വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ : കോളേജില്‍ പ്രതിഷേധ വേലിയേറ്റം

#

തൃശൂര്‍  (09-01-17) : ജിഷ്ണു എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് കാരണം കോളേജ് മാനേജ്‌മെന്റാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ പാമ്പാടി നെഹ്‌റു മെമ്മോറിയല്‍ എഞ്ചിനിയറിംഗ് കോളേജിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. എസ്.എഫ്.ഐ, കെ.എസ്.യു, എ.ഐ.എസ്.എഫ്, എ.ബി.വി.പി എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രത്യേകം നടത്തിയ പ്രകടനങ്ങളെ നിയന്ത്രിക്കാന്‍ പോലീസിന് നന്നേ ബുദ്ധിമുട്ടേണ്ടി വന്നു. രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ കോളേജിലെ ക്ലാസ്മുറികളും പി.ആര്‍.ഒയുടെ ഓഫീസും അടിച്ചു തകര്‍ത്തു. മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനെത്തുടര്‍ന്ന് മാനേജമെന്റിന്റെ ഭാഗത്തു നിന്നുണ്ടായ പീഡനങ്ങളാണ് ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടത്തും. സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍, കോളേജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.