ഹരിതകേരളത്തിലേക്ക് ഒരു മലിനീകരണ വിരുദ്ധ സമരം കൂടി : കുരഞ്ഞിയൂർ

#

തൃശൂർ(08.01.2017) : ശുചിത്വകേരളവും ഹരിതകേരളവുമൊക്കെ സ്വപ്നം കണ്ട് നിരവധി പദ്ധതികളുമായി പുതിയ സർക്കാർ മുന്നോട്ട് പോകുമ്പോഴും തങ്ങളുടെ മണ്ണും ജലവും വായുവും മലിനമാക്കുന്ന മാറാരോഗങ്ങൾ സമ്മാനിക്കുന്ന കമ്പനിക്കെതിരെ ഒരു ഗ്രാമം സമരത്തിലാണ്. കേരളത്തിലെമ്പാടും നടക്കുന്ന മലിനീകരണ വിരുദ്ധ സമരങ്ങളുടെ പട്ടികയിലേക്ക് ഒരു സ്ഥലനാമം കൂടി കണ്ണി ചേരുകയാണ്. കുരഞ്ഞിയൂർ. തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് കുരഞ്ഞിയൂർ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന പി.ജെ അഗ്രോ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫുഡ്‌ പ്രോസസിംഗ് കമ്പനി പ്രദേശത്ത് നിന്നും മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ജനങ്ങള്‍ സമരം ആരംഭിച്ചു കഴിഞ്ഞു. പുന്നയൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ദളിത് കുടുംബങ്ങള്‍ അടക്കം തിങ്ങിപാര്‍ക്കുന്ന പ്രദേശത്തു സകല നിയമങ്ങളെയും നോക്ക് കുത്തിയാക്കി പ്രവര്‍ത്തിക്കുന്ന ഫുഡ്‌ പ്രോസസിംഗ് കമ്പനി പുറത്ത് വിടുന്ന മാലിന്യങ്ങളും ഫാക്ടറി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ദുസ്സഹമായ ദുർഗന്ധവും പുകയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് കുരഞ്ഞിയൂർ മലിനീകരണ വിരുദ്ധ ജനകീയ സമിതി പറയുന്നു.

അച്ചാറും മറ്റു ഭക്ഷ്യവസ്തുക്കളും പാക്ക് ചെയ്യുന്ന പാക്കിങ് യൂണിറ്റ് എന്ന പേരിലാണ് ഈ കമ്പനി കുരഞ്ഞിയൂരിൽ സ്ഥാപിച്ചത്. ഈ കമ്പനി എന്തൊക്കെയാണ് ചെയ്യുന്നതെന്ന് പഞ്ചായത്ത് അധികൃതർ അറിഞ്ഞിട്ടും അവർ ജനങ്ങളെ അറിയിച്ചില്ല. 30 പേർ മാത്രം ജോലി ചെയ്യുന്നു എന്ന് കാണിച്ചാണ് കമ്പനി അനുമതികൾ നേടിയിരിക്കുന്നത്. എന്നാൽ 60 അന്യസംസ്ഥാന തൊഴിലാളികളടക്കം 200 ലധികം പേർ ഇവിടെ രാവും പകലുമായി ജോലി ചെയ്യുന്നു. പലതരത്തിലുള്ള രാസവസ്തുക്കൾ ഇവിടെ ഉപയോഗിക്കുന്നുണ്ടെന്നും പ്രദേശത്ത് അസഹ്യമായ ദുർഗന്ധമാണെന്നും സമീപത്തുള്ള പലരും മാസങ്ങളായി വീടൊഴിഞ്ഞു പോയിരിക്കുകയാണെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു. ശ്വാസ തടസം , ചുമ , തല കറക്കം ,ശര്‍ദ്ധി , ചൊറിച്ചില്‍ , അസഹ്യമായ ദുര്‍ഗന്ധം തുടങ്ങിയ അസ്വസ്ഥതകള്‍ പരിസരവാസികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. 12 മണിക്കൂർ പ്രവർത്തന അനുമതി മാത്രമുള്ള കമ്പനി രാത്രിയിലും നിരന്തരം പ്രവര്‍ത്തിക്കുന്നത്കൊണ്ട് യന്ത്രങ്ങളുടെ ശബ്ദം നിമിത്തം പരിസരവാസികള്‍ക്ക് കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയും ഉണ്ട് . അസഹ്യമായ ദുര്‍ഗന്ധവും ,ശര്‍ദ്ധിയും ,ശ്വാസം മുട്ടും മറ്റു അസ്വസ്ഥതകളും മൂലം പലരും രാത്രി സമയങ്ങളില്‍ കമ്പനിക്കു അകലെ ഉള്ള ബന്ധുവീടുകളിലേക്ക് മാറിപ്പോകുകയുമാണ് . പ്രദേശത്ത് കടുത്ത ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്നതായി ഡി.എം.ഓയും ആരോഗ്യപ്രവർത്തകരും റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്.

കമ്പനി പാടത്തേക്കു തള്ളിയിരുന്ന മാലിന്യം മൂലം പ്രദേശത്തെ മുഴുവന്‍ ചെടികളും കരിഞ്ഞുണങ്ങുകയും മാലിന്യം പതിച്ച പ്രദേശത്തു ഒരു പുല്‍ നാമ്പ് പോലും കിളിര്‍ക്കാത്ത അവസ്ഥയും നിലനില്‍ക്കുന്നു. വലിയ വിഭാഗം ജനങ്ങളുടെ ജല സ്രോതസ്സാണ് കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്ന കുട്ടാടന്‍ പാടം .  അവിടേക്കുള്ള മാലിന്യമൊഴുക്കലിനെതിരെ പ്രതിഷേധം കനത്തപ്പോള്‍ പാടത്തേക്കു ഒഴുക്കിയിരുന്ന മാലിന്യം കമ്പനിക്കകത്ത് തന്നെ ഉള്ള കുഴിയില്‍ നിക്ഷേപിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത് . ഇത് ഒരു മതിലിനു അപ്പുറം മാത്രം നില്‍ക്കുന്ന പാടത്തേക്കു തന്നെ ആണ് എത്തുന്നത് . ഒരു മഴ പെയ്താല്‍ ഈ രാസ മാലിന്യം കമ്പനിയുടെ പരിസര പ്രദേശത്ത് നിന്നും മുഴുവന്‍ പ്രദേശത്തെക്കും വ്യാപിക്കുകയും മുഴുവന്‍ കിണറുകളും മലിനമാക്കപ്പെടുകയും ചെയ്യുന്ന വലിയ വിപത്ത് നാടിനെ മൊത്തത്തില്‍ കാത്തിരിക്കുന്നുവെന്നും സമരസമിതി ഭയക്കുന്നു.

നിരന്തരമായ സമരത്തെ തുടർന്ന് പഞ്ചായത്ത് സ്‌പെഷൽ ഗ്രാമസഭ വിളിക്കുകയും ജനങ്ങൾ ഒറ്റക്കെട്ടായി കമ്പനി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പഞ്ചായത്ത് കമ്പനിയെ സഹായിക്കുന്നതിനായി നിയമപരമായി ചട്ടങ്ങൾ പാലിച്ച് നടപടികൾ സ്വീകരിക്കുന്നതിന് പകരം ജനങ്ങളെ കബളിപ്പിക്കാൻ ആദ്യം തന്നെ സ്റ്റോപ്പ് മെമ്മോ കൊടുക്കുകയായിരുന്നുവെന്ന് സമരസമിതി ആരോപിക്കുന്നു. കാരണം കാണിക്കൽ നോട്ടീസ് കൊടുക്കാതെയാണ് സ്റ്റോപ്പ് മെമ്മോ കൊടുത്തത്. അത് കൊണ്ട് തന്നെ കമ്പനിക്ക് കോടതിയിൽ അനുകൂലമായി വിധി സമ്പാദിക്കാൻ കഴിഞ്ഞു. ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ പഞ്ചായത്ത് ട്രൈബ്യുണൽ പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും ആ ദിവസം കോടതിയിൽ ഹാജരാകാതെ പഞ്ചായത്ത് ഒളിച്ചു കളി നടത്തിയതായും ജനങ്ങൾ പറയുന്നു. അതോടെ കമ്പനിക്ക് 14 ദിവസത്തെ ട്രയൽ റൺ നടത്താൻ അനുമതി ലഭിച്ചു. ഈ അനുമതിയുടെ മറവിൽ കഴിഞ്ഞ രണ്ടു മാസമായി കമ്പനി പ്രവർത്തിക്കുകയാണ്.

തൊഴിൽ പ്രശ്നങ്ങൾ ഉന്നയിച്ച് മലിനീകരണം നടത്തുന്ന കമ്പനിക്ക് സഹായകരമായ നിലപാടാണ് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായ രാഷ്ട്രീയം ഉയര്‍ത്തി മലിനീകരണ വിരുദ്ധ ജനകീയ സമരസമിതി രൂപീകരിക്കുകയായിരുന്നു. ജനുവരി 2 ന് സമരസമിതി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ ഉദ്‌ഘാടനം ചെയ്തു. തങ്ങളുടെ നാടിനെ സംരക്ഷിക്കാൻ കേരളത്തിലെ പരിസ്ഥിതി സമരങ്ങളോട് കണ്ണി ചേർന്ന് കൊണ്ട് സമരം ശക്തമാക്കുമെന്നാണ് കുരഞ്ഞിയൂരിലെ ജനങ്ങൾ പറയുന്നത്.