ചിഹ്നത്തിനു വേണ്ടി അച്ഛനും മകനും ; തമ്മില്‍ പ്രശ്‌നമില്ലെന്ന് മുലയം

#

ന്യൂഡല്‍ഹി (09-01-17) : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും തന്റെ മകനുമായ അഖിലേഷ് യാദവും താനും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലയംസിംഗ്. ഒരു വ്യക്തിയാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും ആ പ്രശ്‌നങ്ങള്‍ ഉടന്‍തന്നെ പരിഹരിക്കുമെന്നും മുലയം പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിള്‍ തനിക്ക് അവകാശപ്പെട്ടതാണെന്ന് ന്യൂഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തി കമ്മീഷനു മുന്നില്‍ അവകാശവാദം ഉന്നയിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുലയം. അതേസമയം അഖിലേഷ് യാദവും തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ സൈക്കിള്‍ ചിഹ്നത്തിനു വേണ്ടി അവകാശവാദം ഉന്നയിച്ചു. സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളിലും നിയമസഭാ സമാജികരിലും ബഹുഭൂരിപക്ഷം തന്നോടൊപ്പമാണെന്ന് അഖിലേഷ് കമ്മീഷനു മുന്നില്‍ വാദിച്ചു. സമാജ്‌വാദി പാര്‍ട്ടിയിലെ അച്ഛന്‍-മകന്‍ തര്‍ക്കം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ സാധ്യതകളെക്കുറിച്ചുള്ള കണക്കുകൂട്ടലിനെ ഉദ്വേഗജനകമാക്കി നിലനിര്‍ത്തുകയാണ്.