അമ്മ'യ്ക്ക് കോടികളുടെ നികുതി ഇളവ്

#

കൊല്ലം (8.1.2017) : അനധികൃതമായി കെട്ടിപ്പൊക്കിയ കെട്ടിടങ്ങളുടെ നികുതി വെട്ടിപ്പിൽ വിജിലൻസ് അന്വേഷണം നേരിടുന്നതിന് പിന്നാലെ മാതാ അമൃതാനന്ദമയി മഠത്തിന്റെ പുതിയ തട്ടിപ്പ് പുറത്ത്. മഠത്തിന് വിവിധ മാർഗ്ഗങ്ങളിലൂടെ പലിശയിനത്തിൽ മാത്രം ലഭിക്കുന്ന കോടിക്കണക്കിന് രൂപ യുടെ നികുതി അനന്തകാലത്തേക്ക് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവാണ് അമൃതാനന്ദമയി മഠം സമ്പാദിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങൾ ഒരു സ്വകാര്യ ചാനൽ ഇന്ന് പുറത്ത് വിടുകയുണ്ടായി. പലിശ, നഷ്ടപരിഹാരം തുടങ്ങിയവയിലൂടെ ലഭിക്കുന്ന വരുമാനത്തിന് ഒടുക്കേണ്ട നികുതിയിൽ നിന്നാണ് അമൃതാനന്ദമയി മഠം ഒഴിവായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 60.70 കോടിയോളം രൂപയാണ് പലിശയിനത്തിൽ അമൃതാന്ദമയി മഠത്തിന് ലഭിച്ചത്. ഇതിന് അടക്കേണ്ട 6.70 കോടി രൂപയുടെ നികുതിയിൽ ഒറ്റപ്പൈസ പോലും മഠം അടക്കേണ്ടതില്ല. വിദേശത്തും സ്വദേശത്തും നിന്ന് കോടിക്കണക്കിന് രൂപയാണ് മഠത്തിലേക്ക് പ്രതിവർഷം ഒഴുകിയെത്തുന്നത്.

കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്താണ് അമൃതാന്ദമയി മഠത്തെ നികുതിയിൽ നിന്ന് അനന്തകാലത്തേക്ക് ഒഴിവാക്കിക്കൊണ്ട് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ഡയറക്ടർ ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് പ്രകാരം അമൃതാന്ദമയി മഠത്തിന് ലഭിക്കുന്ന പലിശ, നഷ്ടപരിഹാരം എന്നിവയ്‌ക്കൊന്നും തന്നെ നികുതി നൽകേണ്ടതില്ല. അനന്തകാലത്തേക്ക് നികുതി ഒഴിവാക്കി കൊടുക്കുന്നത് അസാധാരണമായ നടപടിയാണെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.ഭരണതലത്തിലും രാഷ്ട്രീയതലത്തിലും ഉള്ള സ്വാധീനമുപയോഗിച്ച് അമൃതാന്ദമയി മഠം നടത്തുന്ന നിരവധി തട്ടിപ്പുകളുടെ വാർത്തകളിൽ അവസാനത്തേതാണിത്‌. നേരത്തെ കൊല്ലം വള്ളിക്കാവിലുള്ള അമൃത സ്ഥാപങ്ങളിൽ അനധികൃത നിർമാണങ്ങൾ ചെറിയ തുകയടച്ച് നിയമവിധേയമാക്കാൻ ശ്രമിക്കുന്നതും, അതിനെതിരെയുള്ള പരാതിയിൽ നടന്ന വിജിലൻസ് പരിശോധനയും ലെഫ്റ്റ്ക്ലിക് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.