നോട്ട് നിരോധനം എ.ടി.എമ്മുകളോട് ചെയ്തതെന്ത്?

#

(08-01-17) : പെട്ടെന്നുള്ള നോട്ട് നിരോധനം രാജ്യത്തെ ജനജീവിതത്തെ നാനാതരത്തിലാണ് ബാധിച്ചത്. കൈയിലുള്ള നോട്ടുകള്‍ പെട്ടെന്ന് അസാധുവാക്കപ്പെട്ടതിന്റെ ഞെട്ടലും ഇനിയെന്ത് എന്നുള്ള ചോദ്യവും പലരിലും ഉയര്‍ന്നു. കള്ളപ്പണം തിരികെ പിടിക്കാനാണ് ആ നീക്കമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചെങ്കിലും സാമ്പത്തിക വിദഗ്ദ്ധരടക്കം ഇതിനെയെതിര്‍ത്ത് രംഗത്തെത്തി. നോട്ട് നിരോധനം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയത് പോലെ വന്‍ സാമ്പത്തിക നഷ്ടവുമുണ്ടാക്കിയിരിക്കുന്നു. നോട്ടു പിൻവലിക്കലുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കെടുകാര്യസ്ഥതയും ദുർവ്യയവും ജനങ്ങൾക്കും ഖജനാവിനും വരുത്തിയ അനാവശ്യമായ നഷ്ടങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ നോട്ടു പിന്വലിക്കലിന് ശേഷം എ.ടി.എമ്മുകളിൽ എന്താണ് സംഭവിച്ചതെന്ന് നോക്കിയാൽ മാത്രം മതി.

500, 1000 നോട്ടുകള്‍ നിറയ്ക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള എ.റ്റി.എമ്മുകള്‍ പുതിയ 2000 നോട്ടുകള്‍ ഉള്‍ക്കൊള്ളുന്ന രീതിയില്‍ പുനക്രമീകരണം നടത്തേണ്ടി വന്നു. കൂടാതെ പണം പിന്‍വലിക്കുന്നതിനേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എ.റ്റി.എമ്മുകളുടെ പ്രവര്‍ത്തനഭാരവും വര്‍ദ്ധിപ്പിച്ചു. ദിനംപ്രതി 40000 രൂപ വരെ ഒറ്റത്തവണ പിന്‍വലിക്കാനാകുന്ന സാഹചര്യം മാറി ഒരു ചെറിയ തുക വച്ച് ദിവസം തോറും എടുക്കാവുന്ന സ്ഥിതിയായി. ഇത് എ.റ്റി.എമ്മുകളുടെ പ്രവര്‍ത്തനം കൂട്ടത്തോടെ തടസ്സപ്പെടുവാന്‍ മാത്രമാണിടയാക്കിയത്. എ.റ്റി.എമ്മുകള്‍ക്കു മുന്നിലായി മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് എത്തുമ്പോഴായിരിക്കും .യന്ത്രം പണിമുടക്കുന്നത്. നോട്ട് നിരോധനം നടപ്പിലാക്കിയ ആദ്യ കുറച്ച് ദിവസങ്ങളില്‍ എ.റ്റി.എമ്മില്‍ പണമില്ലാതെയാണ് ജനങ്ങള്‍ വലഞ്ഞതെങ്കില്‍ എ.റ്റി.എമ്മില്‍ പണം നിറച്ചപ്പോള്‍ അത് പിന്‍വലിക്കാനാകാത്ത വിധം എ.റ്റി.എമ്മുകള്‍ കേടായതാണ് ആളുകളെ വലച്ചത്. പണമുള്ള മിക്ക എ.റ്റി.എമ്മുകളും പ്രവര്‍ത്തിക്കാതായതിനെ തുടര്‍ന്ന് അവ ദിവസങ്ങളോളം അടച്ചിടാന്‍ ബാങ്കുകളും നിര്‍ബന്ധിതരായി. നോട്ട് നിരോധനം നടപ്പിലായതിന് ശേഷം ഏതാണ്ട് നാല്‍പ്പത് ശതമാനത്തോളം എ.റ്റി.എമ്മുകളും പണി മുടക്കിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പണത്തിനായി എ.റ്റി.എമ്മുകള്‍ മാറി മാറി കയറേണ്ടി വരുന്ന ജനങ്ങളുടെ അവസ്ഥ തീര്‍ത്തും പരിതാപകരം തന്നെയായിരുന്നു

എ.റ്റി.എമ്മുകളുടെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ ബാങ്കുകളുടെ ഭാഗത്തു നിന്നും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുണ്ടായില്ല. നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ അമിത ജോലി ഭാരം മൂലം മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കാനാകാതെ പോയി എന്നു വേണമെങ്കിലും കരുതാം. നോട്ട് നിരോധനത്തിനെ തുടര്‍ന്നുണ്ടായ ദുരിതങ്ങള്‍ക്ക് അയവു വന്നിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് സത്യമല്ലെന്ന് തന്നെയാണ് പ്രവര്‍ത്തനക്ഷമമല്ലാത്ത എ.റ്റി.എമ്മുകള്‍ തെളിയിക്കുന്നത്.

നോട്ട് നിരോധനം മൂലമുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളില്‍ മറ്റൊന്ന് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളുടെ തകരാറാണ്. കാശ് നിക്ഷേപിക്കുന്നതിനായി ബാങ്കില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാനായി അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കം ആശ്രയിച്ചിരുന്നത് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളെയായിരുന്നു. എന്നാല്‍ അവയുടെ പ്രവര്‍ത്തനവും ഏതാണ്ട് പൂര്‍ണ്ണമായും നിലച്ച മട്ടാണ്. ചില ദേശസാത്കൃത ബാങ്കുകളുടെ മെഷീനുകള്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പുതിയ 500,2000 നോട്ടുകള്‍ ഈ മെഷീനുകളില്‍ സ്വീകരിക്കാത്തതാണ് ആളുകളെ വലയ്ക്കുന്നത്. പഴയ നോട്ടുകള്‍ സ്വീകരിച്ച മെഷീനുകള്‍ വഴി പണം അയച്ചവര്‍ക്ക് തുക അക്കൗണ്ടിലെത്തിയിട്ടില്ലെന്നും വ്യാപക പരാതി ഉയരുന്നുണ്ട്.

അഴിമതി തടയും,കള്ളപ്പണം തിരിച്ചുപിടിക്കും തുടങ്ങി വന്‍ വാഗ്ദാനങ്ങളുമായാണ് മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയത്. പക്ഷെ മോദി പറഞ്ഞതു പോലെ വല്ലതുംഈ തീരുമാനത്തോടെ ഫലവത്തായോ എന്നത് ഇപ്പോഴും ചോദ്യമായി തന്നെ അവശേഷിക്കുകയാണ്. സാധാരണക്കാരെ പരമാവധി ദുരിതത്തിലാഴ്ത്തിയെന്നതിനപ്പുറം ഇത്തരമൊരു നീക്കം കൊണ്ട് ഗുണം ഒന്നുമുണ്ടായില്ലെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം.

നോട്ട് നിയന്ത്രണം, ക്യാഷ് ലെസ് ഇക്കോണമി, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങി വന്‍ പ്രചരണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും നടത്തുന്നത്. കഷ്ടപ്പെട്ട് സമ്പാദിച്ച പണം പിന്‍വലിക്കാനും ചെലവഴിക്കാനും കടുത്ത കടമ്പകള്‍ കടക്കേണ്ടി വരുന്ന ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കി എ.റ്റി.എം പിന്‍വലിക്കലിനും കാര്‍ഡ് ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും സര്‍വ്വീസ് ചാര്‍ജ് ഈടാക്കുക എന്ന ഒരു പരിഷ്‌കാരവും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. മാസത്തില്‍ അഞ്ച് തവണയില്‍ കൂടുതല്‍ എ.റ്റി.എം ഉപയോഗിച്ചാല്‍ സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ ഒരു തുക ഈടാക്കും. പണമില്ലാതെ എ.റ്റി.എമ്മുകള്‍ കയറിയിറങ്ങുന്ന ജനങ്ങൾ ദിനം പ്രതി ഇതിലേറെ തവണ എ,റ്റി.എം ഉപയോഗിക്കുന്നുണ്ട്. അതുകൂടാതെ സാമ്പത്തിക ഇടപാടുകള്‍ ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയാക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി കാര്‍ഡ് ഉപയോഗത്തിനും സ ര്‍വ്വീസ് ചാര്‍ജ് നടപ്പിലാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ മുന്നൊരുക്കങ്ങളോ പകരം പ്രത്യേക സംവിധാനങ്ങളോ നടപ്പിലാക്കാതെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിലെ ദുരിതങ്ങളില്‍ നിന്നു കരകയറാന്‍ എത്ര കാലം വേണ്ടി വരുമെന്ന് പറയാൻ ആർക്കും കഴിയുന്നില്ല.