിന് എംടി വാസുദേവന്‍ നായര്‍ നിന്നുകൊടുത്തെങ്കില്‍ അത് വിമര്‍ശിക്കപ്പെടുക സ്വാഭാവികമാണ്. അങ്ങനെ വിമര്‍ശിക്കുന്നവരില്‍ അദ്ദേഹത്തിന്റെ ആരാധകരും കണ്ടേക്കാം. അത്തരക്കാരെ സംഘപരിവാറാക്കുന്നതും കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്നതും സിപിഎമ്മിനുവേണ്ടി നുണ പറയാന്‍ നിയോഗിക്കപ്പെട്ടവരുടെ ജോലിയാണ്.മോദിയെ തുഗ്ലക്ക് എന്ന് വിളിച്ച് മഠത്തിൽ തെക്കേപ്പാട്ട് വാസുദേവൻ നായർ നാലുകെട്ടിനുള്ളിലേക്ക് വലിഞ്ഞു. അദ്ദേഹം കളഞ്ഞത് വിഴുങ്ങി കമാലുദ്ദീനും സഖാക്കളും നിരത്തിൽ നിറയുന്നുവെന്ന് മുഖപ്രസംഗം പരിഹസിക്കുന്നു. മോദിക്കെതിരെ വിമർശനമുന്നയിച്ച എം.ടിക്കെതിരെ സംഘപരിവാർ അനുകൂലികൾ നടത്തിയ വിദ്വേഷ പ്രചാരണങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ജന്മഭൂമി തന്നെ എം.ടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.