ആപത്തിനെ അവസരമാക്കും ; കേരളത്തെ പുതുക്കിപ്പണിയും : ഡോ.തോമസ് ഐസക്ക് - ഭാഗം 1

#

(08.01.2017) : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഡോ.തോമസ് ഐസക്ക് കേരളത്തിന്റെ ധനകാര്യമന്ത്രിയായി ചുമതലയേൽക്കുന്നത്. പ്രധാനമന്ത്രിയുടെ നോട്ട് പിൻവലിക്കൽ പ്രഖ്യാപനം കൂടി വന്നതോടെ സാമ്പത്തികസ്ഥിതി അതിഗുരുതരമായി മാറി. ഈ പ്രതിസന്ധിയെ വിജയകരമായി നേരിട്ട് കേരളത്തിന്റെ സമ്പദ് ഘടനയെ പുതുക്കിപ്പണിയാൻ കഴിയും എന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഒരാൾ കൂടിയായ ധനമന്ത്രി ഡോ.തോമസ് ഐസക്ക്. ലെഫ്റ്റ് ക്ലിക് ന്യൂസ് എഡിറ്റോറിയൽ ബോഡ് അംഗം ശൈലജയ്ക്ക് നൽകിയ അഭിമുഖത്തിൽ കേരളം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചും പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചും പുതിയ കേരളം സൃഷ്ടിക്കാനുള്ള പദ്ധതികളെക്കുറിച്ചും ഡോ.തോമസ് ഐസക്ക് വിശദമായി സംസാരിക്കുന്നു.

(1) ഇന്ത്യയില്‍ പ്രധാനമന്ത്രിയുടെ നോട്ട് പിന്‍വലിക്കൽ പ്രസ്താവന വന്നതിനുശേഷം ഏറ്റവും ആദ്യം പ്രതികരിച്ച ധനകാര്യമന്ത്രി താങ്കളാണ്. അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെയും സാധാരണ ജനങ്ങളുടെ ജീവിതത്തെ അതെങ്ങനെ ബാധിക്കുമെന്നും വളരെ കൃത്യമായി താങ്കള്‍ പ്രസ്താവിക്കുകയുണ്ടായി. എന്തായിരുന്നു ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ എന്ന നിലയിൽ താങ്കളുടെ കണക്കുകൂട്ടൽ?

ശുദ്ധ പേയ് എന്നാണ് ഇതു കേട്ടപ്പോൾ ആദ്യം‌തന്നെ തോന്നിയത്. 86 ശതമാനം മൂല്യംവരുന്ന നോട്ടുകൾ ഒറ്റയടിക്കു പിൻവലിക്കുക! പൂർണ്ണസ്തംഭനമാണ് ഉണ്ടാകുക എന്നറിയാൻ വലിയ സാമ്പത്തികശാസ്ത്രജ്ഞാനമൊന്നും ആവശ്യമില്ല. അതിവേഗം ഓടുന്ന കാറിന്റെ ടയർ വെടിവച്ചു പൊട്ടിക്കുന്നതുപോലെ എന്ന ജോൺ ഡ്രീസിന്റെ ഉപമയ്ക്കു സമാനമായ സങ്കല്പമാണു മനസിൽ വന്നത്. കള്ളപ്പണം തടയാൻ ഇതുകൊണ്ടാവില്ല. കള്ളപ്പണം പിടിക്കാൻ ഇത്തരമൊരു നടപടി ആവശ്യവുമില്ല. ഇതു പാതിരാത്രി മുതൽ അടിയന്തരമായും അപ്രതീക്ഷിതമായും നാടകീയമായും കറൻസി നിരോധിക്കാതെ രണ്ടാഴ്ചത്തെ സമയം കൊടുത്തു കറൻസികൾ പിൻവലിച്ചാലും വ്യത്യാസമൊന്നും ഉണ്ടാകുകയില്ല.

പാകിസ്ഥാനിൽനിന്നുള്ള കള്ളനോട്ടു തടയാനെന്നാണു പ്രധാനമന്ത്രി ടിവിയിൽ പറഞ്ഞത്. സാവകാശം കൊടുത്തുകൊണ്ടു നോട്ടു പിൻവലിച്ചാലും ഈ ലക്ഷ്യത്തിൽ ഉറപ്പായും എത്താനാകും. ഇതിപ്പോൾ രാജ്യമാകെ സ്തംഭിക്കും. ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടും. ഏതാനും ദിവസം കഴിഞ്ഞാൽ സാധാരണനിലയിൽ ആയേക്കും. എന്നാൽ അതുവരെ ഈ നില തുടർന്നാൽ സാമ്പത്തികമാന്ദ്യം സംഭവിക്കും. അങ്ങനെയുണ്ടായാൽ കരകയറാൻ മാസങ്ങൾതന്നെ വേണ്ടിവരും. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ടിവി പ്രഖ്യാപനമെല്ലാം നാടകമാണ്.

പിറ്റേന്നു നിയമസഭയിൽ പ്രസ്താവന നടത്താൻവേണ്ടി പ്രധാനമന്ത്രിയുടെ പ്രസംഗവും കേന്ദ്രസർക്കാരുത്തരവുകളും സുസൂക്ഷ്മം വായിച്ചപ്പോഴാണു കാര്യങ്ങളുടെ കിടപ്പ് ഞാൻ ആദ്യം പ്രതികരിച്ചതിനേക്കാൾ ഗൗരവതരമാണെന്നു ബോദ്ധ്യമുണ്ടായത്. ഞാൻ കരുതിയിരുന്നത് പുതിയ നോട്ടുകളെല്ലാം അച്ചടിച്ചു തയ്യാറാക്കിയിട്ടുണ്ടാവണം എന്നാണ്. ഏതാനും ദിവസംകൊണ്ടു കാര്യങ്ങൾ പഴയപടിയാകും എന്നാണ്. പക്ഷേ, മോഡിതന്നെ ആദ്യം ആവശ്യപ്പെട്ടത് 50 ദിവസത്തെ സമയം വേണമെന്നാണ്. നോട്ട് അച്ചടിച്ചിട്ടില്ലാത്തതിനാൽ പഴയനോട്ടുകൾ ചെറിയൊരു തുകയ്ക്കുള്ളതേ ഓരോരുത്തർക്കും മാറിയെടുക്കാൻ അവകാശമുള്ളൂ. ബാങ്കിലെ അക്കൗണ്ടിൽനിന്നു പണം പിൻവലിക്കുന്നതിനും കർശനനിയന്ത്രണം. ഒരു ബാങ്കർ എന്നോടു പറഞ്ഞതു പോലെ കറൻസിമാനേജ്മെന്റിന്റെ പ്രശ്നനങ്ങളാണ്. എന്നുവച്ചാൽ ആവശ്യത്തിനു നോട്ട് അച്ചടിച്ചിട്ടില്ല. അതിനാൽ ബാങ്കക്കൗണ്ടിൽനിന്നോ എടിഎമ്മിൽനിന്നോ ആവശ്യാനുസരണം പണം നൽകാൻ കഴിയില്ല. ഇതൊരു തുഗ്ലക്കിയൻ പരിഷ്ക്കാരം തന്നെ.

സത്യം പറഞ്ഞാൽ ആദ്യദിനങ്ങളിൽ എന്റെ പാർട്ടിക്കാരായ ചില സുഹൃത്തുക്കൾപോലും ഇക്കാര്യത്തിൽ ഞാൻ എടുത്ത കർക്കശനിലപടിനെപ്പറ്റി ആശങ്കയുള്ളവരായിരുന്നു. കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാകുന്നതിനുമുമ്പ് ഇത്ര കടുത്ത ആക്രമണം വേണമായിരുന്നോ എന്നൊക്കെ ചോദിച്ചവരും ധാരാളമുണ്ടായിരുന്നു. സംഘികളല്ലെങ്കിലും മോഡിയുടെ മാദ്ധ്യമസ്രഷ്ടമായ പ്രതിച്ഛായയെ വിശ്വസിക്കുന്ന ഇടത്തരക്കാരടക്കമുള്ള വിഭാഗക്കാരും എന്റെ നിലപാടിനെ ആദ്യമൊക്കെ ശക്തമായി വിമർശിച്ചിരുന്നു. സംഘികളാകട്ടെ തങ്ങളുടെ മെഗാ അജൻഡയ്ക്കെതിരെ ഒരു സംസ്ഥാനധനമന്ത്രി നീങ്ങുന്നതിലുള്ള രോഷത്തിലായിരുന്നു.

(2) നോട്ടു പിന്‍വലിക്കൽ കേരളത്തിന്റെ സമ്പദ്ഘടനയിൽ, പ്രത്യേകിച്ച് നിര്‍മ്മാണമേഖലയിലും ചെറുകിടവ്യാപാരമേഖലയിലും സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ കൃത്യമായി വിലയിരുത്തിയിട്ടുണ്ടോ? അവ നേരിടാനുള്ള പ്രത്യേക പദ്ധതികള്‍ ആലോചനയിലുണ്ടോ?

കേരള സമ്പദ്ഘടനയില്‍ നോട്ടുനിരോധത്തിന്റെ പ്രത്യാഘാതം പഠിക്കാൻ സംസ്ഥാനസർക്കാർ സി.പി. ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധസമിതി രൂപവത്ക്കരിച്ചിരുന്നു. അവരുടെ റിപ്പോർട്ട് ഉണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള ആലോചനകൾ നടന്നുവരികയാണ്. പെട്ടെന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള അടിയന്തരനടപടികൾക്കാണ് സർക്കാർ ആദ്യം ശ്രദ്ധ നൽകിയത്. ഇതിനു സമാന്തരമായിത്തന്നെ ദീർഘകാലപരിപാടികളും നടപ്പാക്കിവരുന്നു.

പ്രതിസന്ധി രാജ്യത്തെയാകെ മാന്ദ്യത്തിലേക്കു തള്ളിവിട്ടിരിക്കുകയാണല്ലോ. ഇതു താരതമ്യേന കൂടുതൽ ബാധിച്ച ഒരു സംസ്ഥാനം കേരളമാണ്. മറ്റിടങ്ങളെ അപേക്ഷിച്ചു ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ഇ-ബാങ്കിങ്ങുമൊക്കെ കൂടുതൽ ഉപയോഗിക്കുന്ന സ്ഥലമായിട്ടും ഇവിടെയും കഷ്ടപ്പാടുകൾക്കു കുറവൊന്നും ഉണ്ടായില്ല. കേരളസമ്പദ്ഘടനയുടെ ചില സവിശേഷതകളെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. ആദ്യം മനസ്സിലാക്കേണ്ടത് കേരളം ഇന്ത്യയില്‍ ഏറ്റവും വാണിജ്യവത്കരിക്കപ്പെട്ട സംസ്ഥാനം ആണെന്നതാണ്. സംസ്ഥാനത്തെ ഉല്പാദനത്തിന്റെ 95 ശതമാനവും വിപണിക്കു വേണ്ടിയാണ്; അതുപോലെതന്നെ ഉപഭോഗത്തിന്റേയും. ഡിജിറ്റല്‍ പണം താരതമ്യേന കൂടുതൽ ഉണ്ടെങ്കിലും ഇന്നും പണമിടപാടുകൾക്കാണു പ്രാമുഖ്യം.

കേരളത്തിന്റെ മുഖ്യ വളർച്ചാസ്രോതസുകള്‍ ചില്ലറവ്യാപാരം, ഹോട്ടല്‍, ചരക്കുകടത്ത്, കെട്ടിടനിർമ്മാണം എന്നിവയാണ്. മൊത്തം സമ്പദ്ഘടനയുടെ 55 ശതമാനം വരുമിത്. ഈ മേഖലകൾ പണമിടപാടുകൾക്കു പ്രാമുഖ്യമുള്ളവയാണ്. അതുപോലെതന്നെയാണ് കേരളത്തിലെ ചെറുകിട-പരമ്പരാഗതമേഖലകളും കാർഷികമേഖലയും. ഈ പ്രാഥമികമേഖലകളുടെ സമ്പദ്ഘടനയിലെ വിഹിതം 16 ശതമാനം വരും. അങ്ങനെ 70 ശതമാനം സാമ്പത്തികരംഗവും വളരെ പണസാന്ദ്രമാണ്.

നോട്ട് റദ്ദാക്കല്‍ പ്രതികൂലമായി ബന്ധിക്കാത്ത ഒരു സമ്പത്തികമേഖലയും കണ്ടെത്താനാകില്ല. ഏറ്റവും വലിയ തിരിച്ചടി കെട്ടിടനിർമ്മാണമേഖലയിലാണ്. ഈ മേഖലയില്‍ തൊഴിലെടുക്കുന്ന ഭൂരിഭാഗം പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഉള്ളവരാണ്. ഊരാളുങ്കൽ തൊഴിലാളി സഹകരണസംഘം പോലുള്ള വന്‍കിട കോണ്‍ട്രാക്ടർമാർ മലയാളികളായ തൊഴിലാളികൾക്കു കൂലി ബാങ്കു വഴിയാക്കി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഇതരസംസ്ഥാനതൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇതു പ്രായോഗികമായില്ല. ഇവരുടെ തിരിച്ചുപോക്ക് നിർമ്മാണമേഖലയെ സ്തംഭിപ്പിച്ചിരിക്കയാണ്. ഇവർ കൂടുതല്‍ പ്രവൃത്തിയെടുക്കുന്ന പെരുമ്പാവൂർ പ്ലൈവുഡ് വ്യവസായം പോലുള്ളവയും വലിയ തിരിച്ചടിയാണു നേരിട്ടിരിക്കുന്നത്.

വാണിജ്യമേഖലയില്‍ വില്പന 40-50 ശതമാനംവരെ നവംബർമാസത്തിൽ കുറയുകയുണ്ടായി. ഇപ്പോൾ ചില കേന്ദ്രങ്ങളിലെങ്കിലും വ്യാപാരികൾ ഒത്തുചേർന്നു ഡിജിറ്റൽപണത്തിലേക്ക് ഇടപാടുകൾ മാറ്റുന്നതിനുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ട്. ചെറുകിടവില്പനക്കാരെയാണു നോട്ടുനിരോധം കൂടുതൽ ബാധിച്ചത്.

മറ്റു മേഖലകളിലും പ്രശ്നം ഒട്ടും ചെറുതല്ല. ചെറുകിടവ്യവസായമേഖലയിൽ വിപണിയിലെ മാന്ദ്യവും കൂലി കൊടുക്കാനുള്ള പ്രശ്നങ്ങളും സ്തംഭനം സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ടൂറിസത്തിനും നോട്ടുനിരോധം തിരിച്ചടിയായി. നവംബർ മാസത്തില്‍ മുൻവർഷത്തെ അപേക്ഷിച്ച് ആഭ്യന്തരടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 18 ശതമാനവും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 9 ശതമാനവും കുറവുണ്ടായി എന്നാണു ടൂറിസം വകുപ്പിന്റെ കണക്ക്. കാർഷികമേഖലയില്‍ വിലയിടിവിന്റെ ഫലമായി പിന്നോട്ടടിച്ചു നില്‍ക്കുകയായിരുന്ന നാളികേരവും റബ്ബറും കൂടുതൽ പ്രതിസന്ധിയിലായി. ടാപ്പിംഗ് തൊഴിലാളികൾക്കു കൂലി നല്‍കാൻ പണമില്ലാത്തതാണു പ്രശ്നം. ഉല്പന്നവിപണിയിലും നോട്ടില്ലായ്മ ഞെരുക്കം സൃഷ്ടിച്ചിട്ടുണ്ട്. സഹകരണമേഖലയിലെ പ്രതിസന്ധി ക്ഷീരമേഖലയിലും ബുദ്ധിമുട്ടു സൃഷ്ടിച്ചിരിക്കുന്നു.

മത്സ്യമേഖല ആദ്യം നേരിട്ട പ്രശ്നം വിപണിയുടേതാണ്. ലേലകേന്ദ്രങ്ങളില്‍ പണം കൊടുക്കാൻ തരകന്മാരുടെ കയ്യില്‍ നോട്ടില്ലാതായി. മീനിന്റെ മൊത്തവിലയില്‍ ഇടിവുണ്ടായി. ഡീസല്‍ വാങ്ങാൻ പണമില്ലാത്തതിന് ആർ.ടി.ജി.എസ്. വഴി പരിഹാരം കണ്ടെത്തി. പക്ഷേ കൂലിയുടെ കാര്യത്തില്‍ ഫലപ്രദമായ പരിഹാരം കണ്ടെത്താനായില്ല. ഇത് മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിച്ചു. പ്രതിദിനം 200-300 ബോട്ടുകൾ മീൻ പിടിക്കാൻ പോയിരുന്ന കൊല്ലത്ത് ഒരു ഘട്ടത്തി മീൻ പിടിക്കാൻ പോകുന്ന ബോട്ടുകളുടെ എണ്ണം 20-30 ആയി കുറഞ്ഞു. ഇതുപോലെ കേരളത്തിന്റെ ഓരോ ഉത്പാദനമേഖലയിലും നോട്ടുനിരോധനം തിരിച്ചടിയായി.

(3) കേരളം നേരിടുന്ന എക്കാലത്തെയും പ്രശ്‌നം, ശമ്പളവും പെന്‍ഷനും നല്‍കി കടത്തിന്റെ പലിശ അടക്കലും കഴിഞ്ഞാല്‍ വികസനപ്രവര്‍ത്തനങ്ങൾക്കു ഖജനാവിൽഅധികം പണമുണ്ടാവില്ല എന്നതാണല്ലോ. അതിന് ഒരു ശാശ്വത പരിഹാരം ആവശ്യമില്ലേ? എന്താണ് അതിനുള്ള മാര്‍ഗ്ഗങ്ങൾ?

ശമ്പളം വികസനച്ചെലവല്ല എന്നു കരുതണ്ടാ. ഡോക്ടർമാരും അദ്ധ്യാപകരും കൂടുന്നത് ആരോഗ്യ, വിദ്യാഭ്യാസരംഗങ്ങളിലെ വികസനപ്രവർത്തനം തന്നെയാണ്. വികസനത്തിന് അടിസ്ഥാനമായ ആരോഗ്യമുള്ളതും വൈദഗ്ദ്ധ്യമുള്ളതുമായ മനുഷ്യവിഭവം ഉറപ്പാക്കുകയാണ് അവർ. ഇവരുടെ ശമ്പളം വികസനച്ചെലവാണ്. കൃഷിവകുപ്പിലെയും മൃഗസംരക്ഷണവകുപ്പിലെയും ജലവിഭവവകുപ്പിലെയും എല്ലാം കാര്യം ഇങ്ങനെതന്നെ. കേരളത്തിന്റെ നേട്ടങ്ങൾക്ക് അടിസ്ഥാനം ഇതാണ്. ശമ്പളത്തിനും പെൻഷനും സാമൂഹികസുരക്ഷയുടെ തലംകൂടി ഉണ്ട്. ഇതിനു വലിയ ചെലവു വരുന്നു എന്നതിനാൽ മൂലധനച്ചെലവിനു പണം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകുന്നു എന്നതു ശരിയാണ്. അതിന് ഇത്തരം ചെലവുകൾ വെട്ടിക്കുറയ്ക്കുകയല്ല, മറ്റു വിഭവങ്ങൾ കണ്ടെത്തുകയാണു വേണ്ടത്. ഈ വഴിക്കുള്ള പുതിയ പരിശ്രമമാണ് കിഫ്ബി (KIIFB) എന്ന ചുരുക്കപ്പേരുള്ള കേരള ഇൻഫ്രാസ്റ്റ്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്. ബജറ്റിനുപുറത്ത് വലിയതോതിൽ വായ്പയെടുത്തു നിക്ഷേപം നടത്താനുള്ള സംവിധാനമാണിത്. ഇത് ഫലപ്രദമായി പ്രവർത്തിച്ചാൽ ശൈലജ ചോദിച്ച വികസനസമസ്യയ്ക്കു പരിഹാരമാകും.

(4) ധനമന്ത്രി എന്ന നിലയിൽ കിട്ടാവുന്നിടത്തുന്നെല്ലാം കടമെടുത്ത് കാര്യങ്ങൾ നടത്തുകയാണ് താങ്കള്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷം ആരോപിക്കാറുണ്ട്. ഒരു ക്രമവുമില്ലാതെ കടമെടുക്കുയാണെന്നും അത് സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിയിടുമെന്നുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു?

തുകയുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ കടഭാരത്തെ വിലയിരുത്തുന്നതിൽ അർത്ഥമില്ല. അമേരിക്കയുടെ കടഭാരം ഇന്ത്യയുടേതിന് എത്രയോ മടങ്ങു വരും. പക്ഷേ, അമേരിക്ക ഇന്ത്യയെക്കാൾ കടക്കെണിയിലാണെന്ന് ആരെങ്കിലും പറയുമോ? അമേരിക്കയുടെ സാമ്പത്തികശേഷി ഇന്ത്യയെക്കാൾ വലുതായതു കൊണ്ട് കൂടുതൽ കടഭാരം താങ്ങാനാവും. ഒരു കൊച്ചുകുട്ടിയ്ക്കും ഒരു മസിൽമാനും എടുക്കാവുന്ന ഭാരം വ്യത്യസ്തമാണല്ലോ, അതുപോലെ. രാജ്യത്തിന്റെ കടത്തിന്റെ വലിപ്പം നോക്കേണ്ടത് ദേശീയവരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അതുപോലെ കേരളത്തിന്റെ കടഭാരം കൂടുന്നോ കുറയുന്നോ എന്ന് മനസ്സിലാക്കാൻ ഒന്നുകിൽ സംസ്ഥാനത്തിന്റെ വരുമാനവുമായിട്ടോ അതല്ലെങ്കിൽ സർക്കാരിന്റെ റവന്യൂ വരുമാനവുമായിട്ടോ താരതമ്യപ്പെടുത്തണം. ഒരു സർക്കാർ കടക്കെണിയിലേയ്ക്ക് നീങ്ങുകയാണോ എന്നത് വിലയിരുത്തുന്നതിന് ഹരോഡ് ഡോമർ എന്ന പ്രസിദ്ധ സാമ്പത്തിക വിദഗ്ധൻ ഒരു സൂത്രവാക്യത്തിന് രൂപം നൽകിയിട്ടുണ്ട്. സാർവത്രികമായി അംഗീകാരം നേടിയതാണ് ഈ സൂത്രവാക്യം. സർക്കാരിന്റെ കടത്തിന്റെ ശരാശരി പലിശ നിരക്കിനെക്കാൾ ഉയർന്നതാണ് സംസ്ഥാന വരുമാനത്തിന്റെ വളർച്ചാ നിരക്കെങ്കിൽ കടം അപകടനിലയിലെത്തിയിട്ടില്ല എന്നതാണ് അതിന്റെ രത്‌നച്ചുരുക്കം.

അങ്ങനെ ശാസ്ത്രീയമായി നോക്കുമ്പോൾ കടഭാരം തുടർച്ചയായി കൂടിക്കൊണ്ടിരിക്കുകയല്ല എന്നു കാണാനാവും. സർക്കാരുകളുടെ നയങ്ങൾക്കും പ്രവർത്തനത്തിനും അനുസരിച്ച് ഏറ്റക്കുറച്ചിൽ ഉണ്ടാകാമെന്നുമാത്രം.

വായ്പ എടുക്കുന്നതിനു കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാരിനു വായ്പയെടുക്കാനുള്ള കർശനപരിധി കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ മൂന്നു ശതമാനത്തിലേറെ വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. അല്ലാതെ, ഒരു സംസ്ഥാനത്തെ ധനമന്ത്രിക്ക് ഇഷ്ടമുള്ളതുപോലെ വായ്പ എടുക്കാൻ ആവില്ല.

നാം മനസിലാക്കേണ്ട കാര്യം, ഭാവിസാമ്പത്തികവളർച്ചയുടെ വേഗം തീരുമാനിക്കുന്നതിൽ നിർണ്ണായകഘടകം മൂലധനചെലവാണ് എന്നതാണ്. സാമൂഹികക്ഷേമരംഗങ്ങളിൽ കേന്ദ്രീകരിച്ചിരുന്നതിനാൽ കേരളസർക്കാരിന്റെ മൂലധനച്ചെലവ് മറ്റു സംസ്ഥാനസർക്കാരുകളെ അപേക്ഷിച്ച് പാരമ്പര്യമായി വളരെ താഴ്ന്നതായിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഇതിനൊരു മാറ്റം വന്നത്. മൂലധനച്ചെലവ് സർക്കാർചെലവിന്റെ 10.64 ശതമാനമായി 2010-11 ൽ ഉയർന്നു. എന്നാൽ യുഡിഎഫ് ഭരണത്തിൽ 2014-15 ആയപ്പോഴേക്കും അത് 6.51 ശതമാനമായി താഴ്ന്നു. വായ്പയെടുക്കുന്ന പണത്തിന്റെ 60-70 ശതമാനവും സർക്കാരിന്റെ ദൈനംദിനച്ചെലവിനു വിനിയോഗിക്കേണ്ട അവസ്ഥയാണ് ഇതുമൂലം ഉണ്ടയത്.

കടംവാങ്ങുന്ന തുക മുഴുവൻ ചെലവാക്കിയാലും ദൈനംദിനച്ചെലവു നടത്താൻ കഴിയാത്ത ഇത്തരം അവസ്ഥ സമ്പൂർണ്ണധനകാര്യസ്തംഭനത്തിന്റേതാണ്. ഇത്തരമൊരു ഭാവിയല്ല നമുക്കു വേണ്ടത്. റവന്യൂച്ചെലവുവർദ്ധന നിയന്ത്രണാധീനമാക്കുയാണു പ്രധാനം. ഇതിനാണു ഞങ്ങൾ ശ്രമിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ റവന്യൂക്കമ്മി കുറയ്ക്കാൻ കഴിയും. അതോടെ വായ്പയെടുക്കുന്നതിന്റെ കൂടുതൽ കൂടുതൽ വിഹിതം മൂലധനച്ചെലവിനായി നീക്കിവയ്ക്കാനും കഴിയും. ഒപ്പം നികുതിവരുമാനം ഉയർത്തി ഖജനാവു ശക്തിപ്പെടുത്താനുള്ള നടപടിയും എടുക്കുന്നുണ്ട്. അതാണ് പ്രതിസന്ധി മറികടക്കാനുള്ള പ്രധാനമാർഗ്ഗം. പദ്ധതീതരച്ചെലവിൽ ഇന്നുള്ള ശമ്പളവും പെൻഷനും പലിശയും ഒഴിവാക്കാനാവില്ല. പക്ഷേ ബാക്കിയുള്ള ചെലവുകൾ കർശനമായി നിയന്ത്രിച്ചേ പറ്റൂ. അല്ലാത്തപക്ഷം കാര്യങ്ങൾ കൈവിട്ടുപോകും. പൊതുകണക്കിൽ 4502 കോടി രൂപ അധികവായ്പ എടുക്കാൻ കഴിയും എന്നുള്ള പ്രതീക്ഷയിൽ മൂലധനച്ചെലവിൽ ഗണ്യമായ വർദ്ധനയാണ് ഇക്കൊല്ലം വരുത്തിയത്. ഇതിൽ ഒരുഭാഗം ഉപയോഗപ്പെടുത്തി അതിന്റെ പലമടങ്ങ് പണം ബജറ്റിനു പുറത്ത് സമാഹരിച്ച് സർക്കാർനേതൃത്വത്തിലുള്ള മുതൽമുടക്കിൽ കുതിപ്പ് ഉറപ്പുവരുത്താൻ കഴിയും.

(5) ബജറ്റിനു പുറത്തു ധനം സമാഹരിക്കുക എന്നത് എത്രകണ്ടു പ്രായോഗികമാണ്? ഒരുവശത്ത് ഇതു വെറും സ്വപ്നം മാത്രമാണെന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തി. നവലിബറൽ നയമാണെന്ന് മറ്റൊരു വിഭാഗവും. ഈ രീതി വാസ്തവത്തിൽ സുരക്ഷിതവും ഫലപ്രദവുമാണോ?

സംസ്ഥാനം നേരിട്ടുവരുന്ന സാമ്പത്തികമുരടിപ്പു നമുക്കു കണ്ടില്ലെന്നു നടൈക്കാനാവില്ല. ഇപ്പോൾ കറൻസി റദ്ദാക്കൽ സൃഷ്ടിച്ചിരിക്കുന്ന ദേശീയമാന്ദ്യവും കൂനിൻമേൽ കുരു എന്നപോലെ വന്നിരിക്കുന്നു. യാഥാർത്ഥ്യബോധത്തോടെ ഈ സാഹചര്യത്തെ അഭിമുഖീകരിച്ചേതീരൂ. അഞ്ചുവർഷംകൊണ്ട് ഒരു ലക്ഷത്തോളം കോടി രൂപ സംസ്ഥാനത്തു മുതൽമുടക്ക് ഉണ്ടാക്കാൻ കഴിഞ്ഞാൽ മാന്ദ്യം മറികടക്കാൻ കഴിയും. ഇതു ചെയ്യുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്ത്വമാണ്.

ബോണ്ട് വഴിയും മറ്റും ധനസമാഹരണത്തിനു തുനിയുന്നത് നവലിബറലിസമാണെന്നൊക്കെ വാദിക്കുന്നവരുണ്ട്. വസ്തുതകൾ മനസിലാകാത്തതുകൊണ്ടുള്ള ആക്ഷേപം മാത്രമാണത്. ഇപ്പോൾത്തന്നെ എല്ലാ സംസ്ഥാനസർക്കാരുകളുടെയും വായ്പയുടെ 70-80 ശതമാനം ബോണ്ടുകൾ വഴിയാണെന്നത് അവർ മറന്നുപോകുന്നു. എല്ലാ ബാങ്കുകളും അവരുടെ ഡെപ്പോസിറ്റുകളുടെ നിശ്ചിതശതമാനം സർക്കാർബോണ്ടുകളിൽ നിക്ഷേപിക്കണമെന്നു നിയമം ഉണ്ട്. സംസ്ഥാനസർക്കാരുകൾ ഇറക്കുന്ന ബോണ്ടുകൾ ഈ നിയമമനുസരിച്ച് ബാങ്കുകളാണു വാങ്ങുന്നത്.

പക്ഷേ വൻകിടപദ്ധതികൾ നടപ്പിലാക്കാൻ ഈ തുക അപര്യാപ്തമാണ്. അതുകൊണ്ട് പ്രത്യേക കമ്പനികൾ രൂപവത്ക്കരിച്ച് വായ്പയെടുക്കുന്നു. ഇങ്ങനെ അധികവായ്പ എടുക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അനുവാദം ആവശ്യമില്ല. കാരണം ഈ വായ്പാപണം സർക്കാർഖജനാവിലേക്കു വരുന്നില്ല. നമ്മുടെ നിലവിലുള്ള വൻകിടപദ്ധതികളായ വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, മൊബിലിറ്റി ഹബ്ബ് തുടങ്ങി ഒട്ടെല്ലാ പദ്ധതികളും ഇപ്രകാരം വായ്പയെടുത്താണു നടപ്പിലാക്കുന്നത്.

ഇവ ഉപയോഗപ്പെടുത്തി എന്തുകൊണ്ട് കേരളത്തിന് ബജറ്റിനു പുറത്ത് പശ്ചാത്തലസൗകര്യവികസനത്തിന് വലിയതോതിൽ വായ്പയെടുത്തുകൂടാ? നിക്ഷേപപദ്ധതികളുടെ സ്വഭാവം കണക്കിലെടുത്തുകൊണ്ട് ഉചിതമായ മാതൃകകളിൽ ബോണ്ടുകൾ ഇറക്കി പണം സമാഹരിക്കാനാവും. ഇങ്ങനെ അഞ്ചുവർഷംകൊണ്ട് ഒരുലക്ഷം കോടി രൂപയുടെവരെ നിക്ഷേപം കേരളത്തിൽ സൃഷ്ടിക്കാനാണു പരിശ്രമിക്കുന്നത്.

ഇത്രയും തുക എങ്ങനെ തിരിച്ചടയ്ക്കുമെന്ന് അമ്പരപ്പോടെ ചോദിക്കുന്നവരുണ്ട്. ഓരോ തരം ബോണ്ടിനും തനതായ തിരിച്ചടവുമാർഗ്ഗം ഉറപ്പുവരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, പാർപ്പിടപദ്ധതിയിൽ 20 വർഷംകൊണ്ടു മുതൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽനിന്നു തിരിച്ചുപിടിക്കും. പലിശ സർക്കാരും നൽകും. ജനങ്ങൾ 20 വർഷംവരെ കാത്തിരിക്കേണ്ടിവരുന്ന വീടുകൾ ഒറ്റയടിക്ക് ഇതുവഴി ഇപ്പോൾത്തന്നെ ലഭ്യമാക്കാനാവും. മൂലധനനിക്ഷേപത്തിനു സമാഹരിക്കുന്ന വായ്പകൾ ആശങ്കയ്ക്കുള്ള കാര്യമല്ല, മറിച്ചു പ്രതീക്ഷയ്ക്കുള്ള കാര്യമാണ്.

(6) ഖജനാവിന് വലിയ ബാധ്യതയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും. അവ നഷ്ടത്തിലാകാൻ കാരണം കെടുകാര്യസ്ഥതയും അഴിമതിയുമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ നഷ്ടത്തില്‍ നിന്ന് കര കയറ്റേണ്ടത് സംസ്ഥാന ഖജനാവിന്റെ കൂടി ആവശ്യം എന്ന നിലയില്‍ അതിന് മൂര്‍ത്തമായ പദ്ധതികളും കൃത്യമായ ഇടപെടലും ആവശ്യമില്ലേ?

പൊതുമേഖലയുടെ മുഖമുദ്രയാണു കെടുകാര്യസ്ഥതയും നഷടവും എന്നും അവ പൊതുവേ സാമൂഹികബാദ്ധ്യത ആണെന്നും ഒരു ധാരണ പൊതുവെ ഉണ്ട്. എന്നാൽ, പൊതുമേഖാ നന്നാകുന്നതും ബാദ്ധ്യതയാകുന്നതും അതിനോടുള്ള സർക്കാരിന്റെ സമീപനവും നടത്തിപ്പുരീതിയും ഒക്കെ അനുസരിച്ചാണ്. പൊതുമേഖല ഭാരമല്ലെന്നും കെടുകാര്യസ്ഥതയുടെ കൂത്തരങ്ങല്ലെന്നും സാമൂഹികോത്തരവാദിത്വമുള്ള സ്ഥാപനങ്ങളായി അവയെ പരിവർത്തിപ്പിക്കാൻ കഴിയുമെന്നും കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാർ തെളിയിച്ചതല്ലേ. ആ സർക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്നും ഇതായിരുന്നു.

അതേപോലെ പൊതുമേഖലയെ ഇക്കുറി വീണ്ടും പുനരുദ്ധരിക്കും. അവയെ മുഴുവൻ വീണ്ടും ലാഭത്തിലാക്കും. ഉല്പാദനശേഷിയിൽ 50 ശതമാനം വർദ്ധന സൃഷ്ടിക്കുകയാണു ലക്ഷ്യം. കേരളത്തിന്റെ അമൂല്യധാതുസമ്പത്തായ കരിമണൽ ടൈറ്റാനിയം മെറ്റൽ വരെയുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റാൻ ചവറയിലെ കേരള മിനറൽസ് & മെറ്റൽസ് കമ്പനിയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ബൃഹത്തായ വ്യവസായസമുച്ചയം സ്ഥാപിക്കുന്നതടക്കം വലിയ പദ്ധതികളും ആലോചനയിലുണ്ട്.

മുൻ എൽ.ഡി.എഫ്. സർക്കാർ സ്വീകരിച്ച പുനഃസംഘാടനതന്ത്രം കൂടുതൽ മികവോടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു പുതിയ എഡിഷൻ. ധനപരമായ പുനഃസംഘാടനം ആയിരുന്നു പ്രധാനം. കടഭാരം കുറച്ചു. സാങ്കേതികവിദ്യാനവീകരണം ആവശ്യമുള്ളിടത്തെല്ലാം നടപ്പാക്കി. ഇതിനു കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുമായി സഹകരണവും പങ്കാളിത്തവും സംയോജനവും സാദ്ധ്യമാക്കി. പൊതുമേഖലാസ്ഥാപനങ്ങളുടെ ഉല്പന്നങ്ങൾ വാങ്ങുക എന്നത് സർക്കാർ നയമാക്കിമാറ്റി. കൊല്ലത്തെ യൂണിവേഴ്സൽ ഇലക്ട്രിക്കത്സിൽ നിർമ്മിക്കുന്ന മീറ്ററുകൾ വൈദ്യുതി ബോർഡ് വാങ്ങി. കെ.എസ്.ഡി.പി. ഉണ്ടാക്കിയ മരുന്നുകൾ ആരോഗ്യവകുപ്പു വാങ്ങി. യൂണിയനുകളുമായി സഹകരിച്ച് ഉല്പാദനക്ഷമത കൂട്ടി. കൂടാതെ പൊതുമേഖലാസ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം, മാനേജ്‌മെന്റിലെ പൊളിച്ചെഴുത്ത്, തുടര്‍ച്ചയായ നിരീക്ഷണാവലോകനങ്ങൾ, അഴിമതി ഒഴിവാക്കാനുള്ള സുതാര്യ നടപടികള് തുടങ്ങിയ ഒരു പാക്കേജാണ് കേരളത്തിലെ പൊതുമേഖലയെ പുനരുദ്ധരിച്ചത്. സമാനമായ പ്രവർത്തനങ്ങൾ ഇത്തവണയും നടപ്പാക്കും.

കേന്ദ്രസര്‍ക്കാരിനുകീഴിലുള്ള സി.എസ്.ഐ.ആര്, ഡി.എ.ഇ, ഐ.എസ്.ആര്.ഒ മുതലായ ഗവേഷണസ്ഥാപനങ്ങൾ വികസിപ്പിച്ചതും വ്യാപകമായി പ്രയോഗിക്കപ്പെടാത്തതുമായ നിരവധി സാങ്കേതികവിദ്യകളുണ്ട്. അവ വാങ്ങി പൊതുമേഖലയില് പല ഉപകരണങ്ങളും ഉല്‍പന്നങ്ങളും സേവനങ്ങളും നിര്‍മ്മിക്കും.

കൂടാതെ, പൊതുമേഖല വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൂന്നുവര്‍ഷംകൊണ്ട് സ്വന്തം ലാഭത്തില്‍നിന്ന് വിപുലീകരണത്തിനുള്ള മൂലധനം സ്വായത്തമാക്കാൻ പൊതുമേഖലയ്ക്കു കഴിയും എന്നാണ് കരുതുന്നത്. ആഗോളവിപണിയിലേക്ക് ഇറങ്ങിച്ചെന്ന് മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഈ സ്ഥാപനങ്ങൾ കൈവരിക്കണം. വിപണിയുടെയും അസംസ്‌കൃതവസ്തുക്കളുടെയും സാമീപ്യവും ചെലവു കുറഞ്ഞ അനുബന്ധഘടകങ്ങളുടെ ലഭ്യതയും കണക്കിലെടുത്ത് പൊതുമേഖലാവ്യവസായങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വേണമെങ്കിൽ രാജ്യത്തിനു പുറത്തേക്കും വ്യാപിപ്പിക്കാനുള്ള സാദ്ധ്യതയുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പ് കാലോചിതവും ചലനാത്മകവും ഫലപ്രദവും ആക്കാൻ അവയുടെ ബോര്‍ഡുതെരഞ്ഞെടുപ്പ്, ബോര്‍ഡിന്റെ ചുമതലകൾ, ബോര്‍ഡും മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം ചിട്ടപ്പെടുത്തുന്ന ഒരു മാതൃകാ കമ്പനിഭരണ ചാര്‍ട്ടർ ആവിഷ്ക്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് ഭരണത്തിൽ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ബോര്‍ഡിൽ പ്രാതിനിധ്യം അനുവദിക്കും. നിശ്ചിത വാണിജ്യമാനദണ്ഡങ്ങൾ പരിപാലിക്കുന്ന കമ്പനികള്‍ക്കു പൂര്‍ണ്ണ സ്വയംഭരണം അനുവദിക്കുന്നതടക്കം ഒട്ടേറെ അടിസ്ഥാനപരമായ മാറ്റങ്ങൾ ഇവയുടെ നടത്തിപ്പിലും വരുത്താൻ ഉദ്ദേശിക്കുന്നു. വ്യവസായ-വാണിജ്യാടിസ്ഥാനത്തിലല്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളേയും സോഷ്യല് ഓഡിറ്റിന് വിധേയമാക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇങ്ങനെ പലതും ആ രംഗത്തു ചെയ്യാനാകും.

അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഇവിടെ വായിക്കാം