ഓംപുരിയുടെ മരണത്തിൽ ദുരൂഹത ; പോലീസ് കേസെടുത്തു

#

മുംബൈ (8.1.2017) : കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടൻ ഓംപുരിയുടെ മരണത്തിൽ ദുരൂഹത. കടുത്ത ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം അജ്ഞാതം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതാണ് സംശയങ്ങൾ സൃഷ്ടിച്ചത്. തലയുടെ ഇടതുഭാഗത്ത് ഒരു ചെറിയ മുറിവുണ്ടായിരുന്നതും സംശയങ്ങൾക്ക് കാരണമായി. ഹൃദയാഘാതത്തെ തുടർന്ന് വീണപ്പോൾ തറയിൽ തലയിടിച്ച് മുറിവുണ്ടായതാകാനാണ് സാധ്യത. മുംബൈ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓംപുരിയുടെ മരണാനന്തരകർമ്മങ്ങളുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളും ബന്ധുക്കളും നാസിക്കിലാണ്. തിരിച്ചെത്തിയാൽ അവരെ ചോദ്യം ചെയ്യും. കാർ ഡ്രൈവറെയും വീട്ടു ജോലിക്കാരെയും പോലീസ് ചോദ്യം ചെയ്തു. സംശയാസ്പദമായി ഒന്നുമില്ലെന്നും സാധാരണ നടപടിക്രമങ്ങൾ അനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തുന്നു എന്ന് മാത്രമേയുള്ളൂ എന്നുമാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്.